മട്ടാഞ്ചേരി: കേരളത്തെ ഞെട്ടിച്ച വൈപ്പിൻ വിഷമദ്യദുരന്തം നടന്നിട്ട് 39 വർഷം. 1982 സെപ്റ്റംബർ രണ്ടിനുണ്ടായ മദ്യദുരന്തത്തിൽ മരിച്ചത് 77 പേരായിരുന്നു. 66 േപർക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു. ചലനശേഷിയടക്കം നഷ്ടപ്പെട്ട് ശാരീരിക തളർച്ചയിലായത് 150 പേരാണ്. ദുരന്തത്തിൽ തകർന്നടിഞ്ഞ കുടുംബങ്ങൾ 650 ലേറെ വരും.
വിഷമദ്യ ദുരന്തത്തെ വൈപ്പിൻകാർ വിശേഷിപ്പിച്ചത് കൂട്ടക്കൊലയെന്നാണ്. വൈപ്പിൻ കരയിൽ മനുഷ്യർ പിടഞ്ഞു മരിക്കുന്ന കാഴ്ച ഭീതിയിലാഴ്ത്തിയ ദിനങ്ങളായിരുന്നു അത്. ദുരന്തത്തിന് ഉത്തരവാദികൾ പലരും നിയമ നടപടികൾക്ക് വിധേയമായപ്പോഴും പാഠം ഉൾക്കൊള്ളാതെ കേരളത്തിൽ മദ്യദുരന്തങ്ങൾ ആവർത്തിക്കുകയും ചെയ്തു. ഇവയിൽ പൂനലൂരിലും( 34), കല്ലുവാതുക്കലും (32), മട്ടാഞ്ചേരിയിലും (16) ഇത് ആവർത്തിക്കപ്പെട്ടു.
നാല് പതിറ്റാണ്ടിനകം ചെറുതും വലുതുമായ വിഷമദ്യ ദുരന്തത്തിൽ കേരളത്തിൽ 300 ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്.
വൈപ്പിനിലെ അംഗീകൃത ചാരായ ഷാപ്പുകളിൽനിന്ന് മദ്യപിച്ചവരാണ് മരണപ്പെട്ടതെന്നത് സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. തിരുവോണ നാളായിരുന്ന സെപ്റ്റംബർ രണ്ടിന് മദ്യപിച്ചവരാണ് കൊല്ലപ്പെട്ടവരിൽ ഏറെ. എളങ്കുന്നപ്പുഴയിൽ മദ്യം കഴിച്ചവർ തളർന്നു വീണു തുടങ്ങിയതോടെ ഓട്ടോറിക്ഷകളിൽ അധികൃതർ മുന്നറിയിപ്പു പ്രചാരണം നടത്തുകയും, ഇതേതുടർന്ന് ജനങ്ങൾ ഉണർന്ന് മദ്യപിച്ചവരെ ഞാറക്കൽ ആശുപത്രി, ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രി, എറണാകുളം ജില്ല ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്കും എത്തിച്ചതിനാലാണ് മരണനിരക്ക് അൽപം കുറക്കാനായത്. 3000 ത്തോളം പേരെയാണ് ആശുപത്രിയിലെത്തിച്ചത് ഇവരിൽ 700 പേരെ സംശയ നിരീക്ഷണത്തിലുമാക്കി.
ഇന്നത്തെ ഗോശ്രീ പാലങ്ങൾപ്പോലും ഇല്ലാത്ത വേളയിൽ മത്സ്യബന്ധനയാനങ്ങളടക്കമുള്ളവയിലാണ് ആളുകളെ ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ ജനകീയ
പ്രതിഷേധവുമുയർന്നു. മദ്യഷാപ്പുകളും മുതലാളിമാരുടെ വീടുകളും ആക്രമിക്കപ്പെട്ടു. ഞാറക്കൽ, മാലിപ്പുറം എളങ്കുന്നപ്പുഴ ,പുതുവെപ്പ് ,നായരമ്പലം ,എടവനക്കാട് , അയ്യമ്പള്ളി അടക്കം 18 കി.മീ. ചുറ്റളവിൽ വിഷമദ്യ ദുരന്ത മേഖലയായി മാറിയിരുന്നു. തുടർന്ന് 22 അംഗീകൃത മദ്യഷാപ്പുകളും 15 ഉപഷാപ്പും അടച്ചുപൂട്ടി.
വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റായ മീഥൈൽആൽക്കഹോൾ ചാരായത്തോട് ചേർത്തതാണ് മദ്യ ദുരന്തത്തിനിടയാക്കിയതെന്ന് കണ്ടെത്തി. രണ്ട് റവന്യൂ ഉദ്യോഗസ്ഥരടക്കം എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെപെൻഡ് ചെയ്തു. ജ്യൂഡീഷൻ അന്വേഷണവും പ്രഖ്യാപിച്ചു.
തുടർന്ന് കെ.കെ. വിജയൻ , കൊച്ചഗസ്തി , ചന്ദ്രസേനൻ , തിരുമുൽപ്പാട് എന്നിവർക്കെതിരെ നരഹത്യക്ക് കേസെടുത്ത് ശിക്ഷിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഒരുലക്ഷം രൂപയും ചികിത്സക്ക് 4000 രൂപയുമാണ് സർക്കാർ നൽകിയത്. ദുരന്തത്തിനിരയായ കുടുംബങ്ങൾക്ക് 40ാം വാർഷികത്തിലും ഞെട്ടൽ വിട്ടുമാറിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.