പാലക്കാട്: കച്ചവടത്തിൽ അൽപം കള്ളമൊക്കെയാവാമെന്ന് പറയാറുണ്ടെങ്കിലും കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത നല്ല ഭൂതകാലം സ്വപ്നം കാണാത്തവർ ആരുണ്ട്? അളവും തൂക്കവും ഡിജിറ്റലായപ്പോൾ അൽപം ആശ്വാസമുണ്ടെങ്കിലും ‘അതുക്കും മേലെ’യാണ് ചിലരുടെ വിരുതെന്ന് ലീഗൽ മെട്രോളജി അധികൃതർ തന്നെ പറയുന്നു. പതിറ്റാണ്ടുകളോളം പഴകിയതും തോന്നുന്നപോലെ പ്രവർത്തിക്കുന്നതുമായ ത്രാസുകൾ ഉപയോഗിക്കുന്ന ചെറുകിട വ്യാപാരികൾ തുടങ്ങി പെട്രോൾ പമ്പുകളിൽ ഇന്ധനവില കൃത്രിമമായി കൂട്ടി കൊള്ളലാഭം ഈടാക്കുന്നവർ വരെയായി ആ പട്ടിക നീളും.
വില മുതൽ അളവുവരെയായി പെട്രോൾ-ഡീസൽ പമ്പുകളിൽനിന്ന് പരാതികൾക്ക് ഒട്ടും കുറവല്ല. ജില്ലയിൽ പ്രതിമാസം 15പരാതികളെങ്കിലും അധികൃതരുടെ മുന്നിൽ ഇത്തരത്തിൽ എത്താറുണ്ട്. പരിശോധന സമയത്ത് കാര്യമായൊന്നും കണ്ടെത്താൻ കഴിയാറില്ലെന്ന് ലീഗൽ മെട്രോളജി പാലക്കാട് അസി. കൺട്രോളർ ജോൺ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇന്ധനത്തിന്റെ അളവ് അധികൃതരുടെ നേതൃത്വത്തിൽ കാലിബറേറ്റ് ചെയ്യുമെങ്കിലും കാലപ്പഴക്കവും സാങ്കേതികപ്പിഴവുമൊക്കെയാവും പലപ്പോഴും വില്ലനാവുക. പ്രതിദിനം അളവ് പരിശോധിച്ച് മാറ്റമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഉടമകൾക്ക് നിർദേശമെങ്കിലും പലരും ഇത് കാര്യമാക്കാറില്ല.
പ്രതിദിനം മാറുന്ന വില ഓട്ടോമാറ്റിക് അപ്ഡേറ്റ് ചെയ്യുന്ന സംവിധാനം പഴയ പല പമ്പുകളിലുമില്ല. പലയിടത്തും വിൽക്കുന്ന ലൂബ്രിക്കൻറിനും ഓയിലിനും തോന്നുന്ന വിലയാണെന്ന് ഓട്ടോഡ്രൈവർമാരടക്കം സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം സാഹചര്യങ്ങളിൽ പമ്പുകളിൽ ലീഗൽ മെട്രോളജി സാക്ഷ്യപ്പെടുത്തിയ അളവുപാത്രത്തിൽ എണ്ണ പരിശോധിക്കാനും ഫിൽട്ടർ പേപ്പർ ടെസ്റ്റിന് ആവശ്യപ്പെടാനും ഉപഭോക്താവിന് അവകാശമുണ്ടെന്ന് ലീഗൽ മെട്രോളജി അസി. കൺട്രോളർ പറഞ്ഞു. പമ്പുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന സെയിൽസ് ഓഫിസറെ പരാതി അറിയിക്കാനും സാധിക്കും. ഇതോടൊപ്പം ലീഗൽ മെട്രോളജിയെയും സമീപിക്കാം.
ഏതാനും വർഷങ്ങൾക്ക് മുമ്പ് പാലക്കാട് നഗരത്തിലെ പച്ചക്കറിക്കടയിൽ 100 ഗ്രാമിന്റെ കട്ടിക്ക് പകരം സമാനതൂക്കമുള്ളതെന്ന് അവകാശപ്പെടുന്ന ഉരുളക്കിഴങ്ങാണ് ഉദ്യോഗസ്ഥർക്ക് കാണാൻ കഴിഞ്ഞത്. ചായപ്പൊടിയുടെ പാക്കറ്റും കരിങ്കല്ലുമൊക്കെ യഥാസമയം അളവുപകരണങ്ങളായി അവതരിച്ചിരുന്ന കാലത്തിന് കാര്യമായ മാറ്റമുണ്ടെന്ന് അധികൃതർ പറയുന്നു. വലിയങ്ങാടി മാർക്കറ്റിൽ തെരുവുകച്ചവടക്കാരുടേതടക്കം പലരുടെയും ത്രാസുകൾ അധികൃതർ സാക്ഷ്യപ്പെടുത്താത്തതാണ്. പലപ്പോഴും ഇവയിലെ തൂക്കം തോന്നുംപടിയും.
പരിധിക്കപ്പുറം ചലിക്കാത്ത തുലാസുകൾക്ക് ഇലക്ട്രോണിക് തുലാസുകളുടെ വരവോടെ കടിഞ്ഞാണിട്ടെങ്കിലും ഇവയിലും കൃത്രിമം ആവാമെന്ന് കണ്ടുപിടിച്ചവരുമുണ്ട്. തൂക്കാനുള്ള സാധനങ്ങൾ തുലാസിൽ വെക്കുന്ന ചെറുപാത്രം തുലാസിന്റെ നടുവിൽ വക്കാതെ വശങ്ങളിലേക്ക് വച്ചും അളവിൽ കൃത്രിമം കാണിച്ചുമൊക്കെ ഇലക്ട്രോണിക് ത്രാസുകളെയും പറ്റിക്കുന്നവരുണ്ട്. ചിലയിടങ്ങളിൽ വലിയ ചരക്കുകൾ തൂക്കാനുപയോഗിക്കുന്ന പ്ലാറ്റ്ഫോം സ്കെയിലുകളിലാണ് ചെറുകിട ഉപഭോക്താക്കൾക്കടക്കം സാധനങ്ങൾ തൂക്കി നൽകുക.
