ഒമ്പതുദിവസത്തിനിടെ ഹൗസ്ബോട്ട് അപകടത്തിൽ പൊലിഞ്ഞത് മൂന്ന് ജീവൻ ആലപ്പുഴ: പുന്നമടക്കായലിൽ ഹൗസ്ബോട്ടിൽനിന്ന് കാൽവഴുതി വെള്ളത്തിൽ വീണ് സർക്കാർ ജീവനക്കാരൻ മരിച്ചു. ചെങ്ങന്നൂർ ഐ.ടി.ഐയിലെ ഹെഡ് ക്ലർക്ക് തിരുവനന്തപുരം വർക്കല ചെറുന്നിയൂർ ത്രിവേണി മുടിയാക്കോട് പ്രദീപ് ബി. നായരാണ് (45) മരിച്ചത്. പുന്നമട തോട്ടാത്തോട് എസ്.എൻ ജങ്‌ഷന് എതിർവശം ഞായറാഴ്ച രാത്രി 9.30നാണ് സംഭവം.
രാവിലെ 11ന് 'ബോൺ വയോജ്' ഹൗസ്ബോട്ടിൽ 12 അംഗ സുഹൃത്തുക്കൾക്കൊപ്പമാണ് കായൽയാത്ര നടത്തിയത്. ഇതിൽ ഏഴുപേർ യാത്രകഴിഞ്ഞ് വൈകീട്ട് പുന്നമട ഫിനിഷിങ് പോയന്‍റിലേക്ക് മടങ്ങി. പ്രദീപ് ഉൾപ്പെടെ അഞ്ചുപേർ ഹൗസ്ബോട്ടിൽ തങ്ങി. രാത്രിഭക്ഷണം കഴിച്ചശേഷം കൈകഴുകുന്നതിനിടെ പ്രദീപ് കാൽവഴുതി വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ഹൗസ്ബോട്ടിന്റെ പിന്നിൽ ചൂണ്ടയിടുന്നതിനിടെയാണ് അപകടമെന്ന് സമീപത്തെ ഹൗസ്ബോട്ടിലുള്ളവർ പറയുന്നു. തമിഴ്നാട്ടുകാരായ ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്. അടുത്തുണ്ടായിരുന്ന ഹൗസ്ബോട്ടിലെ ജീവനക്കാരൻ ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷസേനയും ടൂറിസം പൊലീസും നോർത്ത് പൊലീസും ചേർന്ന് രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അപകടമുണ്ടായപ്പോൾ പാചകക്കാരനും സ്രാങ്കും മാത്രമാണുണ്ടായിരുന്നത്. മതിയായ സുരക്ഷയില്ലാത്ത ബോട്ടിന് ഫിറ്റ്നസ് സർട്ടിഫക്കറ്റ് ഇല്ലെന്ന് ടൂറിസം എസ്.ഐ ജയറാം പറഞ്ഞു. തിങ്കളാഴ്ച പുലർച്ച 6.10ന് കക്കാവാരൽ തൊഴിലാളികളാണ് സായ് പരിശീലന കേന്ദ്രത്തിന് വടക്ക് ഭാഗത്ത് പ്രദീപിന്റെ മൃതദേഹം കണ്ടത്. അസി. സ്റ്റേഷൻ ഓഫിസർ വി.എം. ബദറുദ്ദീൻ, ഓഫിസർമാരായ എ.ആർ. രാജേഷ്, എൻ.ആർ. ഷൈജു, കെ.എസ്. ആന്റണി, ബി. സന്തോഷ് കുമാർ, എ.ജെ. ബെഞ്ചമിൻ, എസ്. സനൽ, പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷസേന ജലരക്ഷക് ബോട്ടിലാണ് മൃതദേഹം കരക്കെത്തിച്ചത്. പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് മൂന്നിന് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പിതാവ്: ബാലകൃഷ്ണൻ നായർ. മാതാവ്: ഇന്ദിരയമ്മ. ഭാര്യ: സിന്ധു. മകൾ: പ്രദീപ്ത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ആലപ്പുഴയിൽ ഒമ്പതുദിവസത്തിനിടെയുണ്ടായ ഹൗസ്ബോട്ട് അപകടത്തിൽ മൂന്നാമത്തെയാളാണ് മരിച്ചത്. പള്ളാത്തുരുത്തിയിൽ മുങ്ങിയ ഹൗസ്ബോട്ടിൽനിന്ന് സഞ്ചാരികളുടെ ലഗേജ് എടുക്കാൻ സഹായത്തിനെത്തിയ ഒരാളും മറ്റുരണ്ടുപേർ ഹൗസ്ബോട്ടിൽനിന്ന് വീണുമാണ് മരിച്ചത്. APG predeep പ്രദീപ് ബി. നായർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.