ചാരുംമൂട്: വീട്ടമ്മയും രണ്ട് പെൺമക്കളും കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ. താമരക്കുളും കിഴക്കേമുറി പച്ചക്കാട് കലാഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ കലമോൾ (33), മീനുമോൾ (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കലമോളും മീനുമോളും മാനസിക വെല്ലുവിളി നേരിടുന്നവരായിരുന്നു. കലമോൾക്ക് ശാരീരിക വൈകല്യവുമുണ്ടായിരുന്നു. ഇരുവരും ബഡ്സ് സ്കൂളിൽ പോയിക്കൊണ്ടിരുന്നവരാണ്.
മീനുമോൾ വിവാഹിതയായിരുന്നെങ്കിലും ബന്ധം വേർപെടുത്തിയിരുന്നു. ശശിധരൻ പിള്ള (66) ഒരു മാസമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയാണ്. ചൊവ്വാഴ്ച രാവിലെ 8.30ന് പ്രസന്നയുടെ സഹോദരിയും അയൽവാസിയുമായ സുജാത ഇവർക്ക് ഭക്ഷണവുമായി എത്തിയപ്പോൾ വീടിന്‍റെ ജനൽചില്ലകൾ പൊട്ടി കരിപിടിച്ചു കിടക്കുന്നത് ശ്രദ്ധയിൽപെട്ടു. വീടിന്‍റെ മുൻ ഭാഗത്തെ ഗ്രില്ല് അടച്ചിട്ടിരുന്നെങ്കിലും പൂട്ടിയിട്ടില്ലായിരുന്നു. സംശയം തോന്നിയ സുജാത കിടപ്പുമുറിയിൽ കയറി നോക്കിയപ്പോഴാണ് മൂവരെയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
രണ്ടുപേരെ രണ്ടു കട്ടിലുകളിലായും ഒരാളെ തറയിലുമാണ് കണ്ടെത്തിയത്. കട്ടിലുകളും മുറിയിലുണ്ടായിരുന്ന ഫർണിച്ചറുകളും പൂർണമായും കത്തിയനിലയിലാണ്. മുറിയുടെ ജനലുകളും ഗ്രില്ലുകളും തകർന്നു. പച്ചക്കാട് സ്വദേശിയായ യുവാവ് സിനിമ കഴിഞ്ഞ് രാത്രി 12 മണിയോടെ സമീപത്തുള്ള റോഡിലൂടെ പോകുമ്പോൾ മാംസം കരിയുന്ന ഗന്ധം അനുഭവപ്പെട്ടതായി പറയുന്നു. പൊലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
ജില്ല പൊലീസ് മേധാവി ജി. ജയദേവ്, എസ്.പി ട്രെയിനി ടി. ഫ്രാഷ്, ഡിവൈ.എസ്.പി ഡോ. വി.ആർ. ജോസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സാബു, സി.ഐ വി.ആർ. ജഗദീഷ്, എസ്.ഐ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിശദ പരിശോധന നടത്തി. സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വിശദമായ ഫോറൻസിക് പരിശോധനയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും വന്ന ശേഷം നിജസ്ഥിതി കണ്ടെത്താൻ കഴിയുമെന്നും എസ്.പി ജി. ജയദേവ് പറഞ്ഞു. ഫോട്ടോ: വീട്ടിലെ കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ അമ്മ 3 - പ്രസന്ന ( 54 ), മക്കൾ 1- കലമോൾ (33), 2- മീനുമോൾ ( 32
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.