വടുതല: താറാവ് ഷെഡിൽ നായ്ക്കൂട്ടം കടന്നുകയറി താറാവുകളെ ആക്രമിച്ച് കൊന്നു. പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് ബിലാൽ മസ്ജിദിന് സമീപം അമാനി പുരയിടത്തിൽ വാടകക്ക് താമസിക്കുന്ന ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 650ഓളം താറാവുകളെയാണ് നായ്ക്കൂട്ടം കഴിഞ്ഞ രാത്രി ആക്രമിച്ച് കൊന്നത്.
മണ്ണഞ്ചേരി സ്വദേശിയായ ഫൈസൽ ആറ് വർഷത്തിനടുത്തായി ഒന്നര ഏക്കറോളം സ്ഥലം വാടകക്കെടുത്ത് താറാവ് കൃഷി നടത്തിവരുകയായിരുന്നു. 1300ഓളം വരുന്ന മുട്ടയിടുന്ന താറാവുകളെ വളരെ സുരക്ഷിതമായ ഷെഡിലാണ് വളർത്തിയിരുന്നത്. ഒരു മീറ്ററിലധികം ഉയരത്തിൽ ചാടിക്കടന്നാണ് നായ്ക്കൂട്ടം താറാവുകളെ ആക്രമിച്ചത്. രണ്ടുലക്ഷം രൂപയുടെ അടുത്ത് നഷ്ടം കണക്കാക്കുന്നുണ്ട്.
പൂച്ചാക്കൽ: പാണാവള്ളി പ്രദേശത്ത് വർധിച്ചുവരുന്ന തെരുവുനായ് ശല്യത്തിനു അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലർവാടി ബാലസംഘം പാണാവള്ളി യൂനിറ്റ് അംഗങ്ങൾ ഒപ്പിട്ട നിവേദനം ക്യാപ്റ്റൻ റിദ ഫാത്തിമ പത്താം വാർഡ് മെംബർ അഡ്വ. എസ്. രാജേഷിന് നൽകി. പാണാവള്ളി ഹിറ മദ്റസയിൽ നടന്ന പരിപാടിയിലാണ് കുട്ടികൾ നിവേദനം നൽകിയത്.
കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ടതായതിനാൽ ഗൗരവമായി പരിഗണന നൽകാൻ പഞ്ചായത്ത് അധികാരികളിൽ സമ്മർദം ചെലുത്താൻ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. മലർവാടി ചേർത്തല ഏരിയ കോഓഡിനേറ്റർ വി.എ. നാസിമുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. ഹിറ മദ്റസ പൂർവ അധ്യാപകരായ സുഹൈൽ, അസ്മ ബീവി എന്നിവരെ ആദരിച്ചു. അബ്ദുസ്സമദ്, റൈഹാനത്ത്, വൈസ് ക്യാപ്റ്റൻ ആദിൽ സിയാദ്, അദ്നാൻ സമദ് തുടങ്ങിയവർ സംസാരിച്ചു.
വടുതല: അരൂക്കുറ്റി, വടുതല, പാണാവള്ളി, പൂച്ചാക്കൽ, പെരുമ്പളം മേഖലകളിൽ തെരുവുനായ് ശല്യം രൂക്ഷമാവുകയാണ്. പ്രധാന ജങ്ഷനുകളും ഇടറോഡുകളുമെല്ലാം നായ്ക്കൂട്ടം കൈയടക്കി. കാൽനടക്കാർ കൈയിൽ വടി കരുതേണ്ട അവസ്ഥയിലാണ്. റോഡുകളിൽ കൂട്ടംകൂടി നിൽക്കുന്ന ഇവകൾ വാഹന യാത്രികർക്ക് അപകട ഭീഷണി ഉയർത്തുന്നുണ്ട്. കടകൾ അടച്ചാൽ വരാന്ത കൈയേറുകയും വൃത്തിഹീനമാക്കുകയും ചെയ്യുന്നത് പതിവാകുകയാണ്.
ദിനേനയെന്നോണം നായ്ക്കൾ പെറ്റുപെരുകുന്നത് വലിയ ഭീഷണി ഉയർത്തുന്നുണ്ട്. തെരുവുനായ് ശല്യം ഇല്ലാതാക്കാൻ പഞ്ചായത്തുകൾ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നു. കൂട്ടംകൂടി വരുന്ന നായ്ക്കൾ അക്രമാസക്തമാകുന്നതുമൂലം ജനം പൊറുതിമുട്ടുന്നു. വീടുകളിൽ വളർത്തുന്ന മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.