കൊച്ചി: തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന ലോകത്ത് സഹോദരൻ അയ്യപ്പൻ നടത്തിയ മിശ്രഭോജന സമരം ചരിത്രത്തിൽ ഉൗട്ടിയുറപ്പിക്കപ്പെടുകയാണ് ഭൂമി ഏറ്റെടുക്കലിലൂടെ. 1917ൽ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം ചെറായി ജനത സ്റ്റോപ്പിന് അടുെത്ത തുണ്ടിടപ്പറമ്പാണ്. പരിസ്ഥിതി പ്രവർത്തകൻ പ്രഫ. എം.കെ. പ്രസാദിെൻറ പിതാവ് പെരുമന കോരുവൈദ്യരാണ് സഹോദരനൊപ്പം മിശ്രഭോജനത്തിൽ പങ്കെടുത്ത 11 പേരിൽ ഒരാൾ. വൈദ്യരുടെ മകൻ എം.കെ. സീരിയാണ് 'മാധ്യമ'ത്തോട് പിതാവിെൻറ പൊൻതിളക്കമുള്ള ഓർമകൾ പങ്കുവെച്ചത്.
ആശാൻ കളരിയായിരുന്നു സഹോദരെൻറ സംവാദകേന്ദ്രം. അയ്യപ്പനടക്കം നാലഞ്ചുപേർ മനുഷ്യവിരുദ്ധ ലോകത്തെ പുതുക്കിപ്പണിയാനുള്ള ആലോചനകൾ നടത്തി. ചരിത്രത്തിൽ അപമാനിതരായ മനുഷ്യരായിരുന്നു ചർച്ചവിഷയം. ജാതിക്കെതിരായി സമരം നടത്താൻ ആലോചന നടത്തി. ഒരു പുലയെൻറ കൂടെയിരുന്ന് മിശ്രഭോജനത്തിന് എത്തണമെന്ന് കോരു വൈദ്യരോടും അയ്യപ്പൻ പറഞ്ഞു. നാലഞ്ച് പേരാണ് തീരുമാനമെടുത്ത്. ഈഴവരോടൊപ്പം ഇരുന്ന് ആഹാരം കഴിക്കാൻ പുലയരെ കിട്ടാത്ത അവസ്ഥയുണ്ടായി. ആ വെല്ലുവിളി ഏറ്റെടുത്തത് കെ.കെ. അച്യുതൻ മാസ്റ്ററായിരുന്നു. അദ്ദേഹത്തിെൻറ വീടിനടുത്ത് താമസിച്ച രണ്ട് പുലയ വിദ്യാർഥികളെ (വള്ളോനും ചാത്തനും) മാസ്റ്റർ വിളിച്ചു. അവർ വന്നു. ജാതിനശീകരണം പ്രായോഗികമാക്കാൻ ആദ്യമായി തങ്ങളെക്കാൾ താഴ്ന്നതായി പരിഗണിക്കപ്പെടുന്ന സമുദായങ്ങൾക്ക് തുല്യപദവി നൽകണമെന്ന് സഹോദരൻ പ്രഖ്യാപിച്ചു. അഞ്ചാറു പേർക്കുള്ള ഭക്ഷണം വന്നുകൂടിയവർ പങ്കിട്ട് കഴിച്ചു. കോരുവൈദ്യർക്ക് ലഭിച്ചത് ചക്കക്കുരുവാണെന്ന് സീരി പറഞ്ഞു. നൂറ്റാണ്ടുകളായി പാലിച്ചുപോന്ന പവിത്രമായ ആചാരം ലംഘിക്കപ്പെട്ടു. ചെറായിയിലെ വിജ്ഞാനവർധിനി സഭ അടിയന്തര യോഗം ചേർന്നാണ് മിശ്രഭോജനത്തിൽ സഹകരിച്ച എല്ലാവർക്കും ഊരുവിലക്ക് പ്രഖ്യാപിച്ചത്. അവരെയെല്ലാം പുലച്ചോവന്മാർ എന്നുവിളിച്ചു. സഹോദരന് പുലയനയ്യപ്പൻ എന്ന സ്ഥാനപ്പേര് നൽകി.
ആലുവ അദ്വൈതാശ്രമത്തിലെത്തിയ നാരായണഗുരുവിനെ അയ്യപ്പൻ കണ്ടു. അയ്യപ്പൻ ഒന്നുകൊണ്ടും വിഷമിക്കേണ്ട. ഇതൊരു പ്രസ്ഥാനമായി വളരുമെന്നായിരുന്നു ഗുരുവിെൻറ മറുപടി. നാലഞ്ചുപേരുടെ ചിന്തയും സമരവും സമൂഹത്തിെൻറ അടിസ്ഥാനശിലയിൽ വിള്ളൽ വീഴ്ത്തിയ ചരിത്രമാണ് അടയാളപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.