‘നിപ’ രോഗബാധ സ്ഥിരീകരിച്ചതിെൻറ ഒന്നാം വർഷം പൂർത്തിയാകുേമ്പാൾ മറ്റൊരു ‘നിപ ബാ ധ’യുണ്ടായിട്ടില്ലാത്ത കേരളത്തിൽ എപ്പോൾ വേണമെങ്കിലും ഇത്തരം എമർജിങ് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഉഷ്ണമേഖല പ്രദേശത്ത് കിടക്കുന്ന സംസ് ഥാനത്തിെൻറ ഭൂപ്രകൃതിയും കാലാവസ്ഥയും ആവാസ വ്യവസ്ഥയും ജനങ്ങളുടെ ജീവിതശൈലികള ും ഇതിന് അനുകൂലമാണ്. നിപ അനുഭവം നമുക്ക് കുറേ നല്ല പാഠങ്ങൾ പഠിപ്പിച്ചിട്ടുണ്ട്.
ഒരേ വീട്ടിലെ സഹോദരങ്ങൾ 12 ദിവസത്തെ ഇടവേളകളിൽ മേയ് 18ന് ‘മസ്തിഷ്ക ജ്വര’ ലക്ഷണ ങ്ങളോടെ മരിച്ചപ്പോൾതന്നെ ചികിത്സകർ സംശയിച്ച് രക്തസാമ്പിളുകൾ ശേഖരിച്ച് പരിശ ോധനക്കയച്ചതും രോഗം ‘നിപ’യാണെന്ന് തിരിച്ചറിഞ്ഞതും തുടർ പ്രവർത്തനങ്ങളെ നന്നായ ി സഹായിച്ചു. ഇതിെൻറ ഇടവേളയിൽ രണ്ടുദിവസം രോഗം എന്താണെന്നറിയാതെ ഊഹാപോഹങ്ങളിൽ ഡ ോക്ടർമാർ അടക്കമുള്ള കേരള സമൂഹം പകച്ചുപോയിരുന്നു.
സാമ്പിളുകൾ രോഗ നിർണയ ത്തിനായി 300 കി.മീറ്റർ അപ്പുറത്തുള്ള അയൽസംസ്ഥാനത്തെ മണിപ്പാലിലുള്ള വൈറൽ ലബോറട്ടറിയിലേക്ക് അയക്കേണ്ടിവന്നതിലെ വൈഷമ്യം തിരിച്ചറിഞ്ഞിരുന്നു. ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പുതന്നെ തിരുവനന്തപുരത്ത് വൈറോളജി ലാബ് നിർമിച്ച് ഉദ്ഘാടനം ചെയ്തിട്ടുണ്ട്.
അന്താരാഷ്ട്ര പ്രാധാന്യമുള്ള വിരള രോഗമായതിനാൽ മണിപ്പാലിലെ രോഗനിർണയത്തിന് പുറമെ സർക്കാറിന് കീഴിലുള്ള പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ഥിരീകരണ ശേഷമാണ് മാനദണ്ഡങ്ങൾ അനുസരിച്ച് ‘നിപ’ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. കേന്ദ്ര സർക്കാർ ഏജൻസികൾ ഉടൻ വിവരം ലോകാരോഗ്യ സംഘടനയുടെ പകർച്ചവ്യാധി നിയന്ത്രണ വിഭാഗത്തെ അറിയിക്കുകയും അതനുസരിച്ച് നമുക്ക് അവരുടെയും വിവിധ ലോകരാജ്യങ്ങളുടെയും സാങ്കേതിക സഹായങ്ങൾ ലഭിക്കുകയും ചെയ്തു.
മേയ് അഞ്ചിന് മരിച്ച സാബിത്തിെൻറ മരണകാരണം നേരത്തെ തിരിച്ചറിയപ്പെട്ടിരുന്നുവെങ്കിൽ രോഗത്തെ അവിടം കൊണ്ടുതന്നെ തളക്കാമായിരുന്നു. നമ്മുടെ രാജ്യത്ത് രോഗം നിർണയിക്കപ്പെടാതെയാണ് മിക്ക ‘പനി മരണ’ങ്ങളും സംഭവിക്കുന്നത്. നിപയോടനുബന്ധിച്ച് കഴിഞ്ഞ ഒരുവർഷത്തിനിടയിൽ ധാരാളം ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷ്ട്ര മെഡിക്കൽ ജേണലുകളിൽ പ്രസിദ്ധീകരിച്ചത് വൈദ്യവിജ്ഞാനത്തെ പോഷിപ്പിച്ചിട്ടുണ്ട്.
നിപയെ തുടർന്നാണ്, വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ ഒരുക്കിയ ‘ഐസൊലേഷൻ വാർഡിെൻറ’ ആവശ്യകതയും ഒ.പികളിൽ പ്രത്യേക പനി ക്ലിനിക്കുകൾ വേണമെന്നതും സംബന്ധിച്ച് വിദഗ്ധർക്ക് കൂടുതൽ ബോധ്യമുണ്ടായത്. ആശുപത്രിജന്യ രോഗങ്ങൾ, അത് തടയാൻ ശരിയായ അണുബാധ നിയന്ത്രണ നടപടികൾ, ബാരിയർ നഴ്സിങ്, ആശുപത്രി ജീവനക്കാരുടെയും കൂട്ടിരുപ്പുകാരുടെയും വ്യക്തിസുരക്ഷ നടപടികൾ (മാസ്ക്, കൈയുറകൾ, അകലം തുടങ്ങിയവ), ആശുപത്രി മാലിന്യങ്ങൾ ശരിയായി നിർമാർജനം ചെയ്യേണ്ടതിെൻറ ആവശ്യകത തുടങ്ങിയവയെക്കുറിച്ച താക്കീതുകൾ ‘നിപ’ തന്നു. ഇതിനായി രോഗികളെ പരിചരിക്കുന്ന ആശുപത്രി ജീവനക്കാരുടെയും കൂട്ടിരിപ്പുകാരുടെയും സന്ദർശകരുടെയും ജീവൻ കവർന്നെടുത്താണ് ‘നിപ’ പോയത്.
