കൊൽക്കത്ത: നന്ദിഗ്രാമിൽ തോൽവി ഏറ്റുവാങ്ങിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഭവാനിപൂരിൽ മത്സരിക്കുന്നതിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവും മമതയുടെ മുൻ സഹപ്രവർത്തകനുമായ സുവേന്ദു അധികാരി. 1996ലെ തെരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് പരാജയപ്പെട്ട വി.എസ്. അച്യുതാനന്ദനെ ഉദാഹരിച്ചാണ് സുവേന്ദു വിമർശനം ഉന്നിയിച്ചത്.
''ധാർമികമായി മമത മുഖ്യമന്ത്രി പദത്തിന് അർഹയല്ല. അവരുടെ പാർട്ടി വിജയിച്ചെങ്കിലും അവൾ നന്ദിഗ്രാമിലെ ജനങ്ങളാൽ തിരസ്കരിക്കപ്പെട്ടു. 1996ൽ കേരളത്തിൽ എൽ.ഡി.എഫ് വിജയിച്ചു. പക്ഷേ അന്നത്തെ അവരുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന വി.എസ് അച്ചുതാനന്ദൻ പരാജയപ്പെട്ടു. പക്ഷേ അദ്ദേഹം മുഖ്യമന്ത്രി പദം ഏറ്റെടുത്തില്ല. ഇത് മാതൃകയാക്കണം'' -സുവേന്ദു ഒരു അഭിമുഖത്തിൽ പറഞ്ഞു.
തൃണമൂലിൽ നിന്നും ബി.ജെ.പിയിലേക്ക് കളംമാറിയ സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്താണ് സുവേന്ദുവിെൻറ തട്ടകമായ നന്ദിഗ്രാമിൽ മമത പോരിനിറങ്ങിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മമത അടിയറവ് പറയുകയായിരുന്നു. മുഖ്യമന്ത്രി പദം ഏറ്റെടുത്തതിനാൽ നിയമപ്രകാരം ആറുമാസത്തിനകം ജനവിധി തേടണമെന്നാണ് നിയമം. ഭവാനിപൂർ മണ്ഡലമാണ് മമത മത്സരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.
അവിടുത്തെ സിറ്റിങ് എം.എൽ.എയായ തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവ് സോവൻ ദേബ് ചട്ടോപാധ്യായ മമതക്ക് മത്സരിക്കാൻ വേണ്ടി എംഎൽഎ സ്ഥാനം രാജിവെച്ചിട്ടുണ്ട്. അതിനാൽ തന്നെ ഭവാനിപൂർ ഉപതെരഞ്ഞെടുപ്പ് ഫലം മമതയേയും തൃണമൂലിനെയും സംബന്ധിച്ച് ഏറെ നിർണായകമാകും.ഇവിടെ നിന്ന് രാജിവെക്കുന്ന ചട്ടോപാധ്യായ ഖാർദ സീറ്റിൽ മത്സരിക്കുമെന്നാണ് സൂചന. ഖാർദയിലെ എം.എൽ.എയും തൃണമൂൽ നേതാവുമായ കാജൽ സിൻഹ മരണപ്പെട്ട ഒഴിവിലാണ് അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.