തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ നിന്നും വിട്ടുപോയ അര്‍ഹരായ ഗുണഭോക്താക്കൾക്ക് പദ്ധതിയിൽ ഉൾപ്പെടാനായി ഇന്ന് മുതൽ അപേക്ഷിക്കാം. ആഗസ്റ്റ് 14 വരെ അപേക്ഷ സമര്‍പ്പിക്കാം. www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
നിലവില്‍ വീട് ഇല്ലാത്തവരും സ്വന്തമായി വീട് നിർമിക്കാന്‍ ശേഷിയില്ലാത്തവരുമായ കുടുംബങ്ങളെ മാത്രമാണ് ലൈഫ് മിഷനിലൂടെ പരിഗണിക്കുന്നത്. മാര്‍ഗ്ഗരേഖയില്‍ പരാമര്‍ശിക്കുന്ന ഏഴ് അര്‍ഹതാ മാനദണ്ഡങ്ങള്‍ പരിശോധിച്ച് യോഗ്യതയുണ്ടെന്ന് ഉറപ്പാക്കി വേണം അപേക്ഷിക്കാൻ.
ഒരു റേഷന്‍ കാര്‍ഡിലെങ്കിലും പ്രത്യേകം കുടുംബമായി കഴിയുന്ന പട്ടികജാതി / പട്ടികവര്‍ഗ്ഗ / ഫിഷറീസ് കുടുംബങ്ങള്‍ക്കും ഈ വിഭാഗങ്ങളില്‍ 25 സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്കും മറ്റ് അര്‍ഹതകള്‍ ഉണ്ടെങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം. അതുപോലെതന്നെ ജീര്‍ണ്ണിച്ച വീടുകള്‍ ഒരു കാരണവശാലും വാസയോഗ്യമല്ലങ്കില്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ. അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വില്ലേജ് ഓഫീസറില്‍ നിന്നുമുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, ഭൂരഹിത കുടുംബങ്ങള്‍ ഭൂമിയില്ല എന്ന് കാണിക്കുന്ന വില്ലേജ് ഓഫീസറില്‍ നിന്നുമുള്ള സര്‍ട്ടിഫിക്കറ്റ്, മുന്‍ഗണന തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നീ രേഖകള്‍ സമര്‍പ്പിക്കണം.
ഇതിന് പുറമേ നിലവില്‍ 2017ലെ ലിസ്റ്റില്‍ ഉണ്ടായിരിക്കുകയും റേഷന്‍ കാര്‍ഡ് തുടങ്ങിയ മാനദണ്ഡങ്ങളുടെ ഭാഗമായി വീട് ലഭിക്കാതിരിക്കുകയും ചെയ്തവര്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയുണ്ടെങ്കില്‍ വീണ്ടും അപേക്ഷിക്കണം. പി.എം.എ.വൈ / ആശ്രയ / ലൈഫ് സപ്ലിമെന്റെറി ലിസ്റ്റ് എന്നിവയില്‍ ഉള്‍പ്പെട്ടിട്ടും ഇതുവരെ വീടുകള്‍ ലഭിക്കാത്തവരും ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കണം. എന്നാല്‍ ലൈഫ് മിഷന്‍ നിലവില്‍ തയ്യാറാക്കി വച്ചിരിക്കുന്ന എസ്.സി/എസ്.ടി/ഫിഷറീസ് ലിസ്റ്റില്‍ അര്‍ഹതയുള്ളതായി കണ്ടെത്തിയിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
ലൈഫ് മിഷന്റെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ അര്‍ഹരായിട്ടും ഇതുവരെ സഹായം ലഭിക്കാത്തവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവര്‍ക്ക് നിലവിലുള്ള ലിസ്റ്റിന്റെ ഭാഗമായി തന്നെ സഹായം ലഭ്യമാക്കുന്നതാണ്.
അവസാന തീയതി കഴിഞ്ഞാല്‍ അപേക്ഷകരുടെ ലിസ്റ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിക്കും. അനര്‍ഹര്‍ കരട് ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ അന്വേഷണ ഉദ്യേഗസ്ഥനാകും ബാധ്യത. ഗ്രാമപഞ്ചായത്ത് തലത്തിലുള്ള പരാതികള്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിലെ പരാതികള്‍ അതത് നഗരസഭാ സെക്രട്ടറിമാര്‍ക്കുമാണ് സമര്‍പ്പിക്കേണ്ടത്. പട്ടിക സംബന്ധിച്ച രണ്ടാം അപ്പീലുകള്‍ അതത് ജില്ല കലക്ടര്‍മാരായിരിക്കും പരിശോധിക്കുക. സെപ്റ്റംബര്‍ 26നകം തദ്ദേശസ്വയംഭരണ സ്ഥാപനതല അംഗീകാരവും ഗ്രാമസഭാ അംഗീകാരവും വാങ്ങി സെപ്റ്റംബര്‍ 30ന് പട്ടിക അന്തിമമാക്കുന്നതിനുമാണ് ഇപ്പോള്‍ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.