തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ പ്രഖ്യാപിച്ച ‘സമദൂര’ നിലപാട് അനുകൂലമാക്കാൻ മുന്നണികൾ. തീരമേഖലയിൽ ലത്തീൻ സമുദായ വോട്ടുകൾ നിർണായകമാണ്. സമദൂരമെന്ന രാഷ്ട്രീയ നിലപാടിൽ നിന്ന് വ്യതിചലിക്കാതെ പ്രശ്നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ സമീപനമാണ് സ്വീകരിക്കുകയെന്ന് സഭാനേതൃത്വം വ്യക്തമാക്കിയിരുന്നു. ദേശീയ രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ് മതേതര ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനുള്ള നിലപാടാണ് തെരഞ്ഞെടുപ്പിൽ സ്വീകരിക്കുകയെങ്കിലും പ്രാദേശിക വിഷയങ്ങളും ലത്തീൻ കത്തോലിക്ക സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളും വോട്ടെടുപ്പിൽ പ്രതിഫലിച്ചേക്കും.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത അവകാശ പത്രിക പുറത്തിറക്കിയിരുന്നു. വിഴിഞ്ഞം തുറമുഖം മൂലമുള്ള തീരശോഷണവും ഭവന-തൊഴിൽ നഷ്ടവും പരിഹരിക്കാൻ നടപടി വേണമെന്നായിരുന്നു ഇതിലെ ഒന്നാമത്തെ ആവശ്യം. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യാഘാതങ്ങൾ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ നിലനിൽപിനു തന്നെ ഭീഷണി ഉയർത്തുന്നെന്നും ചൂണ്ടിക്കാട്ടുന്നു. തീരമേഖലയിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ കാര്യക്ഷമമായ ഇടപെടൽ ഭരണകൂടങ്ങളിൽ നിന്ന് ഉണ്ടാകുന്നില്ലെന്ന പൊതു അഭിപ്രായമാണ് സമുദായ നേതാക്കൾ ഉന്നയിക്കുന്നത്.
തീരദേശ ഹൈവേയടക്കമുള്ള വികസന പദ്ധതികൾ തീരത്തിന്റെ ഉറക്കം കെടുത്തുന്നതാണെങ്കിലും രാഷ്ട്രീയപാർട്ടികൾ ആത്മാർഥ സമീപനം സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. തീരക്കടൽ-ആഴക്കടൽ ഖനനം, സാഗർമാല പദ്ധതി, ടൂറിസം ഹബ്ബുകൾ തുടങ്ങിവയെല്ലാം ആശങ്ക ഉയർത്തുന്നു. ജെ.ബി. കോശി കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, തീരദേശത്തെ ലഹരിവ്യാപനം തടയാൻ നടപടി സ്വീകരിക്കുക, ജാതി സെൻസസ് നടപ്പാക്കുക തുടങ്ങിയ പൊതു ആവശ്യങ്ങളും സമുദായം ഉന്നയിക്കുന്നുണ്ട്. ‘കടൽ കടലിന്റെ മക്കൾക്ക്’ എന്ന പരമ്പരാഗത അവകാശം സംരക്ഷിച്ചുള്ള നിയമ നിർമാണം നടത്തുക, സമുദ്ര-മത്സ്യമേഖലകൾക്കായി കേന്ദ്രത്തിൽ പ്രത്യേക മന്ത്രാലയം രൂപവത്കരിക്കുക എന്നീ നിർദേശങ്ങളും രാഷ്ട്രീയ പാർട്ടികൾക്കുമുന്നിൽ ഇവർ വെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.