കോഴിക്കോട്: സ്വാശ്രയ ലോ കോളജിൽ ചട്ടങ്ങളും നടപടിക്രമങ്ങളും മറികടന്ന് കോഴ്സ് അനുവദിച്ചതായി ആക്ഷേപം. കോഴിക്കോട്ടെ സ്വാശ്രയ ലോ കോളജിനാണ് എൽഎൽ.എം കോഴ്സ് അനുവദിച്ചത്. കോഴ്സിന് ഭരണാനുമതി നൽകിയതായി കാലിക്കറ്റ് സർവകലാശാലയിലേക്ക് സർക്കാറിൽനിന്ന് ലഭിച്ച നിർദേശത്തിൽ പറയുന്നു. സർവകലാശാലയുടെ സ്വയംഭരണത്തിൽ കൈകടത്തിയാണ് സർക്കാറിെൻറ ഇടപെടൽ.
ന്യൂജെൻ കോഴ്സുകളെന്ന പേരിൽ കഴിഞ്ഞയാഴ്ച സർവകലാശാല കാമ്പസുകളിലടക്കം 197 കോളജുകളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിവിധ കോഴ്സുകൾ അനുവദിച്ചിരുന്നു. സർക്കാർ, പ്രൈവറ്റ് എയ്ഡഡ് കോളജുകൾക്ക് മാത്രമാണ് കോഴ്സ് നൽകിയത്. എൽഎൽ.എം കോഴ്സ് കിട്ടിയ സ്വാശ്രയ ലോ കോളജിെൻറ പേര് ഈ പട്ടികയിലില്ല.
രഹസ്യമായും അതിവേഗത്തിലുമാണ് ചട്ടം ലംഘിച്ച് കോഴ്സിന് അനുമതിയായതെന്നാണ് ആക്ഷേപം. കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള സ്വാശ്രയ കോളജുകളിൽ കോഴ്സ് അനുവദിക്കുന്നതിന് സർവകലാശാലയുടെ പരിശോധനയും സമ്മതവും ആവശ്യമാണ്.
എന്നാൽ, വാഴ്സിറ്റിയെ കാഴ്ചക്കാരാക്കിയായിരുന്നു നടപടിക്രമങ്ങൾ. പതിവിലും വൈകി, ആഗസ്റ്റിലാണ് കോളജ് എൽ.എൽ.എം കോഴ്സിന് സർവകലാശാലയിൽ അപേക്ഷ നൽകിയത്. ഒക്ടോബർ 31 വരെയുള്ള അപേക്ഷകൾ ജനുവരിയിൽ പരിശോധിക്കുകയാണ് പതിവ്.
സിൻഡിക്കേറ്റ് സംഘവും മറ്റും കോളജിൽ പരിശോധനയും നടത്തും. എന്നാൽ, ഈ കോളജിെൻറ അപേക്ഷ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് ഫോർവേഡ് ചെയ്യാനായിരുന്നു നിർദേശം. തുടർന്നാണ് കോഴ്സിന് അനുമതിയായതായി സർവകലാശാലയെ സർക്കാർ അറിയിക്കുന്നത്.
സർവകലാശാല പരിശോധിച്ച് സർക്കാറിലേക്ക് അയച്ച സ്വാശ്രയ ലോ കോളജുകളുടെ അപേക്ഷ പരിഗണിച്ചിട്ടുമില്ല. അറബിക് കോളജുകളുടെ അപേക്ഷയും സർക്കാറിലേക്ക് കൈമാറിയിരുന്നു. എയ്ഡഡ് പദവിയുള്ള അറബിക് കോളജുകൾക്കുപോലും കോഴ്സുകൾ അനുവദിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.