കൊച്ചി: സംസ്ഥാന പട്ടികജാതി വികസന വകുപ്പിലെ ഉദ്യോഗക്കയറ്റം അട്ടിമറിക്കുന്നതായി ആക്ഷേപം. ഭരണാനുകൂല സംഘടനയുമായി ബന്ധമുള്ള സംഘമാണ് ഇതിനുപിന്നിലെന്നാണ് ആരോപണം. ഇതേതുടർന്ന് കഴിഞ്ഞ ദിവസം ഡയറക്ടറേറ്റിലെ മൂന്ന് ഉദ്യോഗസ്ഥരെ ഡയറക്ടർ നേരിട്ട് സ്ഥലംമാറ്റി. എന്നാൽ, ഭരണാനുകൂല യൂനിയൻ പ്രതിഷേധവുമായി രംഗത്തുവന്നതോടെ സ്ഥലംമാറ്റ ഉത്തരവ് നടപ്പായില്ല. പ്രശ്നത്തിൽ വകുപ്പുമന്ത്രിയും ഇടപെട്ടിട്ടുണ്ട്. ഡയറക്ടറെ അനുനയിപ്പിച്ച് ഉത്തരവ് മരവിപ്പിക്കാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. ഇതിനിടെയാണ് വകുപ്പ് ജീവനക്കാരുടെ സ്ഥാനക്കയറ്റം വൈകിപ്പിക്കുന്നതായി ആക്ഷേപമുയർന്നിരിക്കുന്നത്. വകുപ്പിലെ പ്യൂൺ മുതൽ ജില്ല അസി. പട്ടികജാതി ഓഫിസർമാർ വരെയുള്ളവരുടെ സ്ഥാനക്കയറ്റമാണ് മുടങ്ങിക്കിടക്കുന്നത്.
പ്യൂൺ-ക്ലർക്ക്-സീനിയർ ക്ലർക്ക്-ഗ്രേഡ് 2, പട്ടികജാതി വികസന ഓഫിസർ-ഗ്രേഡ് 1, പട്ടികജാതി വികസന ഓഫിസർ, ജില്ല അസി. പട്ടികജാതി വികസന ഓഫിസർ ക്രമത്തിലാണ് സ്ഥാനക്കയറ്റം. എന്നാൽ, ഏറെനാളായി സ്ഥാനക്കയറ്റം നടക്കുന്നില്ല. ഇതുമൂലം പല തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. സ്ഥാനക്കയറ്റം നടപ്പാക്കിയാൽ ഡയറക്ടറേറ്റിലടക്കം നാളുകളായി ‘സുരക്ഷിത’ സീറ്റിലിരിക്കുന്ന പലരെയും മാറ്റേണ്ടി വരുമെന്നതാണ് നടപടി മുടങ്ങാൻ കാരണമായി പറയുന്നത്. ഇതുസംബന്ധിച്ച ഫയലുകൾ വൈകിപ്പിക്കുകയാണെന്ന ആക്ഷേപം നാളുകളായി ഉണ്ടായിരുന്നു. ഇത് ഡയറക്ടറുടെ താൽപര്യമാണെന്ന പ്രചാരണവും നടന്നു. ഇത് തിരിച്ചറിഞ്ഞാണ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമായി ഡയറക്ടർ രംഗത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.