ലൈഫ് മിഷൻ​: ഹൈകോടതി വിധി സർക്കാറിന്‍റെ​ മുഖത്തേറ്റ അടി -​രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിക്കേസിൽ സി.ബി.ഐ അന്വേഷണം തുടരാം എന്ന ഹൈകോടതി വിധി എൽ.ഡി.എഫ്​ സർക്കാറിന്‍റെ മുഖത്തേറ്റ അടിയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. മടിയിൽ കനമില്ല എന്ന് ആവർത്തിച്ചു പറയുകയും നിഷ്പക്ഷമായ അന്വേഷണം ഏതുവിധേനയും അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പിണറായി സർക്കാറിന്‍റെ ഇരട്ടത്താപ്പിന് കിട്ടിയ മറുപടി കൂടിയാണ് ഈ വിധി.

സാധാരണക്കാർക്ക് വീടുവെച്ച് നൽകാൻ വിഭാവനം ചെയ്ത ഒരു പദ്ധതിയിൽ 40 ശതമാനത്തിന് മുകളിൽ കമീഷൻ വാങ്ങാൻ പാകത്തിന് അഴിമതിക്ക് കളമൊരുക്കുകയും ആരോപണം ഉന്നയിച്ചവരെ തേജോവധം ചെയ്യുകയും ഒടുവിൽ അന്വേഷണം തടയാൻ കോടതി കയറുകയും ചെയ്യേണ്ടി വരുന്നത് ജനങ്ങൾ തെരഞ്ഞെടുത്ത ഒരു സർക്കാറിന് അപമാനകരമാണ്.

സ്വർണക്കടത്തിനും അധോലോക മാഫിയകൾക്കും സൗകര്യമൊരുക്കാനുള്ള പദ്ധതിയായി ലൈഫിനെ മാറ്റുകയായിരുന്നു കേരള സർക്കാർ. അഴിമതിക്കാരെ സംരക്ഷിക്കാനാണ് ലൈഫ്മിഷൻ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി ആദ്യാവസാനം വരെ ശ്രമിച്ചത്.

സി.ബി.ഐ അന്വേഷണത്തിലൂടെ കൂടുതൽ സത്യം പുറത്തുവരുമെന്ന് പ്രത്യാശിക്കാം. പാവപ്പെട്ടവർക്ക് വീട് വെക്കാനുള്ള പദ്ധതിയെ വരെ കമീഷൻ അടിക്കാനുള്ള അവസരമായി കണ്ട സർക്കാറിനെതിരായ യു.ഡി.എഫിന്‍റെ പോരാട്ടം കൂടുതൽ ശക്തമായി തുടരുമെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Life Mission: High Court verdict slaps govt in the face - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.