മാത്രമല്ല, അവശ്യമരുന്നുകളുടെ വിലപോലും മായ്ച്ചെഴുതുന്നവർ ജില്ലയിലുണ്ട്. പാക്കറ്റുകളിലും മറ്റും പരമാവധി ചില്ലറ വിൽപനവില പ്രിൻറ് ചെയ്തതിന് മുകളിൽ കൂടിയ വിലയെഴുതിയ സ്റ്റിക്കറുകൾ പതിപ്പിക്കുകയായിരുന്നു മുമ്പെങ്കിൽ ഇന്ന് വിലമായ്ക്കാനും മാറ്റാനുമുള്ള ഹൈടെക് വിദ്യകൾ പലരും പഠിച്ചുവെച്ചിട്ടുണ്ട്.
ഇത്തരത്തിൽ മാറ്റം വരുത്തിയ വിലയുമായി ഓട്ടോമൊബൈൽ പാർട്സുകൾ വിൽപനക്കെത്തിച്ച കടയെ സംബന്ധിച്ച പരാതി ലീഗൽ മെട്രോളജി അധികൃതർക്ക് മുന്നിലെത്തിയിരുന്നു. സ്വർണക്കടകളിലാകട്ടെ തട്ടിപ്പുനടക്കുന്നത് പ്രധാനമായും കല്ലുകൾ പതിച്ച ആഭരണങ്ങളിലാണ്. കല്ലുകളുടെ തൂക്കം കുറച്ച് കാണിച്ചും സ്വർണം തൂക്കം കൂട്ടിക്കാണിച്ചും ഉപഭോക്താക്കളെ ‘ചുരണ്ടുന്ന’ വിരുതൻമാർ നിരവധിയാണെന്ന് അധികൃതർ തന്നെ പറയുന്നു.
മിക്കകേന്ദ്രങ്ങളിലും അധികൃതർ പരിശോധനക്കെത്തുന്നതറിഞ്ഞാൽ ഉടൻ പുതിയതോ നിയമാനുസൃതമായതോ ആയ അളവുപകരണങ്ങൾ എത്തിച്ച് തടിതപ്പും. പിടികൂടിയ തുലാസുകൾ പിഴയൊടുക്കി തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടാൽ വർഷങ്ങളോളം മുദ്രവെക്കാത്തവക്ക് പുതുക്കാനുള്ള തുകയുടെ ഇരട്ടിയും രണ്ടായിരം രൂപ പിഴയുമാണ് നൽകേണ്ടിവരുക. അതിനാൽ തന്നെ വഴിയോരക്കച്ചവടക്കാർ തുലാസ് അധികൃതർക്ക് നൽകി പുതിയത് വാങ്ങും. ലൈസൻസോ മേൽവിലാസമോ ഇല്ലാത്തവർക്കെതിരെ തുടർനടപടിയെടുക്കാനാവാതെ അധികൃതർ കുഴങ്ങും.
ഉൽപന്നങ്ങൾ പാക്കുചെയ്ത് വിപണിയിൽ എത്തിക്കുന്ന ചെറുകിട ഉൽപാദകർ പഞ്ചായത്ത് ലൈസൻസ് അനുവദിച്ച് അന്നുമുതൽ പാക്കേജ് രജിസ്ട്രേഷൻ എടുക്കേണ്ടതുണ്ട്. പലരും മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാവും ഇത് അറിയുക. അപ്പോഴേക്കും വലിയ തുക അടക്കേണ്ടതായുമുണ്ടാകും. ഇതാണ് പലരെയും രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുക. പിന്നീട് അധികൃതർ പരിശോധനക്കെത്തുന്നതോടെ പുലിവാലുപിടിച്ച അവസ്ഥയാവും.
അളവിലും തൂക്കത്തിലും കൃത്രിമം ബോധ്യപ്പെട്ടാൽ ഉടൻ പരാതി നൽകണമെന്നാണ് ലീഗൽ മെട്രോളജി വകുപ്പ് അധികൃതർ ആവശ്യപ്പെടുന്നത്. ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: ഡെപ്യൂട്ടി കൺട്രോളർ : 8281698085, ഫ്ലയിങ് സ്ക്വാഡ് : 8281698092. ഓഫീസ്: 04912505268.
- ആകെ നടത്തിയ പരിശോധനകൾ -4200
- രജിസ്റ്റർ ചെയ്ത കേസുകൾ -1401
- ആകെ ഈടാക്കിയ പിഴ-20,33500
- പാക്കുചെയ്ത ഉൽപന്നങ്ങളിൽ അളവും വിവരവുമില്ലാതെ
- രജിസ്റ്റർ ചെയ്ത കേസുകൾ - 184
- പിഴയായി ഈടാക്കിയത് - 14,40000
- ഉൽപന്നങ്ങളിൽ തൂക്കം വെട്ടിപ്പ് - ഏഴ് കേസുകൾ
- പിഴയായി ഈടാക്കിയത് - 80,000
- എം.ആർ.പിയിലും അധികതുക ഈടാക്കിയതിന്- മൂന്ന് കേസുകൾ
- പിഴ ഈടാക്കിയത് -15,000 രൂപ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.