ആലപ്പുഴ: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപ്രശ്നങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രാവിലെ 11 മുതല്‍ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം എല്ക്കുന്നത് ഒഴിവാക്കുക, നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം ചെറിയ കുപ്പിയില്‍ കരുതുക, നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളുണ്ട്.
ഒ.ആര്.എസ്, ലെസി, ബട്ടര്‍ മില്‍ക്ക്, നാരങ്ങ വെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തിവസ്ത്രങ്ങള്‍ ധരിക്കുക. പുറത്തേക്ക് ഇറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക. ചൂട് പരമാവധിയില്‍ എത്തുന്ന നട്ടുച്ചക്ക് പാചകത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ചസമയത്ത് സുരക്ഷിതരാണെന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന വസ്ത്രധാരണമാണ് വേണ്ടത്. യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരാം.
നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങി പുറംവാതില്‍ ജോലിയില്‍ ഏര്‍പ്പെടുന്നവരും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവരും ജോലിസമയം ക്രമീകരിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാർഥികള്‍ക്ക് ശുദ്ധജലലഭ്യത ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.
പരീക്ഷ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ വാട്ടര്‍ കിയോസ്കുകളില്‍ വെള്ളം ഉറപ്പുവരുത്തണം. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം.
അസ്വസ്ഥത ഉണ്ടായാല്‍ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. സൂര്യാതപമേറ്റവരെ കട്ടിലിലോ തറയിലോ കിടത്തി ഫാന്‍ ഉപയോഗിച്ചോ വിശറികൊണ്ട് വീശിയോ കാറ്റ് ലഭ്യമാക്കുക, നനഞ്ഞ തുണികൊണ്ട് ശരീരം തുടക്കുക, വെള്ളവും ദ്രവരൂപത്തിലുള്ള ആഹാരവും കൊടുക്കുക. ശരീരം തണുപ്പിക്കുകയും വേണം. ഉടൻ വൈദ്യസഹായവും എത്തിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.