ചേര്‍ത്തല: മൂന്ന് പതിറ്റാണ്ടുമുമ്പ് തീരദേശ റെയില്‍വേക്കായി സ്ഥലം ഏറ്റെടുത്ത നഷ്ടപരിഹാരത്തിെൻറ പേരില്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് ചേർത്തല താലൂക്ക് ഓഫിസില്‍ ജപ്തിക്ക് കോടതിയില്‍നിന്ന് വ്യാഴാഴ്ച രാവിലെ ജീവനക്കാരെത്തി.
താലൂക്ക് ഓഫിസ് അധികൃതര്‍, സർക്കാർ അഭിഭാഷകൻ വഴി കോടതിയുമായി ബന്ധപ്പെട്ടതോടെ ജപ്തി നടപ്പാക്കാതെ കോടതി ജീവനക്കാർ മടങ്ങി. ജപ്തിക്കായി കോടതിയില്‍നിന്ന് ആമീന്‍ അടക്കമുള്ളവര്‍ എത്തിയത് താലൂക്ക് ഓഫിസില്‍ നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി.
ഒന്നിന് റെയില്‍വേ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് കോടതിയില്‍ മെഗാ അദാലത്ത് നടത്തി പ്രശ്നം പരിഹരിക്കാമെന്ന അറിയിപ്പിനെത്തുടര്‍ന്നാണ് ജപ്തി ഒഴിവായത്.
താലൂക്ക് ഓഫിസിലെ തഹസില്‍ദാറുടെ ഔദ്യോഗിക കമ്പ്യൂട്ടറടക്കം ഉപകരണങ്ങള്‍ ജപ്തി ചെയ്യാനാണ് ചേര്‍ത്തല കോടതി ഉത്തരവ്. 3,17,000 രൂപ ഈടാക്കാന്‍ 2020 മാര്‍ച്ചിലാണ് കോടതി ഉത്തരവ് വന്നത്. കോവിഡ് പശ്ചാത്തലത്തിൽ ജപ്തി നടപടികൾ നീണ്ടു പോകുകയായിരുന്നു. കുത്തിയതോട് പറയകാട് എസ്.എന്‍. നിവാസില്‍ ജയേഷിെൻറ പരാതിയിലാണ് നടപടി.
നവംബര്‍ അഞ്ചിനും പള്ളിപ്പുറം ഗ്രോത്ത് സെൻറര്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ താലൂക്ക് ഓഫിസില്‍ ജപ്തിക്ക് ഉത്തരവായിട്ടുണ്ട്.
വിഷയം റെയില്‍വേയുമായി സംസാരിച്ചിട്ടുണ്ടെന്ന് തഹസില്‍ദാര്‍ ആര്. ഉഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.