മണ്ണഞ്ചേരി പാണംതയ്യിൽ സയ്യിദ് അബൂബക്കർ ബംബ് മസ്ജിദ്
മണ്ണഞ്ചേരി: ആത്മീയ നിർവൃതിയുടെ വ്രത നാളുകളെ വരവേൽക്കാനുള്ള ഒരുക്കം പൂർത്തിയാക്കി പള്ളികളും വിശ്വാസികളും. കടുത്ത ചൂടിലും ഹൃദയത്തിൽ വിശുദ്ധിയുടെ കുളിർമ കാത്തുകൊണ്ടാണ് ഓരോ വിശ്വാസിയും റമദാനെ വരവേൽക്കുന്നത്. പള്ളികൾ ഖുർആൻ പാരായണവും നമസ്കാരങ്ങളുംകൊണ്ട് മുഖരിതമാകും.രാപകലുകളെ പ്രാർഥനകൾ കൊണ്ടു നിറച്ചു റമദാൻ മാസത്തെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് വിശ്വാസികൾ.
അറ്റകുറ്റപ്പണികൾ ചെയ്തും സൗകര്യങ്ങൾ വർധിപ്പിച്ചും മോടിപിടിപ്പിച്ചും പള്ളികൾ ഒരുങ്ങി കഴിഞ്ഞു. റമദാനിലെ വിശേഷ പ്രാർഥനകൾക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കുകയാണ് ഓരോ പള്ളിപരിപാലന കമ്മിറ്റികളും. രാത്രിയിലെ പ്രത്യേകമായുള്ള തറാവീഹ് നമസ്കാരത്തിനു നേതൃത്വം നൽകാൻ ഖുർആൻ മുഴുവൻ മനഃപാഠമാക്കിയ ഇമാമുമാരെ കണ്ടെത്താനുള്ള ശ്രമവും ചില കമ്മിറ്റികൾ നടത്തുന്നുണ്ട്.
എല്ലാ പള്ളികളിലും നോമ്പുതുറക്ക് സൗകര്യങ്ങൾ ഒരുക്കാറുണ്ട്. നോമ്പ് മുഴുവനും ജാതി-മത ഭേദമന്യേ എല്ലാവർക്കും നോമ്പ് കഞ്ഞി ഉണ്ടാകും. ഇത് മറ്റ് സ്ഥലങ്ങളിൽ നിന്ന് വന്ന് ജോലി ചെയ്യുന്നവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും വളരെ അനുഗ്രഹമാണ്. പ്രത്യേക പ്രഭാഷണ സദസ്സുകളും പള്ളികൾ കേന്ദ്രീകരിച്ചു നടത്താറുണ്ട്.
മുസ്ലിം സംഘടനകളും പാർട്ടികളും റിലീഫ് പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധ കൊടുക്കുന്നത്. മിക്ക സംഘടനകൾക്കും സ്വന്തമായ റിലീഫ് വിഭാഗങ്ങളുണ്ട്. ഇവയ്ക്കു പുറമെ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലും റിലീഫ് പ്രവർത്തനങ്ങളുണ്ട്.സമൂഹ നോമ്പു തുറകളും ഇഫ്താർ മീറ്റുകളും ഉണ്ടാകും.
റമദാൻ മാസത്തിൽ നോമ്പ് തുറക്കലിലും ഇഫ്താർ വിരുന്നുകളിലും ഹരിതചട്ടം പാലിക്കണമെന്ന് ജില്ല ശുചിത്വമിഷൻ അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്, പേപ്പർ ഗ്ലാസ്, പാത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്, പകരം കഴുകി ഉപയോഗിക്കാവുന്ന സ്റ്റീൽ മൺപാത്രങ്ങളും പ്രകൃതിസൗഹൃദ വസ്തുക്കളും ഉപയോഗിച്ച് പൂർണ്ണമായും ഹരിത ചട്ടം പാലിച്ച് നടത്തണം. നോമ്പുതുറ സമയത്ത് വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികൾക്കായി ആരോഗ്യത്തിന് ദോഷകരമായ പ്ലാസ്റ്റിക്, പേപ്പർ തുടങ്ങിയവ ഉപയോഗിക്കാതെ വാഴയില പോലുള്ള പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
പ്രചരണ പരിപാടികൾക്ക് ഫ്ളക്സ് ഒഴിവാക്കി തുണികൊണ്ടുള്ള ബാനറുകൾ ശീലമാക്കുക. ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്ന സംഘടനകൾ പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലികുന്നതിനുള്ള നടപടികൾ ശ്രദ്ധിക്കണമെന്നും ജില്ല ശുചിത്വമിഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.