തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വർഷത്തെ അധ്യാപക തസ്തിക നിർണയം ഒരു വർഷത്തിനു ശേഷം പൂർത്തിയാക്കി ഒടുവിൽ മന്ത്രിസഭ തീരുമാനം. സർക്കാർ മേഖലയിലെ 513 സ്കൂളുകളിലായി 957 അധികതസ്തികകളും 699 എയ്ഡഡ് സ്കൂളുകളിലായി 1368 അധികതസ്തികകളുമാണ് അനുവദിക്കുക. ആകെ 1212 സ്കൂളുകളിൽ 2325 അധ്യാപക, അനധ്യാപക അധികതസ്തികകളാണ് അനുവദിക്കുന്നത്. പ്രതിമാസം 8.47 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ഇതുമൂലം കണക്കാക്കുന്നത്. 2023 ഒക്ടോബര് ഒന്ന് മുതലാണ് പ്രാബല്യം.
നേരത്തേ വിദ്യാഭ്യാസ വകുപ്പ് ഇതു സംബന്ധിച്ച് ഫയൽ കൈമാറിയിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പല തവണ ധനവകുപ്പ് ഇതിൽ തിരുത്തലും സംശയവും ഉന്നയിച്ച് തിരിച്ചയച്ചിരുന്നു. എല്ലാ വർഷവും സ്കൂൾ തുറന്ന് ആറാം പ്രവൃത്തി ദിവസം കുട്ടികളുടെ കണക്കെടുക്കുകയും ജൂലൈ 15 നകം തസ്തിക നിർണയം നടത്തുകയും ചെയ്യണമെന്നതാണ് കേരള വിദ്യാഭ്യാസ ചട്ടത്തിലെ നിഷ്കർഷ. ഇതുപ്രകാരം 2023 ജൂലൈ 14 ന് പുർത്തിയാക്കേണ്ട നടപടിയാണ് ഒരു വർഷം പിന്നിട്ട് ഇപ്പോൾ തസ്തിക നിർണയം അംഗീകരിച്ച് തീരുമാനമായത്. സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം തുടർച്ചയായി രണ്ടാം വട്ടമാണ് തസ്തിക നിർണയം അടുത്ത അധ്യയന വർഷത്തേക്ക് നീളുന്നത്. തൊട്ടു മുൻവർഷത്തേത് (2022-23) കഴിഞ്ഞവർഷമാണ് നിശ്ചയിച്ചത്. ഈ വർഷം ജൂലൈ 15ന് പൂർത്തിയാവേണ്ട തസ്തിക നിർണയം ഇതുവരെ എങ്ങുമെത്തിയിട്ടില്ല.
1368 തസ്തികകൾ എയ്ഡഡ് മേഖലയിൽ അനുവദിച്ചെങ്കിലും ഇത്രയും എണ്ണത്തിലേക്ക് പുതിയ നിയമനം വേണ്ടിവരില്ല. കുട്ടികളുടെ എണ്ണം കുറഞ്ഞത് കാരണം തസ്തിക നഷ്ടപ്പെട്ട നിരവധി പേർ സംരക്ഷിത അധ്യാപകരായി അധ്യാപക ബാങ്കുകളിലുണ്ട്. കുട്ടികളുടെ എണ്ണം കൂടിയതു മൂലം അധിക തസ്തിക ആവശ്യമായി വരുന്ന സ്കൂളുകളിലേക്ക് അധ്യാപക ബാങ്കിൽനിന്ന് വിന്യസിക്കും.
സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങളിൽനിന്നുള്ള അധ്യാപകരെ കുട്ടികളുടെ എണ്ണം ഉയർന്ന, തസ്തിക ആവശ്യമായ സ്കൂളുകളിലേക്ക് പുനർവിന്യസിക്കും. സർക്കാർ, എയ്ഡഡ് മേഖലയിൽ ഇത്തരത്തിലുള്ള പുനർവിന്യാസത്തിന് ശേഷവും കുട്ടികൾ അധികമുള്ള സ്കൂളുകളിലേ പുതിയ നിയമനം ആവശ്യമായി വരൂ. ഈ നിയമനങ്ങളിലാണ് സർക്കാറിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.