തൃശൂർ: തൃശൂർ കൊടകരയിൽ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നൂലുവള്ളി സ്വദേശി അനുവിന്റെ ഭാര്യ അനൂജയാണ് ബുധനാഴ്ച വൈകുന്നേരം മരിച്ചത്.
അപകടത്തിന് ശേഷം ഏഴുമാസത്തിലധികമായി ചലനമറ്റ് കിടക്കുകയായിരുന്നു. കഴിഞ്ഞ മെയ് 14ന് കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. രാത്രി എട്ടുമണിയോടെ അനൂജയും ഭർത്താവ് അനുവും മകൻ അർജുനും കൊടകര കുഴിക്കാണിയിൽ റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് അജ്ഞാത വാഹനം മൂന്ന് പേരെയും ഇടിച്ച് തെറിപ്പിച്ച് കടന്നുപോയത്.
മൂന്നിടത്തേക്കാണ് ഇരുവരും തെറിച്ചുവീണത്. അപകടത്തിൽ സാരമായി പരിക്കേറ്റത് അനുജക്കായിരുന്നു. മൂന്ന് ശസ്ത്രക്രിയകൾ ഉൾപ്പെടെ ലക്ഷങ്ങൾ ചിലവിട്ട് ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഏഴുമാസത്തോളം ദുരിതക്കിടക്കിയിലായിരുന്ന അനുജ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇടിച്ച വാഹനം കണ്ടെത്തിയാൽ ലക്ഷങ്ങൾ കടമുള്ള അനുവിന് ഇൻഷുറൻസ് സഹായമെങ്കിലും ലഭിക്കും.
വാഹനം കണ്ടെത്താനുള്ള പൊലീസിന്റെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഇതിനെ തുടർന്ന് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നു. വകടരയിൽ ഒമ്പത് വയസുകാരി ദൃഷ്യാനയെ വാഹനമിടിച്ച് നിർത്താതെ പോയ സംഭവത്തിൽ ഒൻപത് മാസങ്ങൾക്ക് ശേഷം ഇടിച്ച കാർ കണ്ടെത്തിയിരുന്നു. തങ്ങളെ ഇടിച്ച വാഹനവും കണ്ടെത്തുമെന്നുള്ള പ്രതീക്ഷയാണ് ഇതേ തുടർന്ന് അനുവും കുടുംബവും പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.