മനാമ: ബഹ്റൈനിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന രഞ്ജു എന്ന ചെറുപ്പക്കാരനെ ദുരിതശയ്യയിലാക്കിയത് കൈമുതലായുണ്ടായിരുന്ന മനുഷ്യസ്നേഹം ഒന്നുമാത്രമാണ്. ബഹ്റൈനിൽ വെച്ച് പരിചയപ്പെട്ട സുഹൃത്തിന്റെ പിതാവിന് കരൾ രോഗമാണെന്നറിഞ്ഞപ്പോൾ ഒന്നും നോക്കാതെ കരൾ ദാനം ചെയ്യാൻ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ രഞ്ജു തയാറായി. അവധിക്ക് നാട്ടിലെത്തിയപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ 2020ൽ ശസ്ത്രക്രിയ നടന്നു.
സുഹൃത്തിന്റെ പിതാവ് രക്ഷപ്പെട്ടെങ്കിലും രഞ്ജുവിന്റെ ചലനശേഷി പൂർണമായി നഷ്ടപ്പെട്ടു. ശസ്ത്രക്രിയയിലെ പിഴവായിരുന്നു കാരണം. അന്നുമുതൽ കിടപ്പിലായതാണ് ഈ 45കാരൻ. ഇതിനിടെ ന്യുമോണിയ ബാധിച്ചതോടെ സംസാരശേഷിയും നഷ്ടമായി.
രഞ്ജുവിന്റെ ചികിത്സക്കായി ആകെയുണ്ടായിരുന്ന സ്വത്തായ ആറ്റിങ്ങൽ മാമത്തെ വീട് വിറ്റു. മാതാപിതാക്കൾ നേരത്തേ നഷ്ടപ്പെട്ട രഞ്ജുവിന് സഹോദരി രശ്മി മാത്രമാണ് ഏക ആശ്രയം. രഞ്ജുവിനെ പരിചരിക്കാനായി രശ്മിക്ക് ഐ.ടി കമ്പനിയിലെ ജോലി രാജിവെക്കേണ്ടി വന്നു.
ചികിത്സാർഥം എറണാകുളം ഇടപ്പള്ളിയിൽ വാടകക്ക് താമസിക്കുകയാണ് ഇരുവരും. രഞ്ജു കിടപ്പിലായിട്ടും കരൾ സ്വീകരിച്ച സുഹൃത്തും കുടുംബവും പിന്നെ തിരിഞ്ഞുനോക്കിയിട്ടേയില്ല. ഫോൺ വിളിച്ചാൽപോലും എടുക്കാറില്ലെന്ന് രശ്മി പറയുന്നു.ചികിത്സാപിഴവിന് നടപടി ആവശ്യപ്പെട്ടും രഞ്ജുവിന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് രശ്മി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മെഡിക്കൽ കമ്മിറ്റിയുടെ ഹിയറിങ് കഴിഞ്ഞ് റിപ്പോർട്ട് സർക്കാറിൽ സമർപ്പിച്ചിരിക്കുകയാണ്.
ഭക്ഷണമായി നൽകുന്ന പൊടിക്കും ചികിത്സക്കും മരുന്നിനുമായി മൂന്നുലക്ഷം രൂപ മാസം ചെലവാകുമെന്ന് രശ്മി പറഞ്ഞു. സഹോദരനെ പരിചരിക്കുന്നതിനിടെ രശ്മി വീട്ടിലിരുന്ന് ചെയ്യുന്ന ജോലിക്ക് ലഭിക്കുന്ന പ്രതിഫലം മാത്രമാണ് ആകെയുള്ള വരുമാനം. അവിവാഹിതരാണ് രണ്ടു സഹോദരങ്ങളും. ചികിത്സക്ക് മാത്രമല്ല, ഭക്ഷണത്തിന് പോലും നിവൃത്തിയില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് രശ്മി പറഞ്ഞു.
ഇടപ്പള്ളിയിലെ കോർപറേഷൻ കൗൺസിലറുടെ നേതൃത്വത്തിൽ ചികിത്സ സഹായത്തിനായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ പ്രവാസിയെ സഹായിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് രശ്മി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ആറ്റിങ്ങൽ ശാഖയിലെ രശ്മിയുടെ അക്കൗണ്ടിലേക്ക് പണം നൽകാം. Resmi R. ACC No. 0114053000109508, IFSC: SIBL0000114, South Indian Bank Attingal Branch. Gpay /Phonepay 9544390122.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.