കോതമംഗലം: ‘പ്രിയപ്പെട്ട എൽദോ അവർകൾ ഇവിടെ മരിച്ചു കിടക്കുകയാണ്. അവരുടെ സഹോദരി നമ്മോട് ചോദിക്കുന്നു ബോഡി വെച്ച് കൊണ്ടാണോ നിങ്ങൾ ചർച്ച നടത്തുന്നത് എന്ന്. ഭയങ്കര വിഷമമുണ്ട്. ഞാൻ കൈകൂപ്പി നിങ്ങളോട് ചേദിക്കുന്നു: ആ ബോഡി ഒന്ന് എടുക്കാൻ അനുവാദം ഒന്ന് നിങ്ങൾ തരണം... ഞാൻ നൽകിയ വാഗ്ദാനം എല്ലാം പാലിക്കുമെന്ന ഉറപ്പ് ഞാൻ തരുന്നു’ - കോതമംഗലം ഉരുളൻതണ്ണിയിൽ കാട്ടാന ചവിട്ടിക്കൊന്ന എൽദോയുടെ മൃതദേഹത്തിന് മുന്നിൽനിന്ന് ഇന്നലെ അർധ രാത്രി രണ്ടുമണിക്ക് എറണാകുളം ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് കൈകൂപ്പി ജനങ്ങളോട് അഭ്യർഥിച്ചു. രാത്രി ആറുമണിക്കൂറോളം പ്രതിഷേധച്ചൂടിൽ തിളച്ചുനിന്ന മനുഷ്യർ അതോടെ അയഞ്ഞു. തുടർന്ന് ജില്ല കലക്ടർ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ എൽദോസിന്റെ മൃതദേഹം രാത്രി രണ്ടുമണിയോടെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി.
മരിച്ച എൽദോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി രാത്രി തന്നെ 10 ലക്ഷം രൂപയുടെ ചെക്ക് കലക്ടർ കൈമാറി. പ്രദേശത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ അഞ്ച് ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന് കലക്ടർ ഉറപ്പ് നൽകി. ഇന്ന് തന്നെ ആനമതിൽ നിർമിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാഗ്ദാനം നൽകി. കലക്ടറുടെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങളിൽ കൈക്കൊണ്ട നടപടികളുടെ അവലോകന യോഗം 27ന് കലക്ടറുടെ നേതൃത്വത്തിൽ നടക്കും. അതിനിടെ, കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കുട്ടമ്പുഴയിലും കോതമംഗലത്തും ഇന്ന് ജനകീയ ഹർത്താൽ നടക്കുകയാണ്. യു.ഡി.എഫ് നേതാക്കൾ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇന്ന് രാവിലെ 10ന് ഡി.എഫ്.ഒ ഓഫിസിലേക്ക് ജനകീയ മാർച്ചും നടത്തും.
അതേസമയമം, സംഭവത്തിൽ വനംമന്ത്രി എ.കെ.ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് തേടി. മുതിർന്ന ഉദ്യോഗസ്ഥരോട് സ്ഥലത്തെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയം ഗൗരവത്തിലെടുക്കുന്നുവെന്ന് പറഞ്ഞ മന്ത്രി, നാട്ടുകാരുടെ പ്രതിഷേധം ന്യായമാണെന്നും കൂട്ടിച്ചേർത്തു. ഫെൻസിങ് ഉൾപ്പെടെ എന്തുകൊണ്ട് വൈകിയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യജീവന് വിലകൽപിക്കാത്ത നടപടിയാണ് വനംവകുപ്പിന്റേതെന്ന് ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു.
സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാത്രി 8.30ഓടെ കെ.എസ്.ആർ.ടി.സി ബസിൽ ഉരുളൻതണ്ണി ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ ഇറങ്ങി വീട്ടിലേക്ക് പോകും വഴിയാണ് കാട്ടാന കോടിയാട്ട് വർഗീസിന്‍റെ മകൻ എൽദോസിനെ (45) ആക്രമിച്ചത്. ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് 250 മീറ്റർ മാറി ക്ണാച്ചേരി അമ്പലത്തിന് സമീപത്തുവെച്ചാണ് സംഭവം. ഇരുവശവും കാടായ ഇവിടം പിന്നിട്ടാണ് ജനവാസമേഖല. ഇതുവഴി കടന്നുപോയ ഓട്ടോ ഡ്രൈവറാണ് റോഡിൽ എൽദോസിന്‍റെ മൃതദേഹം കണ്ടത്. ആനയുടെ ചവിട്ടേറ്റ് എൽദോസിന്‍റെ ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നു. എൽദോസിന്‍റെ മാതാവ്: റീത്ത. സഹോദരി: ലീലാമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.