കോഴിക്കോട്: കോഴിക്കോട് പതിവുതെറ്റിച്ചില്ല. ചരിത്രപരമായി എൽ.ഡി.എഫിന് മേൽക്കൈയുള്ള ജില്ലയിൽ 2016ലെ പോലെ 13ൽ 11 മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിക്കാൻ ഇടതുമുന്നണിക്കായി. കൊടുവള്ളി എം.കെ. മുനീറിലൂടെ മുസ്ലിം ലീഗ് തിരിച്ചുപിടിച്ചതും വടകര ആർ.എം.പിയുടെ കെ.കെ. രമയിലൂടെ പിടിച്ചെടുത്തതും മാത്രമാണ് യു.ഡി.എഫിെൻറ ആശ്വാസം. പകരം, സിറ്റിങ് സീറ്റുകളായ കുറ്റ്യാടിയും കോഴിക്കോട് സൗത്തും ലീഗിന് നഷ്ടമാവുകയും ചെയ്തു. കോൺഗ്രസ് ജില്ലയിൽ വീണ്ടും 'പൂജ്യ'രായി.
കോഴിക്കോട് സൗത്ത് ഐ.എൻ.എൽ സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിലൂടെയും പരസ്യ പ്രതിഷേധങ്ങളിലൂടെ പാർട്ടി പ്രവർത്തകർ നേതൃത്വത്തെ തിരുത്തി പിടിച്ചുവാങ്ങിയ കുറ്റ്യാടി കെ.പി. കുഞ്ഞമ്മദ് കുട്ടിയിലൂടെയും തിരിച്ചുപിടിക്കാനായത് എൽ.ഡി.എഫ് വിജയത്തിെൻറ തിളക്കം കൂട്ടി. മുസ്ലിം ലീഗിെൻറ പാറക്കൽ അബ്ദുല്ല പൊരുതിയെങ്കിലും 333 വോട്ടിനാണ് കുറ്റ്യാടിയിൽ അടിയറവുപറഞ്ഞത്.
കോഴിക്കോട് നോർത്ത്, ബേപ്പൂർ, ബാലുശ്ശേരി, കുന്ദമംഗലം, പേരാമ്പ്ര, നാദാപുരം, എലത്തൂർ മണ്ഡലങ്ങളിലും തകർപ്പൻ വിജയമാണ് എൽ.ഡി.എഫിനുണ്ടായത്. യു.ഡി.എഫ് പ്രതീക്ഷ വെച്ചുപുലർത്തിയ തിരുവമ്പാടിയും കൊയിലാണ്ടിയും നിലനിർത്താനായതും എൽ.ഡി.എഫിന് നേട്ടമായി.
2016ൽ രണ്ട് സീറ്റുകൾ നേടി യു.ഡി.എഫിെൻറ മാനംകാത്ത മുസ്ലിം ലീഗിന് രണ്ട് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടത് വൻ തിരിച്ചടിയായി. കോഴിക്കോട് സൗത്തിൽനിന്ന് കൂടുമാറി എത്തി എം.കെ. മുനീർ കൊടുവള്ളി പിടിച്ചപ്പോഴാണ് സിറ്റിങ് സീറ്റായ സൗത്ത് കക്ഷത്തുനിന്ന് നഷ്ടപ്പെട്ടത്. ലീഗിെൻറ വനിത പരീക്ഷണമായ നൂർബിന റഷീദാണ് ഇവിടെ പരാജയപ്പെട്ടത്. യു.ഡി.എഫ് മണ്ഡലമെന്ന് അറിയപ്പെടുന്ന തിരുവമ്പാടിയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെപ്പോലെ സ്വന്തം വോട്ടുകൾ ഏകീകരിക്കാനാവാതെ ലീഗിെൻറ സി.പി. ചെറിയ മുഹമ്മദിനും അടിപതറി. വടകരയിൽ ആർ.എം.പി.ഐയുടെ കെ.കെ. രമയെ മത്സരിപ്പിച്ച് തകർപ്പൻ ജയം നേടാനായതിൽ യു.ഡി.എഫിന് സമാധാനിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.