ആലപ്പുഴ: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ്, കെ.എസ്.യു, യുവമോർച്ച സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം പലയിടത്തും പൊലീസും സമരാനുകൂലികളുമായി ഉന്തിലും തള്ളിലും കലാശിച്ചു.
കലക്ടറേറ്റിലേക്ക് കെ.എസ്.യു പ്രവർത്തകർ ശനിയാഴ്ച സന്ധ്യയോടെ നടത്തിയ മാർച്ച് അക്രമാസക്തമായി. പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ കെ.എസ്.യു ജില്ല പ്രസിഡൻറ് നിധിൻ എ. പുതിയിടം, സെക്രട്ടറി ഗോപി ഷാജി, കുട്ടനാട് നിയോജക മണ്ഡലം പ്രസിഡൻറ് അജോ എന്നിവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
വൈകീട്ട് അഞ്ചോടെ ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റ് കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് ആർ. സ്നേഹ, ജില്ല പ്രസിഡൻറ് നിധിൻ പുതിയിടം എന്നിവരെ റോഡിലൂടെ വലിച്ചിഴക്കാൻ ശ്രമിച്ചു.
ഒരു വനിത പൊലീസ് മാത്രമാണുണ്ടായിരുന്നുള്ളൂ എന്നതിനാൽ സ്നേഹയെ വാഹനത്തിൽ കയറ്റാൻ സാധിച്ചില്ല. ജില്ല പ്രസിഡൻറ് നിധിനെ റോഡിലൂടെ വലിച്ചിഴച്ചത് കൂടുതൽ പ്രതിഷേധം ഉണ്ടാക്കി. കുറച്ച് പ്രവർത്തകരെ പൊലീസ് വാനിൽ കയറ്റാൻ ശ്രമിച്ചതോടെ സ്നേഹ വാഹനത്തിന് മുന്നിൽ കിടന്നു.
വനിത പൊലീസില്ലാത്തതിനാൽ സ്നേഹയെ മാറ്റാൻ കഴിഞ്ഞില്ല. മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ ഷാനിമോൾ ഉസ്മാൻ എം.എൽ.എ പ്രവർത്തകരെ വാനിൽനിന്ന് ഇറക്കിവിടാൻ ആവശ്യപ്പെട്ടു. തുടർന്ന് പ്രവർത്തകർ വാഹനത്തിൽനിന്ന് കൂട്ടത്തോടെ ഇറങ്ങുകയായിരുന്നു.
ഇതോടെ വീണ്ടും സമരാനുകൂലികളും പൊലീസുമായി വാക്കേറ്റത്തിലായി. ഇതിനെതുടർന്ന് ഷാനിമോൾ ഉസ്മാെൻറ നേതൃത്വത്തിൽ കലക്ടറേറ്റ് കവാടത്തിൽ കുത്തിയിരുപ്പ് സമരം നടത്തി. വിവരമറിഞ്ഞ് ഡി.സി.സി പ്രസിഡൻറ് എം. ലിജുവും സ്ഥലത്തെത്തി. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്ത മാർച്ചിനെ എം. ലിജു അഭിവാദ്യം ചെയ്തു.
നേതാക്കൾ മടങ്ങിയതോടെ വീണ്ടും പൊലീസും പ്രവർത്തകരുമായി വാക്കേറ്റത്തിലായി. പിന്നീട് കൂടുതൽ പൊലീസ് സ്ഥലെത്തത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. 14 പേർെക്കതിരെ സൗത്ത് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.