ഹരിപ്പാട്: ദേശീയപാതക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെയും നിർമിതികളുടെയും നഷ്ടപരിഹാരം സംബന്ധിച്ച് തർക്കം ഉന്നയിച്ച് ആർബിട്രേഷൻ കോടതി മുമ്പാകെ സമർപ്പിച്ച പരാതികളിൽ വിചാരണ തുടങ്ങി. ജില്ലയിൽ ആയിരത്തിമുന്നൂറോളം ഭൂവുടമകളാണ് ഇതുവരെ പരാതി നൽകിയത്.ജില്ല കലക്ടറാണ് ആർബിട്രേറ്റർ. തുടക്കമായി അഞ്ചുപേരുടെ പരാതികളാണ് പരിഗണിച്ചത്.
പരാതിക്കാരെയും ജില്ലയിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗം സ്പെഷൽ ഡെപ്യൂട്ടി കലക്ടറെയും വിചാരണചെയ്താണ് തീരുമാനമെടുക്കുന്നത്. അർഹതയുള്ളവർക്ക് നഷ്ടപരിഹാരം നിശ്ചയിച്ചശേഷം ദേശീയപാത അതോറിറ്റിയുടെ അനുമതിക്ക് സമർപ്പിക്കും. ഇതിനായി പണം ലഭ്യമാക്കേണ്ടത് അതോറിറ്റിയാണ്. തുക ലഭ്യമാകുന്നതനുസരിച്ച് ബന്ധപ്പെട്ടവർക്ക് കൈമാറും. ജില്ലയിൽ മേയ് പകുതിയോടെയാണ് ആർബിട്രേഷൻ വിഭാഗം പ്രവർത്തിച്ചു തുടങ്ങിയത്.
നഷ്ടപരിഹാരം അനുവദിച്ചതിന്റെ ഉത്തരവ് സഹിതമാണ് ആർബിട്രേഷന് നൽകേണ്ടത്.ഭൂമിയുടെ വിലയിലെ കുറവ്, കെട്ടിടങ്ങളുടെ നഷ്ടപരിഹാരം നിശ്ചയിച്ചതിലെ അപാകം തുടങ്ങിയവയാണ് പരാതികളിൽ ഭൂരിഭാഗവും.കെട്ടിടങ്ങളുടെ നഷ്ടപരിഹാരം നിശ്ചയിച്ചപ്പോൾ വയറിങ്, പ്ലംബിങ് തുടങ്ങിയവ പരിഗണിച്ചില്ലെന്ന പരാതികളുമുണ്ട്.
പരാതി സ്വീകരിക്കുന്ന അന്തിമ തീയതി നിശ്ചയിച്ചിട്ടില്ല. ആദ്യം നൽകുന്ന പരാതികൾ ആദ്യം പരിഗണിക്കുന്ന രീതിയാണുള്ളത്. നഷ്ടപരിഹാരം നിശ്ചയിച്ചതിലെ അപാകത ചൂണ്ടിക്കാട്ടി ഒരുവിഭാഗം ഭൂവുടമകൾ ഹൈകോടതിയെ സമീപിച്ചിരുന്നു. പരാതികൾ ആർബിട്രേറ്റർ പരിഗണിക്കാനായിരുന്നു കോടതി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.