വടുതല: പുത്തൂർ പാലത്തിന് തെക്ക് ഭാഗത്തായി റോഡരികിൽ കുലുക്കി സർബത്ത് കച്ചവടം നടത്തുന്ന യുവാവിന്റെ പെട്ടിക്കടക്ക് മുന്നിൽ ഒരു ബാനർ ഉയർന്നു. ശനിയാഴ്ച കടയിൽനിന്ന് ലഭിക്കുന്ന വരുമാനം ഡയാലിസിസിന് വിധേയരാവുന്ന നിർധന കുടുംബത്തിലെ രണ്ട് രോഗികൾക്ക് നൽകുമെന്നായിരുന്നു ബാനർ. ബസുകളിൽ ‘കാരുണ്യയാത്ര’ നടത്തി ബാനർ കെട്ടാറുണ്ടെങ്കിലും കടകൾക്കു മുന്നിൽ ഇത്തരം കാഴ്ച അപൂർവമാണ്. അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് കോതാട്ട് നികർത്ത് പരേതനായ വാസുവിന്റെ മകൻ ശങ്കർദാസ് എന്നറിയപ്പെടുന്ന സന്തോഷ് (40) ആണ് വേറിട്ട കാരുണ്യപ്രവർത്തനം നടത്തുന്നത്. നാടൻപാട്ട് കലാകാരൻ കൂടിയായ ശങ്കർദാസ് ഇതിനുള്ള ധന ശേഖരണാർഥം ശനിയാഴ്ച തന്റെ സ്ഥാപനമായ തണൽ കുലുക്കി സർബത്ത് കടയുടെ സമീപം നാടൻപാട്ട് കലാകാരന്മാരെ സംഘടിപ്പിച്ച് നാടൻപാട്ട് മേളയും ഒരുക്കുന്നുണ്ട്.
മുമ്പും ശങ്കർദാസ് ഇത്തരത്തിലെ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കലാഭവൻ മണിയുടെ ചരമവാർഷികത്തിൽ അരൂർ ദേശീയപാതയോരത്ത് നാടൻപാട്ട് ഒരുക്കി സംഭാവന പിരിച്ചായിരുന്നു അത്. അന്ന് അരൂർ കെൽട്രോണിന് സമീപമായിരുന്നു ശീതള പാനീയങ്ങൾ വിറ്റിരുന്നത്. ആ ദിവസം പിരിഞ്ഞുകിട്ടിയ വരുമാനം തെരുവോരം മുരുകനെ ഏൽപിച്ചു. ഭാര്യ അശ്വതിയും കാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായിയായുണ്ട്. പെയിന്റിങ് തൊഴിലാളി കൂടിയാണ്. മക്കൾ: അധർവ, ആർദ്രവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.