പള്ളുരുത്തി: പാർക്ക് ചെയ്തിരുന്ന കാറിൽനിന്ന് 177 കിലോ കഞ്ചാവ് പിടികൂടി. പള്ളുരുത്തി മദുര കമ്പനിക്കുസമീപം റോഡരികിൽ വ്യാഴാഴ്ച രാത്രി മുതൽ കിടക്കുകയായിരുന്ന കാറിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. എറണാകുളത്തെ ആൻ ഗ്രൂപ്പിന്റേതാണ് കാർ. 10 ദിവസം മുമ്പ് തൃപ്പൂണിത്തുറ സ്വദേശി അക്ഷയ്രാജ് എന്നയാളാണ് കാർ വാടകക്ക് എടുത്തത്. നാല് ദിവസമായി ഇയാളുടെ ഫോൺ സ്വിച്ഡ് ഓഫായിരുന്നു.
ഇയാളെക്കുറിച്ച് വിവരമൊന്നും ഇല്ലാതിരുന്നതിനെത്തുടർന്ന് കാറുടമ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കാർ മദുര കമ്പനിക്ക് സമീപം ഉണ്ടെന്ന് കണ്ടെത്തിയത്. മൂടിയിട്ട നിലയിൽ കണ്ടെത്തിയ കാറിൽ വലിയ പൊതികൾ കിടക്കുന്നതുകണ്ട് ഡിവിഷൻ കൗൺസിലർ ലൈലാദാസിനെയും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ചാക്കുകൾ കണ്ടെത്തിയത്. മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർ കെ.ആർ. മനോജിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം വിശദ പരിശോധന നടത്തി.
കഞ്ചാവ് സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം, പ്രദേശത്ത് തൃശൂർ, തിരുവനന്തപുരം രജിസ്ട്രേഷൻ കാറുകൾ പാർക്ക് ചെയ്ത് കിടക്കുന്നത് പതിവാണെന്നും മയക്കുമരുന്ന് മാഫിയകളുടെ ശല്യത്തെക്കുറിച്ച് നിരന്തരം പരാതിപ്പെട്ടിട്ടും പൊലീസ് മുഖവിലയ്ക്ക് എടുക്കാറില്ലെന്നും റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് വി.ഡി. മുഹമ്മദ് ബഷീർ, ജനറൽ സെക്രട്ടറി പള്ളുരുത്തി സുബൈർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.