മണ്ണഞ്ചേരി: മണ്ണഞ്ചേരിയിലും പരിസരത്തും കുറുവ സംഘമെന്ന് സംശയിക്കുന്നവരുടെ മോഷണം പതിവായതോടെ ജാഗ്രതയിൽ നാട്ടുകാർ. പൊലീസ് അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച പുലർച്ച 12 മുതലാണ് മോഷണപരമ്പര തുടങ്ങുന്നത്. പ്രദേശത്തുനിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് രണ്ടാഴ്ച മുമ്പ് മണ്ണഞ്ചേരി നേതാജി ജങ്ഷന് സമീപം മോഷണശ്രമം നടത്തിയ മോഷ്ടാക്കൾ തന്നെയാണെന്നാണ് സൂചന.
കോമളപുരം സ്പിന്നിങ് മില്ലിന് പടിഞ്ഞാറ് നായിക്യംവെളി അജയകുമാറിന്റെ ഭാര്യ വി.എസ്.ജയന്തിയുടെ (52) 4000 രൂപ വിലയുള്ള മുക്കുപണ്ടവും റോഡുമുക്ക് പടിഞ്ഞാറ് മാളിയേക്കൽ കുഞ്ഞുമോന്റെ ഭാര്യ ഇന്ദുവിന്റെ (44) മൂന്നര പവന്റെ മാലയുമാണ് മോഷ്ടിച്ചത്. സമീപത്തെ വീടുകളായ പോട്ടയിൽ സിനോജ്, കോമളപുരം ടാറ്റാ വെളിക്ക് സപടിഞ്ഞാറ് അഭിനവം വീട്ടിൽ വിനയചന്ദ്രൻ എന്നിവരുടെ വീടുകളുടെ അടുക്കള വാതിലുകളും പൊളിച്ച നിലയിലാണെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മണ്ണഞ്ചേരിയിൽ റെസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് പട്രോളിങ്.
11,12,16 വാർഡുകളിലെ ടാഗോർ വായനശാല, നൈപുണ്യ ക്ലബ് എന്നിവിടങ്ങളിൽ നടന്ന ജനകീയ കൂട്ടായ്മയിൽ നിരവധി പേര് പങ്കെടുത്തു. പഞ്ചായത്ത് അംഗങ്ങളായ കെ.പി. ഉല്ലാസ്, ദീപ്തി അജയകുമാർ, ബിന്ദു സതീശൻ എന്നിവർ നേതൃത്വം നൽകി. പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ടോൾസൺ ജോസഫ് സബ് ഇൻസ്പെക്ടർ കെ. ആർ.ബിജു എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.