പൂച്ചാക്കൽ: രണ്ട് കോടിയോടടുത്ത് ചെലവഴിച്ച് കൊട്ടിഘോഷിച്ചെത്തിയ വൈക്കം-എറണാകുളം അതിവേഗ ബോട്ട് ‘വേഗ 120’ നായുളള കാത്തിരിപ്പ് നീളുകയാണ്. അറ്റകുറ്റപ്പണിക്കെന്ന് പറഞ്ഞ് 2022 ഡിസംബറിൽ നിർത്തിവെച്ച സർവീസ് രണ്ട് വർഷമാകാറായിട്ടും പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. അരൂർ തുറവൂർ മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് കരമാർഗമുള്ള യാത്ര ദുഷ്കരമാവുമ്പോഴും വേഗ ബോട്ട് നീറ്റിലിറക്കാൻ തയ്യാറാകാത്ത അധികൃതർ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുകയാണ്.
വേഗ 120 ഓടി ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ തകരാറുകളും തുടങ്ങിയിരുന്നു. നിർമാണവുമായി ബന്ധപ്പെട്ട് അഴിമതി ഉണ്ടായിട്ടുണ്ടെന്ന് അന്ന് തന്നെ ജനങ്ങൾ സംശയമുയർത്തിയിരുന്നു. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലക്കാർക്ക് വളരെ ഉപകാരപ്രദമായ സർവീസായിരുന്നു. 7.30 ന് വൈക്കത്ത് നിന്ന് സർവീസ് ആരംഭിച്ച് മാക്കേകടവ്, പെരുമ്പളം, പാണാവള്ളി, കുമ്പളം, തേവര വഴി 9.30ന് എറണാകുളത്ത് എത്തുന്നത് കൊണ്ട് ധാരാളം ജനങ്ങളുടെ ആശ്രയമായിരുന്നു ഇത്. കരമാർഗം എത്തുന്നതിനേക്കാൾ പകുതി സമയത്തിനുളളിൽ ലക്ഷ്യസ്ഥാനത്തെത്താം എന്നത് കൊണ്ട് ജില്ല ആശുപത്രിയിലേക്കും മറ്റും പോകുന്ന രോഗികൾ ഉൾപ്പെടെ കുറഞ്ഞ ചെലവിൽ എത്താൻ കഴിയുന്ന വളരെ ഉപകാര പ്രദമായ സർവീസാണ് നിലച്ചിരിക്കുന്നത്.
മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് യാത്ര ദുഷ്കരമാകുന്ന സമയം വരെയെങ്കിലും സർവീസ് പുനരാരംഭിച്ച് ജനങ്ങളെ സഹായിക്കണമെന്നാണ് ജനങ്ങൾ അധികാരികളോടാവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.