തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അടിമുടി മാറിമറിഞ്ഞ് മത്സര ചിത്രം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽനിന്ന് തീർത്തും വ്യത്യസ്തമാണ് പ്രചാരണം അവസാനിക്കുന്ന ഇന്ന് രാഷ്ട്രീയ കേരളത്തിലെ അടിയൊഴുക്കുകൾ. അനായാസ വിജയവും തുടർഭരണവും കൽപിക്കപ്പെട്ട ഇടതുമുന്നണി ഇപ്പോഴും ഒരിഞ്ചു മുന്നിൽ തന്നെ. ബലാബലം മത്സരം നടക്കുന്ന സീറ്റുകളിൽ പകുതിയിലേറെ നേടിയാൽ യു.ഡി.എഫിന് മറികടക്കാനാവുന്ന ദൂരമാണിത്.
ഏതു മുന്നണി അധികാരമേറിയാലും 2016ലെയോ 2006ലെയോ പോലെ ഗംഭീര ഭൂരിപക്ഷത്തോടെയാവില്ല എന്നതാണ് കേരളത്തിലെ 140 മണ്ഡലങ്ങളിൽനിന്നുമുള്ള 'മാധ്യമം' ലേഖകരുടെ വിലയിരുത്തൽ വ്യക്തമാക്കുന്നത്. പല മണ്ഡലങ്ങളിലും ബി.ജെ.പി വോട്ടുകൾ തരാതരംപോലെ ഇരു മുന്നണികൾക്കും മറിഞ്ഞേക്കുമെങ്കിലും 'ഡീൽ' നടപ്പായില്ലെങ്കിൽ ബി.ജെ.പിക്ക് അക്കൗണ്ടില്ലാത്തതാവും നിയമസഭ.
ആകെയുള്ള 140 സീറ്റുകളിലെ 55 മണ്ഡലങ്ങളിൽ ഒരാഴ്ച മുമ്പ് ബലാബലം പോരാട്ടമായിരുന്നെങ്കിൽ ഇപ്പോഴത് 44 മണ്ഡലങ്ങളായി ചുരുങ്ങിയിരിക്കുന്നു. ബാക്കി മണ്ഡലങ്ങളുടെ ചായ്വ് വ്യക്തമാണ്. 49 സീറ്റുകളിൽ ഇടതുമുന്നണി കൊടിനാട്ടിയ മട്ടാണ്. 45 മണ്ഡലങ്ങൾ യു.ഡി.എഫിനെ വരിക്കാനുമൊരുങ്ങുന്നു.
മലബാറിലെയും തിരുവിതാംകൂറിലെയും പരമ്പരാഗത മണ്ഡലങ്ങൾ എൽ.ഡി.എഫ് നിലനിർത്തും. എന്നാൽ, മലപ്പുറത്തും മധ്യകേരളത്തിലുമുണ്ടാക്കുന്ന മുന്നേറ്റം യു.ഡി.എഫിന് കരുത്താകും. കോൺഗ്രസ് അവതരിപ്പിച്ച യുവ സ്ഥാനാർഥികൾ എതിരാളികൾക്ക് കനത്ത മത്സരമാണ് നൽകുന്നത്.
വികസനത്തുടർച്ച മുദ്രാവാക്യത്തിന് ആദ്യഘട്ടത്തിൽ ലഭിച്ച സ്വീകാര്യത അതേ ഗതിയിൽ നിലനിർത്താൻ എൽ.ഡി.എഫിന് കഴിയുന്നില്ല. എന്നാൽ, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം, കാര്യക്ഷമമായ പെൻഷൻ, കിറ്റ് വിതരണം എന്നിവ ജനമനസ്സിലുണ്ട്. ആഴക്കടൽ ട്രോളർ വിവാദവും വോട്ടർ പട്ടികയിലെ ഇരട്ടിപ്പുമെല്ലാം സർക്കാറിനെതിെര മൂർച്ചയേറിയ പ്രചാരണായുധമാക്കാൻ യു.ഡി.എഫിനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഏശാതെപോയ സ്വർണക്കടത്ത് വിവാദവും ഇക്കുറി കത്തുന്നു.
പ്രധാനമന്ത്രിയുൾപ്പെടെ ദേശീയ നേതാക്കളുടെ വരവ് ബി.ജെ.പി അണികളിൽ ആവേശം പാരമ്യത്തിലെത്തിച്ചെങ്കിലും മതേതര വിശ്വാസികളുടെയും ന്യൂനപക്ഷ വോട്ടുകളുടെയും ഏകീകരണത്തിന് ഇത് വഴിവെച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ സജീവമാണെന്നതും അവരുടെ സാധ്യതയെ ഇല്ലാതാക്കുന്നു.
140 മണ്ഡലങ്ങളെയും ജില്ല തിരിച്ചുള്ള അവലോകനങ്ങൾക്ക് താഴത്തെ ലിങ്കുകൾ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: ആത്മവിശ്വാസത്തിൽ എൽ.ഡി.എഫ്; ഒപ്പംപിടിച്ച് യു.ഡി.എഫ്
കൊല്ലം ഉറപ്പിക്കാൻ ഇടത്; തിരികെ വരാൻ യു.ഡി.എഫ്
പത്തനംതിട്ടയിൽ എൽ.ഡി.എഫിന് അടിതെറ്റും; ഉറപ്പിക്കുന്നത് ഒന്ന് മാത്രം
ഇടുക്കി; ബലാബലത്തിന്റെ പവർഹൗസ്
കോട്ടയം: പ്രതീക്ഷയിൽ ഇടതുമുന്നണി; അതിജീവന പോരാട്ടവുമായി യു.ഡി.എഫ്
ആലപ്പുഴ: ചെങ്ങന്നൂരും മാവേലിക്കരയും എൽ.ഡി.എഫിന് ഉറപ്പ്, ഹരിപ്പാട് യു.ഡി.എഫിനും
തൃശൂരിൽ എൽ.ഡി.എഫിന് മുൻതൂക്കം
മലപ്പുറം: പച്ചത്തുരുത്ത് ഇളകില്ല; കോൺഗ്രസ് നില മെച്ചപ്പെടുത്തും
പാലക്കാട് ചില മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം
കോഴിക്കോട് എൽ.ഡി.എഫിന് മേൽക്കൈ; യു.ഡി.എഫ് നില മെച്ചപ്പെടുത്തും
വയനാട്: ഇരുമുന്നണികളിലും പ്രതീക്ഷക്കിടെ ആശങ്ക പരക്കുന്നു
കണ്ണൂർ: യു.ഡി.എഫ് നില അൽപം മെച്ചപ്പെടുത്തി നാലു നേടിയേക്കാം
കാസർകോട്: യു.ഡി.എഫ് രണ്ട്, എൽ.ഡി.എഫ് മൂന്ന് എന്ന സ്ഥിതി തുടരും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.