ഓണാട്ടുകരയിലെ പ്രധാന ജലസ്രോതസ്സാണ് വെട്ടിക്കോട്ടുചാല്‍. വിശ്രമകേന്ദ്രം, ജലസംഭരണിക്ക് ചുറ്റും നടപ്പാത, കുട്ടികളുടെ പാര്‍ക്ക്, ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ടോയ്ലറ്റ് ബ്ലോക്ക്, നടപ്പാതയിലൂടെ സൈക്ക്ളിങ് തുടങ്ങിയവയാണ് പദ്ധതിയിൽ ലക്ഷ്യമിട്ടിരുന്നത്. കായംകുളം-പുനലൂര്‍ റോഡരികില്‍ ചുനക്കര, ഭരണിക്കാവ് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ വെട്ടിക്കോട് ക്ഷേത്ര ജങ്ഷനിലാണ് ചാല് സ്ഥിതിചെയ്യുന്നത്
ചാരുംമൂട്: വര്‍ഷങ്ങൾക്ക് മുമ്പ് കൊട്ടിഗ്ഘോഷിച്ച് തുടങ്ങിയ വെട്ടിക്കോട്ടുചാല്‍ ടൂറിസം പദ്ധതി പാതിവഴിയിലെത്തി ‘വെള്ള’ത്തിലായ നിലയിൽ.
ഇതോടെ, പദ്ധതി പ്രദേശം മാലിന്യകേന്ദ്രവും മരണക്കെണിയുമായി മാറി. നാളുകൾക്ക് മുമ്പ് ചാലിൽ കറ്റാനം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. കായംകുളം -പുനലൂർ റോഡരികിലെ വെട്ടിക്കോട് ചാലിനെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റിയെടുക്കാൻ 1.30 കോടിയാണ് അനുവദിച്ചത്.
എന്നാൽ, നിർമാണം നടക്കുന്നതിനിടെ 2019 മേയ് 11ന് ചാലിന്റെ കരിങ്കല്‍ സംരക്ഷണഭിത്തി ഇടിഞ്ഞുവീണതിനെ തുടർന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചു.
സംരക്ഷണഭിത്തിയോട് ചേര്‍ന്ന ഭാഗത്തുനിന്ന് യന്ത്രം ഉപയോഗിച്ച് ചളി നീക്കിയപ്പോഴാണ് മതിൽ ഇടിഞ്ഞുവീണത്. അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങൾ കാരണം സംരക്ഷണഭിത്തി തകർന്നത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
എന്നാൽ പിന്നീട് ഇടിഞ്ഞുവീണ പാര്‍ശ്വഭിത്തികള്‍ പൊളിച്ചുനീക്കി പണി തുടങ്ങിയതെങ്കിലും വീണ്ടും മുടങ്ങി. ആദ്യഘട്ട നിർമാണത്തിലുണ്ടായ പാളിച്ചയാണ് പദ്ധതി പൂർത്തിയാക്കാൻ കഴിയാത്ത വിധമാക്കിയത്. ടൂറിസം വകുപ്പിന്റെ 90 ലക്ഷം രൂപയും ജില്ല പഞ്ചായത്തിന്റെ 25 ലക്ഷം രൂപയും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ചുനക്കര പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയും ചേർത്താണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. നിലവിൽ മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്ന ഇവിടെ സ്വകാര്യ ആശുപത്രിയുടെ മാലിന്യങ്ങൾ ഉൾപ്പെടെ നിക്ഷേപിക്കുന്നത് പതിവാണ്. മാലിന്യനിക്ഷേപം തടയാൻ ചുനക്കര പഞ്ചായത്ത് കാമറ സ്ഥാപിച്ചെങ്കിലും ഇവയും നിശ്ചലമായി. പദ്ധതി പൂർത്തീകരിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.