ആലപ്പുഴ: ‘റീൽസ്’ ചിത്രീകരിച്ച് വൈറലാകാൻ കാറിലും ബൈക്കിലും അഭ്യാസപ്രകടനം നടത്തുന്നവരിൽ ഏറെയും വിദ്യാർഥികളും യുവാക്കളുമാണ്. ജില്ലയിലെ വാഹനാപകടങ്ങളുടെ കണക്ക് പരിശോധിച്ചാൽ ദേശീയപാതയിലും പ്രധാനപാതയിലുമുണ്ടായ അപകടങ്ങൾ ഞെട്ടിക്കുന്നതാണ്. പണി തകൃതിയായി നടക്കുന്ന ദേശീയപാതയിൽപോലും അമിതവേഗവും മത്സര ഓട്ടവുമാണ്. ഡിസംബർ രണ്ടിന് കളർകോട് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് മെഡിക്കൽവിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞതിന് പിന്നിലും അമിതവേഗം തന്നെയാണ് വില്ലൻ.
പൊലീസിനും മോട്ടോര്‍വാഹന വകുപ്പിനും നിയന്ത്രിക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ് കാര്യങ്ങള്‍. ഇത് അവരുടെ മാത്രമല്ല, നിയമം പാലിച്ച് മാന്യമായി വാഹനമോടിക്കുന്നവരുടെ ജീവന്‍കൂടി അപകടത്തിലാക്കുന്നു. സെക്കൻഡുകൾക്കുള്ളിൽ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിച്ചുപായാന്‍ കഴിയുന്ന തരത്തിലാണ് വിദ്യാർഥികളുടെ മത്സര ഓട്ടം. ജില്ല റോഡപകടങ്ങളിൽ എന്നും മുന്നിലാണ്. അപകടങ്ങൾക്ക് നഗര-ഗ്രാമ വ്യത്യാസമില്ലെങ്കിലും മരണം കൂടുതലും നടക്കുന്നത് ദേശീയപാതയിലാണ്. അരൂർ മുതൽ തുറവൂർവരെയുള്ള മേൽപാത നിർമാണ ഭാഗത്ത് റോഡിൽ രക്തസാക്ഷികൾ ഏറെയാണ്.
എണ്ണത്തിൽ കൂടുതൽ ആളുകളുമായി സ്കൂട്ടറിലും ബൈക്കിലും കുട്ടികൾ ചീറിപ്പായുന്നത് കണ്ടാൽ ആരും അത് മൈൻഡ് ചെയ്യാറില്ല. എന്നാൽ, അത്തരമൊരു ‘വിഡിയോ’ പരാതിയായി കിട്ടിയാൽ എന്തുചെയ്യും. കഴിഞ്ഞദിവസം മോട്ടോർവാഹന വകുപ്പിന് കിട്ടിയ ഈ വിഡിയോയുടെ അന്വേഷണം ചെന്നെത്തിയത് പ്രായപൂർത്തിയാകാത്ത നാല് വിദ്യാർഥികളിലേക്കാണ്. രാത്രി ഒരു സ്കൂട്ടറിൽ നാലുപേർ കറങ്ങാനിറങ്ങിയതാണ് തുടക്കം. വിഡിയോ പരിശോധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ ഞെട്ടി. വാഹനം ഓടിക്കാൻ കൊടുത്ത വീട്ടുകാരടക്കം ആർക്കും ലൈസൻസില്ല. ഇതിൽ ഉൾപ്പെട്ട ഒരുവിദ്യാർഥിയുടേതായിരുന്നു സ്കൂട്ടർ.
വീട്ടുകാരെ വിളിപ്പിച്ച് എന്തിനാണ് പ്രായപൂർത്തിയാകാത്തയാൾക്ക് സ്കൂട്ടർ നൽകിയെന്ന ചോദ്യത്തിന് പഠിക്കാനായിരുന്നുവെന്നായിരുന്നു രക്ഷിതാവിന്റെ മറുപടി. കൂടുതൽ അന്വേഷണത്തിൽ ഇവരുടെ വീട്ടിൽ ആർക്കും ലൈസൻസ് ഇല്ലെന്ന് ബോധ്യപ്പെട്ടു. വിദ്യാർഥികളെ അപകടത്തിലേക്ക് തള്ളിവിടുന്ന സംഭവത്തിൽ തുടർനടപടിയിയെക്കുറിച്ച് ആലോചിക്കുകയാണ് അധികൃതർ.
ജില്ലയിൽ മൊബൈൽ ഫോൺ സംസാരിച്ച് വാഹനമോടിക്കുന്നരുടെ എണ്ണം കൂടിയെന്നാണ് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തൽ. നിയമലംഘനമാകില്ലെന്ന ചിന്തയിലാണ് വാട്സ്ആപ് ചാറ്റൽ. അടുത്തിടെ ചാറ്റി വാഹനമോടിച്ച യുവാവിനെ പിടികൂടി ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നീക്കത്തിലാണ് അധികൃതർ. അശ്രദ്ധയുടെ ഒരുസെക്കൻഡിലാണ് മരണമെത്തുന്നതെന്ന ചിന്തപോലുമില്ലാതെ ഹെൽമറ്റിനുള്ളിൽ ഫോൺവെച്ചാണ് പലരും വിളിക്കുന്നത്. ചെവിയോട് ചേർത്തുള്ള ഇത്തരം സംസാരം നിയമലംഘനമാകില്ലെന്നാണ് യുവാക്കളുടെ ചിന്ത. പിടിക്കപ്പെട്ടാൽ ഉദ്യോഗസ്ഥരോട് തട്ടിക്കയറാറുണ്ട്. പരിശോധനയിൽ ഒറ്റനോട്ടത്തിൽ ഫോണിൽ സംസാരിക്കുയാണെന്ന് മനസ്സിലാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.