നിപക്ക് ശേഷം മാത്രമാണ് പ്രാദേശികമായി വാർഡ് തലത്തിൽതൊട്ട് പ്രവർത്തിച്ചുവരുന്ന സമഗ്ര രോഗനിരീക്ഷണ പദ്ധതിയെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരാെയന്നതും ഇത് കൂടൂതൽ കാര്യക്ഷമത നേടിയതും. ഇതിെൻറ ഫലമായി സംസ്ഥാനത്ത് ഇപ്പോൾ രോഗനിരീക്ഷണ സംവിധാനം മുമ്പത്തേക്കാൾ സമയബന്ധിതമായി പ്രവർത്തിക്കുന്നതിനാലാണ് ‘വെസ്റ്റ്നൈൽ അമീബിക് മെനിഞ്ചൈറ്റിസ്’ പോലുള്ള രോഗങ്ങൾ തിരിച്ചറിയാനാകുന്നതും ഉചിത നടപടികളെടുക്കാൻ സാധിക്കുന്നതും.
ഏറ്റവും കൂടുതൽ നിപ രോഗികളെ ചികിത്സിച്ച് രണ്ടുപേരെ രോഗമുക്തമാക്കിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരും നഴ്സുമാരും ആശുപത്രി ജീവനക്കാരും പ്രത്യേകം പ്രശംസയർഹിക്കുന്നു. ഇതിന് നേതൃത്വം നൽകിയ പ്രിൻസിപ്പലിനെ സംസ്ഥാനം അവാർഡ് നൽകി ആദരിച്ചിരുന്നു.
നിപ ഉറവിടത്തെക്കുറിച്ച് തെറ്റായ പ്രതിലോമ പ്രചാരണങ്ങൾ ഉണ്ടായെങ്കിലും ജനങ്ങൾ ഇതിനെ ചെവിക്കൊണ്ടില്ല. രോഗിയുടെ സമ്പർക്കത്തിലൂടെ മാത്രം പകരുന്ന രോഗത്തെ ഭയന്നുള്ള അനാവശ്യ ഭീതി നമുക്ക് അഭികാമ്യമല്ല. രോഗഭീതിയാൽ അനാവശ്യമായി ഉപയോഗിച്ച മാസ്കുകൾ പെറുക്കിനീക്കലിന് പൊതുഇടങ്ങളിൽ മറ്റൊരു യജ്ഞം വേണ്ടിവന്നത് മറക്കുന്നില്ല. ഇപ്പോൾ തിരിച്ചുവരുന്ന പല രോഗങ്ങളും മൃഗങ്ങളിൽനിന്നും ഉത്ഭവിച്ചതായതിനാൽ മനുഷ്യരും മൃഗങ്ങളും പ്രകൃതിയും തമ്മിലെ പാരസ്പര്യത്തിലാണ് മനുഷ്യരുടെ ആരോഗ്യമെന്നതും രോഗനിർണയത്തിന് ‘One Health’ സമീപനം വേണമെന്ന തിയറിയും നിപയിൽ തിരിച്ചറിഞ്ഞ് പ്രാവർത്തികമാക്കി.
പനിലക്ഷണമുള്ളപ്പോൾ വേണ്ട പെരുമാറ്റ മര്യാദകളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരായിട്ടുണ്ട്. ഇത് ഭാവിയിൽ മറ്റു രോഗപ്പകർച്ചകളുടെ വ്യാപനം കുറക്കാൻ സഹായിച്ചേക്കും. രോഗപ്പകർച്ച സാധ്യത തിരിച്ചറിഞ്ഞ് മതവിശ്വാസ പ്രകാരമുള്ള മരണാനന്തര ചടങ്ങുകൾ നടത്താതിരുന്നതും പ്രിയപ്പെട്ടവരുടെ ശരീരം വീട്ടിലെത്തിക്കാതെ രോഗനിയന്ത്രണ പ്രോട്ടോകോൾ പ്രകാരം പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ വിട്ടുനൽകിയതും കേരളത്തിെൻറ നേട്ടമാണ്. ഇതിന് വിവിധ മതസ്ഥരും രാഷ്ട്രീയ പാർട്ടികളും സഹകരിച്ചു.
അപ്രതീക്ഷിതമായ മഹാപ്രളയംപോലെ തന്നെ നിപയും കേരളീയർക്ക് ‘നല്ലപാഠങ്ങൾ’ നൽകി കൊലവിളിയോടെയാണ് കടന്നുപോയത്. ഇനി മുന്നറിയിപ്പില്ലാതെ വരുമെന്ന താക്കീതോടെ. ഇനിയൊരുനാൾ ആകസ്മികമായി നിപ കടന്നുവന്നാൽ നേരിടാനുള്ള പടയൊരുക്കത്തിന് നമ്മുടെ ആരോഗ്യമേഖല സജ്ജമായിട്ടുണ്ടോ എന്നൊരു വീണ്ടുവിചാരം ഒന്നാം വാർഷികത്തിൽ നടത്തുന്നത് നന്നായിരിക്കും.
(അഭിപ്രായങ്ങൾ വ്യക്തിപരം)
(കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അഡീഷനൽ പ്രഫസറാണ് ലേഖകൻ )
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.