തിരുവനന്തപുരം: വെള്ളപ്പൊക്ക ഭീതി വിതച്ച് കഴിഞ്ഞദിവസങ്ങളിൽ കനത്തുപെയ്ത മഴക്ക് ബുധനാഴ്ച നേരിയ ശമനം. ആലപ്പുഴ മുതൽ കണ്ണൂർ വരെ 10 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന തീവ്രമഴ മുന്നറിയിപ്പായ ചുവപ്പ് ജാഗ്രത തോടെ പൂര്‍ണമായും പിന്‍വലിച്ചു. തിരുവനന്തപുരവും കൊല്ലവുമൊഴികെ ജില്ലകളിൽ വ്യാഴാഴ്ചയും ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ മുന്നറിയിപ്പും. വെള്ളിയാഴ്ച മുതല്‍ ഗണ്യമായി മഴ കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു. മഴക്ക് നേരിയ തോർച്ചയെങ്കിലും മഴക്കെടുതി തോരാതെ തുടരുകയാണ്. ബുധനാഴ്ച മൂന്ന് മരണം സ്ഥിരീകരിച്ചു.
കോട്ടയം മണർകാട് പ്ലസ് ടു വിദ്യാർഥി അമൽ മാത്യു, കോട്ടയം മാരാംവീട് സ്വദേശി ദാസൻ (70) എന്നിവർ ബുധനാഴ്ച മുങ്ങിമരിച്ചു.
ചൊവ്വാഴ്ച കൊല്ലം പള്ളിമൺ ആറ്റിൽ കുളിങ്ങാനിറങ്ങിയ അയത്തിൽ അനുഗ്രഹ നഗറിൽ നൗഫലിന്‍റെ (21) മൃതദേഹവും കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിലും കടൽക്ഷോഭത്തിലും മരിച്ചവരുടെ എണ്ണം 18 ആയി. കാസർകോട് വെള്ളരിക്കുണ്ടിൽ റിട്ട. അധ്യാപികയെ ഒഴുക്കിൽപെട്ട് കാണാതായി. കൂരാംകുണ്ടിലെ രവിയുടെ ഭാര്യ ലതയെയാണ് കാണാതായത്. വീടിന് സമീപത്തെ പുഴയിൽ ഒഴുക്കിൽപെട്ടതാണെന്നാണ് കരുതുന്നത്. കാസർകോട് വെള്ളരിക്കുണ്ട് ബളാൽ വില്ലേജിൽ മാലോം ചുള്ളിയിലെ വനത്തിൽ ഉരുൾപൊട്ടി.
സംസ്ഥാനത്താകെ 178 ദുരിതാശ്വാസ ക്യാമ്പുകളിലായി 5168 പേരാണുള്ളത്. തൃശൂരിലാണ് കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിച്ചത്. 37 ക്യാമ്പുകളിലായി 1451 പേർ. തിരുവനന്തപുരത്ത് മൂന്ന് ക്യാമ്പിലായി 41 പേരുണ്ട്. പത്തനംതിട്ടയിൽ 32 ക്യാമ്പിലായി 645 പേരെയും ആലപ്പുഴയിൽ 167 പേരെയും കോട്ടയത്ത് 36 ക്യാമ്പിൽ 783 പേരെയും മാറ്റിപ്പാർപ്പിച്ചു.
ഇടുക്കിയിൽ 128 പേരെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. എറണാകുളത്ത് 19 ക്യാമ്പുകളിൽ 687 പേരുണ്ട്.
പാലക്കാട് മൂന്ന് ക്യാമ്പിൽ 57 പേരെയും മലപ്പുറത്ത് നാല് ക്യാമ്പിൽ 58 പേരെയും കോഴിക്കോട് 10 ക്യാമ്പിൽ 429 പേരെയും വയനാട് 13 ക്യാമ്പുകളിലായി 572 പേരെയും കണ്ണൂരിൽ നാല് ക്യാമ്പിൽ 105 പേരെയും കാസർകോട് ഒരു ക്യാമ്പിൽ 45 പേരെയും മാറ്റിപ്പാർപ്പിച്ചു.
ആറ് അണക്കെട്ടുകളിൽ ചുവപ്പ് ജാഗ്രത, ഇടുക്കിയിൽ നീല ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട് തുടരുന്നു. പൊന്മുടി, ലോവർപെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, മൂഴിയാർ, കണ്ടള അണക്കെട്ടുകളിലാണ് ചുവപ്പ് ജാഗ്രത. പെരിങ്ങൽക്കുത്ത് ഡാമിൽ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു. ജലനിലപ്പ് 2375.53 അടിയായ ഇടുക്കി ഡാമിൽ നീല ജാഗ്രതയാണ്. ഇടമലയാർ, കക്കി, ബാണാസുരസാഗർ, ഷോളയാർ, മാട്ടുപ്പെട്ടി, ആനയിറങ്കൽ, കുറ്റ്യാടി, പമ്പ, കല്ലാർ അണക്കെട്ടുകളിൽ മുന്നറിയിപ്പില്ല.
കേരളത്തിന് മുകളിൽ അന്തരീക്ഷ ചുഴി; കനത്ത മഴ തുടരും
തിരുവനന്തപുരം: തെക്കൻ ആന്ധ്രക്കും വടക്കൻ തമിഴ്‌നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ആഗസ്റ്റ് ഏഴുവരെ വ്യാപക മഴക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴക്ക് നേരിയ ശമനം
തിരുവനന്തപുരം: മഴക്കെടുതി നേരിടാനും ആശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ അവിടങ്ങളിൽ തുടരാൻ മന്ത്രിസഭ യോഗം നിർദേശിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടർന്നും നേതൃത്വം നൽകണമെന്നും ആവശ്യപ്പെട്ടു.
മഴക്കെടുതി മന്ത്രിസഭ യോഗം വിശദമായി ചർച്ച ചെയ്തു. മന്ത്രിമാർ ജില്ലകളിലായതിനാൽ ഓൺലൈൻ വഴിയാണ് മന്ത്രിസഭ യോഗം ചേർന്നത്.
ഓരോ ജില്ലകളിലെയും സ്ഥിതിഗതികൾ മന്ത്രിസഭ അവലോകനം ചെയ്തു. മഴ കുറയുകയാണെന്നും പ്രളയഭീതി ഒഴിവാകുകയാണെന്നുമാണ് വിലയിരുത്തൽ. സംസ്ഥാനത്തെ വലിയ അണക്കെട്ടുകളിലെ ജലനിരപ്പിൽ ആശങ്കയില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 70 ശതമാനമാണ് ജലനിരപ്പ്.
കൂടുതൽ വെള്ളം വന്നാൽ ഉൾക്കൊള്ളാൻ ഇടുക്കിക്ക് കഴിയും. മുല്ലപ്പെരിയാർ, പറമ്പിക്കുളം അണക്കെട്ടുകളിൽനിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്നാടിനോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.