തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ തട്ടിപ്പുകൾ അവസാനിപ്പിച്ച് വിരൽത്തുമ്പിൽ സേവനം ലഭ്യമാക്കാൻ പുതുവർഷദിനം മുതൽ സംസ്ഥാനത്ത് ‘കെ- സ്മാർട്ട്’. സുരക്ഷിതവും ന്യൂതനവുമായ സംവിധാനമാണ് കെ- സ്മാർട്ട് എന്ന പേരിൽ ഇൻഫർമേഷൻ കേരള മിഷൻ (ഐ.കെ.എം) തയാറാക്കിയ സോഫ്റ്റ്വെയർ. നിലവിൽ തദ്ദേശസ്ഥാപനങ്ങൾ ഉപയോഗിക്കുന്ന 26 സോഫ്റ്റുവെയറുകൾ കെ- സ്മാർട്ടിൽ ലയിക്കും.
വെബ്പോർട്ടലിനു പുറമേ, മൊബൈൽ ആപ്ലിക്കേഷനായും കെ- സ്മാർട്ട് ലഭിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് ജനുവരി ഒന്നു മുതൽ നടപ്പാക്കുന്നതെങ്കിലും ഭാവിയിൽ കെ- സ്മാർട്ട് തന്നെയാകും സേവനങ്ങൾക്കായി ഉപയോഗിക്കുക. ഉദ്യോഗസ്ഥന്റെ അറിവില്ലാതെ സോഫ്റ്റ്വെയറിൽ കയറി കെട്ടിട നമ്പറും ഒക്യുപെൻസിയും നൽകുന്ന സംഭവങ്ങൾ പതിവായതോടെ അന്നത്തെ മന്ത്രി എം.വി. ഗോവിന്ദന്റെ നിർദേശപ്രകാരമാണ് ഐ.കെ.എം പുതിയ സോഫ്റ്റ്വെയറിന് ശ്രമം തുടങ്ങിയത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മുഖം (ഫേസ്) കണ്ടാൽ മാത്രം ലോഗിനാകുന്നതും തുടർനടപടിക്ക് ഫോണിലെ ഒ.ടി.പി നൽകേണ്ടതുമായ അതിസുരക്ഷാ സംവിധാനങ്ങളാണ് കെ- സ്മാർട്ടിലുള്ളത്. ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ന്യൂതന സങ്കേതങ്ങളുടെ സഹായത്തോടെയാണ് സോഫ്റ്റ്വെയർ തയാറാക്കുന്നത്. ജനന-മരണം- വിവാഹ രജിസ്ട്രേഷൻ, നികുതി അടയ്ക്കൽ, കെട്ടിട നിർമാണ അനുമതി, ക്ഷേമപെൻഷൻ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി ഐ.കെ.എം തന്നെ തയാറാക്കിയ 26 സോഫ്റ്റ്വെയറുകൾ കെ- സ്മാർട്ടിൽ ലയിപ്പിക്കും. ഫയൽ ട്രാക്കിങ്, ട്രേഡ് ലൈസൻസ്, പരാതി പരിഹാരം തുടങ്ങിയ സേവനങ്ങളാകും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുമ്പോൾ ലഭ്യമാക്കുക. ആഗസ്റ്റോടെ പൂർണ സജ്ജമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.