അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി: 10.67 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

മൂവാറ്റുപുഴ: അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം മൂവാറ്റുപുഴ നഗരസഭ സമര്‍പ്പിച്ച 10.67 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം. വിവിധ മേഖലകളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് സര്‍ക്കാറിന്റെ ഭരണാനുമതിയും ആദ്യഘട്ടം എന്ന നിലയില്‍ 30 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് അറിയിച്ചു. ആകെ 10.67 കോടി രൂപയുടെ പ്രവര്‍ത്തനത്തിനാണ് അംഗീകാരം ലഭിച്ചത്. നഗര പ്രദേശങ്ങളിലെ കവലകളിലും റോഡുകളിലും അനുഭവപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ മുഖ്യ പരിഗണന നല്‍കും. നീരൊഴുക്ക് സുഗമമാക്കാൻ നിലവിലെ ഓടകളിലെ തടസ്സം നീക്കും. തോടുകളുടെ ശുചീകരണവും നവീകരണവും നടപ്പാക്കും. ഇതിനായി സമര്‍പ്പിച്ച മുഴുവന്‍ പദ്ധതികള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്. കുളിക്കടവുകളുടെ നവീകരണം, റോഡ് കോണ്‍ക്രീറ്റിങ്, വയല്‍ വരമ്പ് നിര്‍മാണം, പാടശേഖര സംരക്ഷണം, കുളം നവീകരണം എന്നിവയും നടപ്പാക്കും. മാലിന്യ സംസ്കരണത്തിനൊപ്പം പച്ചത്തുരുത്ത് പദ്ധതിക്കും തുക ലഭിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്ന പദ്ധതികള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ട്. ഭരണാനുമതി ലഭിച്ച മുഴുവന്‍ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.