ന്യൂഡൽഹി: അന്തരിച്ച മുൻ ചെങ്ങന്നൂർ എം.എൽ.എയും സി.പി.എം നേതാവുമായ കെ.കെ. രാമചന്ദ്രൻ നായരുടെ മകന് അസി. എൻജിനീയറായി ആശ്രിതനിയമനം നൽകിയ സർക്കാർ നടപടി ഹൈകോടതി റദ്ദാക്കിയത് സുപ്രീംകോടതി ശരിവെച്ചു. സർക്കാർ ജീവനക്കാരനല്ലാത്തതിനാൽ എം.എൽ.എയുടെ മകന് എങ്ങിനെയാണ് ആശ്രിത നിയമനം നൽകുക എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
എം.എൽ.എ മരിച്ചാൽ മക്കൾക്ക് ആശ്രിത നിയമനം നൽകാനാവില്ലെന്നും രാമചന്ദ്രൻ നായരുടെ മകൻ ആർ. പ്രശാന്തിന് ഇത്തരത്തിൽ നിയമനം നൽകിയത് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് പാലക്കാട് സ്വദേശി അശോക് കുമാർ ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് 2021 ഡിസംബർ മൂന്നിന് നിയമനം റദ്ദാക്കി ഹൈകോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. എത്രയുംവേഗം പ്രശാന്തിനെ ജോലിയിൽനിന്ന് നീക്കാനും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഈ അപ്പീൽ തള്ളിയാണ് സുപ്രീം കോടതിയുടെ വിധി.
പൊതുമരാമത്ത് വകുപ്പിൽ അസി. എൻജിനീയറായി സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് രാമചന്ദ്രൻ നായരുടെ മകന് ജോലി നൽകിയത്. 2018ൽ രാമചന്ദ്രൻ നായർ നിര്യാതനായതിന് പിന്നാലെയായിരുന്നു നിയമനം. പിതാവ് മരിച്ച ഒഴിവിൽ നിയമസഭ സീറ്റ് ആവശ്യപ്പെടാതിരിക്കാൻ മകന് സർക്കാർ ജോലി നൽകി ഒഴിവാക്കിയതാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, നിർദിഷ്ട യോഗ്യതയുടെ അടിസ്ഥാനത്തിൽ സർക്കാറിനുള്ള പ്രത്യേക അധികാരം വിനിയോഗിച്ച് നിയമപരമായാണ് നിയമനം നൽകിയതെന്നായിരുന്നു സർക്കാർ വാദം. മന്ത്രിസഭ തീരുമാന പ്രകാരമാണ് എൻജിനീയറിങ് ബിരുദധാരിയായ പ്രശാന്തിനെ മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിൽ അസി. എൻജിനീയറായി നിയമിച്ചത്. ഈ തസ്തികയിൽ പ്രത്യേക നിയമനം നടത്തിയത് തന്നെ ബാധിച്ചതായി ഹരജിക്കാരന് പരാതിയില്ലെന്നും സർക്കാർ വാദിച്ചിരുന്നു.
എന്നാൽ, പൊതുജനസേവകൻ എന്ന നിലയിൽ സർക്കാർ ജീവനക്കാർ സർവിസിലിരിക്കെ മരിച്ചാലാണ് ചില വ്യവസ്ഥകൾക്ക് വിധേയമായി ആശ്രിതർക്ക് നിയമനം നൽകുന്നതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയത്. എം.എൽ.എ ആയിരിക്കെത്തന്നെ ജനപ്രതിനിധി മരിച്ചാലും ആശ്രിതനിയമനം നൽകാൻ വ്യവസ്ഥയില്ല. അതിനാൽ, ഈ നിയമനം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പ്രശാന്തിന് ആശ്രിതനിയമനം നൽകാനുള്ള 2018 ഏപ്രിൽ ആറിലെ സർക്കാർ ഉത്തരവും ഏപ്രിൽ പത്തിലെ നിയമന ഉത്തരവും കോടതി റദ്ദാക്കിയത്. ഈ വിധിയാണ് സുപ്രീംകോടതി ഇപ്പോൾ ശരിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.