വടുതല: പ്രവൃത്തികളൊന്നും നടക്കാതെ നോക്കുകുത്തിയാകുന്നുവെന്ന പരാതി ഉയരുന്നു. കൃഷി ഭവനിൽ ഓഫിസർ ഇല്ലാതായിട്ട് മാസങ്ങളാകുന്നു. കൃഷി ഓഫിസറും രണ്ട് അസിസ്റ്റന്റുമാരും ഉൾപ്പെടെ മൂന്ന് പേരാണ് ഓഫിസിൽ ഉണ്ടാകേണ്ടത്. കൃഷി ഓഫിസറും മറ്റ് രണ്ടുപേരും സ്ഥലംമാറി പോയപ്പോൾ കൃഷി ഓഫിസറെയും ഒരു അസിസ്റ്റൻറിനെയും മാത്രമാണ് ഇവിടേക്ക് നിയോഗിച്ചത്. നിശ്ചയിച്ച കൃഷി ഓഫിസർ പുതിയ നിയമനം ലഭിച്ചയാളായതിനാൽ പ്രവർത്തന പരിചയമൊന്നുമില്ല. ഇത് പൊതുജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു.
ലൈഫ് പദ്ധതിയിൽ വീട് ഉൾപ്പെടെ ലഭ്യമാകുന്നതിന് നിലം പുരയിടമാക്കാൻ കൊടുത്തിരിക്കുന്നവരുടെ ഫയലുകൾ മിക്കതും അതേപടി തന്നെയാണ്. വില്ലേജ് ഓഫിസറുടെ റിപ്പോർട്ട് ഉണ്ടായിട്ട് പോലും കൃഷി ഓഫിസർ ഫയലുകൾ മടക്കുന്ന പരാതിയും ഉയർന്നു. ഇതിനെതിരെ ജനം പ്രതികരിച്ചു തുടങ്ങിയതോടെ ആരോഗ്യപരമായ കാരണങ്ങളാൽ കൃഷി ഓഫിസർ നീണ്ട അവധിയിൽ പോയി. പകരം കൃഷി ഓഫിസറെ നിയമിക്കാത്തതാണ് കാര്യങ്ങൾ സങ്കീർണമാക്കിയത്. ഇടക്കിടെ വൈകുന്നേരങ്ങളിൽ ഒരു കൃഷി ഓഫിസർ ഇവിടെ കയറിയിറങ്ങി പോകുന്നതല്ലാതെ കാര്യങ്ങൾക്കൊന്നും തീർപ്പാകുന്നില്ല.
ലൈഫിന്റെ വീട് ലഭ്യമാകുന്നവരുടെ പട്ടികയിൽ നിലം പുരയിടം ആക്കുന്നതിൽ വേഗത്തിൽ തീർപ്പുണ്ടാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിക്കുമ്പോഴാണ് ഇവിടെത്തെ ഈ മെല്ലേപോക്ക്. കൃഷി അസിസ്റ്റന്റിന്റെ ഒരു ഒഴിവ് നിരന്തരമായ ഇടപെടലുകളിലൂടെ ലഭ്യമായെങ്കിലും കാര്യങ്ങൾക്ക് വേഗം വന്നില്ലെന്ന് മാത്രമല്ല ജോലിയിൽ പ്രവേശിച്ച് രണ്ടു ദിവസങ്ങൾക്കു ശേഷം അയാളും നീണ്ട അവധിയിലായി. നിലവിൽ അരൂക്കുറ്റിയിൽ ഒരു കൃഷി അസിസ്റ്റൻറ് മാത്രമാണ് ഉള്ളത്. നിരവധിയാളുകൾ ദിനേനെ കൃഷി ഓഫിസിൽ വന്ന് മടങ്ങിപ്പോകുന്നത് പതിവായിരിക്കുന്നു. നിലം പുരയിടം ആക്കുന്നതുമായി ബന്ധപ്പെട്ട് 200ന് മുകളിൽ ഫയലുകൾ പെൻഡിങ് ഉണ്ടെന്നാണ് വിവരം. അടിയന്തരമായി തീരുമാനം ഉണ്ടായില്ലെങ്കിൽ തിങ്കളാഴ്ച മുതൽ കൃഷിഭവനിൽ സമരമിരിക്കുമെന്നാണ് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.എം. ഷാനവാസ് ഉൾപ്പെടെയുള്ള ജനപ്രതികൾ പറയുന്നത്.
പഞ്ചായത്തിലെ പദ്ധതികളുൾപ്പെടെ അവതാളത്തിലാകുന്നുണ്ട്. കേരഗ്രാമം പദ്ധതിയൊന്നും പൂർത്തീകരിച്ചിട്ടില്ല. കൃഷി ഓഫിസിൽ നടക്കുന്നതൊന്നും പൊതുജനം അറിയുന്നില്ലെന്നും സബ്സിഡികൾ എല്ലാം ചിലർക്ക് മാത്രമായി നൽകുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. കൃഷി ഓഫിസറെ നീക്കി പുതിയ കൃഷി ഓഫിസറെ നിയമിക്കണമെന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനം കൃഷിമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.