തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഒാഫിസിനെയും സർക്കാറിനെയും പ്രതിക്കൂട്ടിലാക്കുന്ന എൻ.െഎ.എ വെളിപ്പെടുത്തലിനു പിന്നാലെ സി.പി.െഎ- സി.പി.എം ഉഭയകക്ഷി ചർച്ച വെള്ളിയാഴ്ച. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
രാജ്യസഭ സീറ്റ് നിർണയത്തിനും കോവിഡ് പ്രതിരോധം വിലയിരുത്താനും എൽ.ഡി.എഫ് സംസ്ഥാന സമിതി ശനിയാഴ്ച ചേരുകയാണ്. അവിടെ സ്വർണക്കടത്ത് ചർച്ചയാവില്ലെങ്കിലും ഉഭയകക്ഷി ചർച്ചയിൽ കേരളത്തെ ഇളക്കി മറിക്കുന്ന രാഷ്ട്രീയ വിവാദത്തിലെ ആശങ്ക സി.പി.െഎ ശ്രദ്ധയിൽപെടുത്തും.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിലെ ആരോപണ വിധേയയും തമ്മിലുള്ള വഴിവിട്ട ബന്ധത്തിെൻറ വിവരങ്ങൾ ഒാരോ ദിവസവും പുറത്ത് വരുന്നതും മുഖ്യമന്ത്രിയെ സംശയനിഴലിലാക്കുന്ന വാദം എൻ.െഎ.എയുടെ ഭാഗത്തുനിന്ന് വരുന്നതും തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാവുമോ എന്ന ആശങ്ക സി.പി.െഎക്കുണ്ട്.
എം.പി. വീരേന്ദ്ര കുമാറിെൻറ മരണത്തോടെ ഒഴിവു വന്ന രാജ്യസഭാ സീറ്റിൽ എൽ.ജെ.ഡി താൽപര്യം പ്രകടിപ്പിച്ചതും തദ്ദേശ തെരഞ്ഞെടുപ്പുമാവും എൽ.ഡി.എഫിലെ പ്രധാന അജണ്ട. നേരത്തേ സി.പി.എം നേതൃത്വത്തെ കണ്ട് താൽപര്യം അറിയിച്ച എൽ.ജെ.ഡി സ്ഥാനാർഥിയായി സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ് കുമാറിെൻറ പേരാണ് നിർദേശിക്കുന്നത്.
വെള്ളിയാഴ്ച സംസ്ഥാന സെക്രേട്ടറിയറ്റിനു ശേഷം നിലപാട് അറിയിക്കാമെന്നു പറഞ്ഞ സി.പി.എം അനുകൂല സൂചനയാണ് നൽകുന്നത്. ശേഷിക്കുന്ന കാലാവധിയിൽ പെൻഷൻ അടക്കം ആനുകൂല്യം ലഭിക്കില്ല. തുടർകാലത്ത് അവകാശവാദമില്ലാതെ ഒറ്റ തവണത്തേക്ക് അനുവദിക്കാനാണ് സി.പി.എം ആലോചന. വ്യാഴാഴ്ച കാനം രാജേന്ദ്രനെ എൽ.ജെ.ഡി നേതാവ് ഷെയ്ഖ് പി. ഹാരീസ് സന്ദർശിച്ചു.
കടിച്ചുതൂങ്ങാൻ നിൽക്കാതെ മുഖ്യമന്ത്രി രാജിവെക്കണം –ചെന്നിത്തല
തിരുവനന്തപുരം: സ്വർണക്കടത്തുകേസ് പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഒാഫിസുമായി അടുത്ത ബന്ധമെന്ന എൻ.െഎ.എ കണ്ടെത്തലിെൻറ പശ്ചാത്തലത്തിൽ അധികാരത്തിൽ കടിച്ചുതൂങ്ങാൻ നിൽക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എൻ.െഎ.എ കണ്ടെത്തലോടെ തുടക്കംമുതൽ പ്രതിപക്ഷം പറഞ്ഞതെല്ലാം ശരിെയന്ന് വ്യക്തമായിരിക്കുന്നു. മുഖ്യമന്ത്രിയുടെ രാജിയും സി.ബി.െഎ അന്വേഷണവും ആവശ്യപ്പെട്ട് 10ാം തീയതി ബൂത്ത്തലത്തിൽ സത്യഗ്രഹം നടത്തും - ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി ഉടൻ രാജിവെക്കണം –കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ട് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച സ്ഥിതിക്ക് മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. രാജ്യദ്രോഹക്കേസിൽ പ്രതിയായ ആൾക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ വലിയ സ്വാധീനമുള്ളതായി എൻ.ഐ.എ പറഞ്ഞത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.