ഹരിപ്പാട്: കോവിഡിനെ തുടർന്ന് ദുരിതത്തിലായ താറാവ് കർഷകർക്ക് ഹാച്ചറികൾ കുഞ്ഞുങ്ങളുടെ വില വർധിപ്പിച്ചത് ഇരട്ട ആഘാതമായി. പോയ സീസണിൽ 22 രൂപയുണ്ടായിരുന്ന ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഹാച്ചറി ഉടമകൾ 23 രൂപയാണ് വാങ്ങുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് ആറുരൂപ നിരക്കിൽ വാങ്ങുന്ന രോഗപ്രതിരോധ ശേഷി കുറഞ്ഞ മുട്ടകൾ അടവെച്ചിറക്കുന്ന താറാവുകളാണ് ഏറെയും. ഹാച്ചറിയിൽനിന്ന് പുറത്തിറക്കി തീറ്റയെടുത്തു തുടങ്ങുമ്പോഴേ ചട്ടിപ്പനിയെന്ന അസുഖം തുടക്കത്തിലേ പിടികൂടുമെന്നു കർഷകർ പറയുന്നു. ഇതിനെ അതിജീവിക്കുന്ന താറാവുകൾക്കും മുട്ടയിടാൻ പ്രായമാകുന്നതോടെ രോഗങ്ങൾ അലട്ടും. അഞ്ചര മാസം പ്രായമെത്തി മുട്ടയിടാൻ തുടങ്ങുന്നതോടെ വേറെയും രോഗങ്ങൾ പിടികൂടും.
സർക്കാർ ഉടമസ്ഥതയിൽ നിരണത്ത് പ്രവർത്തിക്കുന്ന ഡക്ക് ഫാമിൽ വിരിയിച്ചിറക്കുന്ന രോഗപ്രതിരോധ-അത്യുൽപാദന ശേഷിയുള്ള ചെമ്പല്ലി, ചാര തുടങ്ങിയ നാടൻ ഇനം കുഞ്ഞുങ്ങൾക്ക് 18 രൂപയാണ് വില. വളരെ കുറച്ചുമാത്രം ഉൽപാദനമുള്ള ഇവിടെ ആവശ്യാനുസരണം കുഞ്ഞുങ്ങളെ ലഭിക്കാത്തതിനാലാണ് സ്വകാര്യ ഹാച്ചറികളെ സമീപിക്കേണ്ടി വരുന്നത്.
ഒരു സീസണിൽ കുറഞ്ഞത് പതിനായിരത്തോളം കുഞ്ഞുങ്ങളെയെങ്കിലും വാങ്ങും. കാലാവസ്ഥയിലുള്ള വ്യതിയാനം മൂലം മറ്റു സംസ്ഥാനങ്ങളിൽ ഹാച്ചറികൾ പ്രവർത്തിക്കുന്നില്ല. ഇതിനാൽ ഇതര സംസ്ഥാനത്തുനിന്നുള്ള കർഷകരും താറാവിൻ കുഞ്ഞുങ്ങൾക്കായി സംസ്ഥാനത്തെ ഹാച്ചറികളെയാണ് സമീപിക്കുന്നത്. സംസ്ഥാനത്തെ പത്തോളം താറാവ് ഹാച്ചറികൾ പ്രവർത്തിക്കുന്നത് അപ്പർ കുട്ടനാടൻ മേഖലയിലെ പള്ളിപ്പാട്, ചെന്നിത്തല, ചാത്തങ്കരി എന്നിവിടങ്ങളിലാണ്.
ഹാച്ചറികളുടെ മേൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനു ഒരു നിയന്ത്രണവുമില്ല. പഞ്ചായത്തുകളിൽനിന്നു നേടുന്ന ലൈസൻസുകളുടെ മാത്രം പിൻബലത്തിലാണ് ഹാച്ചറികൾ പ്രവർത്തിക്കുന്നത്.
അടവെച്ച് വിരിയാതെ വരുന്ന മുട്ടകൾ ഇവർ കുറഞ്ഞ വിലയ്ക്ക് ഏജൻറുമാർ വഴി മാർക്കറ്റുകളിൽ വിൽക്കുകയാണ് പതിവ്. 28 ദിവസം ഇൻകുബേറ്ററിൽ െവക്കുന്ന ഭക്ഷ്യയോഗ്യമല്ലാത്ത ഈ മുട്ടകൾ മാരകരോഗം പരത്തുന്നതാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചീമുട്ടകൾ സംസ്കരിക്കാൻ ഇൻസിനേറ്റർ വേണമെന്ന ആരോഗ്യ വകുപ്പിെൻറ നിർദേശം ഒരു ഹാച്ചറിയും നടപ്പാക്കിയിട്ടില്ല.
ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്ന ചീമുട്ടകൾ അശാസ്ത്രീയമായി കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. ഹാച്ചറികളിലെ അന്തർസംസ്ഥാന തൊഴിലാളികൾക്കടക്കം കൃത്യമായ വൈദ്യപരിശോധന നടത്താറില്ല. ഹാച്ചറികളുടെ പ്രവർത്തനം വിദഗ്ധ സംഘത്തെക്കൊണ്ട് പരിശോധിച്ച് മാർഗനിർദേശങ്ങൾ നൽകാനും സർക്കാർ ഫാമിലെ വിലയുമായി ഏകീകരിക്കാനും മൃഗസംരക്ഷണ വകുപ്പ് തയാറാകണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.