കായംകുളം: ഇടത് കോട്ടയായ പത്തിയൂരിലെ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റത്തിന് തടയിട്ട കോൺഗ്രസിന് അട്ടിമറി ജയം സി.പി.എമ്മിന് ആഘാതമായി. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ 12ാം വാർഡിൽ ത്രികോണ മത്സരത്തെ അതിജയിച്ച് 99 വോട്ടിന്റെ മുന്നേറ്റമാണ് യു.ഡി.എഫിലെ ദീപക് എരുവ നേടിയത്. 1442ൽ 575 വോട്ടാണ് ദീപക്കിന് ലഭിച്ചത്.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായിരുന്ന ജയകുമാരിയുടെ നിര്യാണത്തെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. ഭർത്താവ് ശിവശങ്കരപ്പിള്ളയായിരുന്നു ഇടത് സ്ഥാനാർഥി. ഇദ്ദേഹത്തിന് 476 വോട്ടാണ് ലഭിച്ചത്. ബി.ജെ.പിയിലെ ബിജു അമ്പക്കാട് 391 വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഉറച്ച കോട്ടയിലെ തോൽവി സമ്മേളനകാലത്ത് സി.പി.എമ്മിന് കനത്ത ആഘാതമാണ് നൽകിയത്.
മന്ത്രിയും ജില്ല സെക്രട്ടറിയും ഏരിയ നേതൃത്വവും തമ്പടിച്ച് പ്രവർത്തിച്ചിട്ടും ദയനീയ പരാജയം സംഭവിച്ചത് സംഘടന ദൗർബല്യം വീണ്ടും വെളിപ്പെടുന്നതായി. വ്യാഴാഴ്ച തുടങ്ങുന്ന സമ്മേളനത്തിൽ പരാജയം ഗൗരവമായ ചർച്ചക്കും വഴിതെളിച്ചേക്കും. മുൻ ഏരിയ കമ്മിറ്റി അംഗവും വാർഡിലെ മുൻ ജനപ്രതിനിധിയുമായിരുന്ന ജയചന്ദ്രനടക്കമുള്ളവരെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കാതിരുന്നതും കാരണമായതായി സംസാരമുണ്ട്.
പത്തിയൂരുകാരനും സി.പി.എം നേതാവുമായിരുന്ന ജില്ല പഞ്ചായത്ത് അംഗം ബിപിൻ സി. ബാബുവിനെ സ്വന്തം പാളയത്തിലെത്തിച്ചിട്ടും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ബി.ജെ.പിക്കും കനത്ത തിരിച്ചടിയായി. ശോഭ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ കളത്തിലിറക്കിയാണ് ഇവർ വാർഡ് പിടിച്ചെടുക്കാൻ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.