ആലുവ തോട്ടക്കാട്ടുകര ഭാഗത്ത് വീടിൻറെ ചുമരിൽ വ്യാപകമായി സ്ഥാനം പിടിച്ച ആഫ്രിക്കൻ ഒച്ചുകൾ

ഉപ്പിട്ടിട്ടും ഓടാതെ ആഫ്രിക്കൻ ഒച്ച്; ഇത്തിരിക്കുഞ്ഞൻ, ആളൊരു ഭീകരൻ

ആലുവ: ലോകത്തെ നൂറു വിനാശകാരിയായ ജീവികളിൽ ശാസ്ത്രജ്ഞന്മാർ ഉൾപ്പെടുത്തിയ ആഫ്രിക്കൻ ഒച്ചിന്‍റെ ശല്യത്തിൽ പൊറുതിമുട്ടി ആലുവ. സമീപഗ്രാമങ്ങൾക്ക് പുറമെ നഗരത്തിലും ശല്യം രൂക്ഷമായി തുടരുകയാണ്. മാരകമായ മെനിഞ്ചൈറ്റിസ് രോഗം പടരാൻ ഇവ കാരണമാകുമെന്ന്​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു.

ജൂലൈ മാസത്തോടെയാണ് നഗരത്തിൽ ഇവയുടെ സാന്നിധ്യം കൂടുതലായി കണ്ടുതുടങ്ങിയത്. ഇപ്പോൾ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുകയാണ്. ജനവാസ കേന്ദ്രമായ തോട്ടക്കാട്ടുകരയിലാണ് ശല്യം കൂടുതൽ.

പച്ചപ്പും ജലാംശവും കൂടുതലുള്ള പ്രദേശങ്ങളിലാണ് ഒച്ചുകൾ കൂടുതലായി കാണപ്പെടുന്നത്. നഗരസഭ ഓഫിസ് സ്ഥിതി ചെയ്യുന്ന 12ാം വാർഡിലാണ് തുടക്കത്തിൽ ഒച്ചുകൾ നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്നത്. സമീപ വാർഡുകളിലും ശല്യമുണ്ടായിരുന്നു. ഉപ്പ്​ വാരിയിട്ടാൽ ഇവ നശിക്കുമെങ്കിലും പതിനായിരകണക്കിന്​ വരുന്ന ഒച്ചിനെ എങ്ങനെ പൂർണമായി നശിപ്പിക്കാനാവുമെന്ന്​ അറിയാ​െത നട്ടംതിരിയുകയാണ്​ നാട്ടുകാർ.

മഴപെയ്യു​േമ്പാൾ കൂട്ടത്തോടെ പുറത്തിറങ്ങും

മഴ സമയത്താണ് ശല്യം രൂക്ഷം. സാധാരണ ഇലകൾക്കിടയിലും മറ്റും പറ്റി പിടിച്ചിരിക്കുന്ന ഇവ മഴപെയ്യു​േമ്പാൾ പുറത്തിറങ്ങും. വീടിൻറെ മുറ്റത്തും മതിലുകളിലും കിണറിന്‍റെ അരികുകളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇവ നാട്ടുകാർക്ക് ശല്യമായിരിക്കയാണ്.

കപ്പ, വാഴ തുടങ്ങിയ കൃഷികളെയും ഇവ നശിപ്പിക്കുന്നു. വാഴക്കൈകളിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന ഇവ നീര് ഊറ്റി കുടിക്കുന്നതിനാൽ വാഴകൾ ഉണങ്ങി പോകുകയുമാണ്. ഉപ്പ് വിതറിയാൽ ഇവ നശിക്കുമെങ്കിലും അധികം താമസിയാതെ കൂടുതൽ ഒച്ചുകൾ എത്തിപ്പെടുകയാണ്. ഒരു ഒച്ച് അഞ്ഞൂറ് മുട്ടകൾ വരെ ഇടുമെന്നാണ് വിദഗ്ദർ പറയുന്നത്. അത് കൊണ്ട് തന്നെ ഇതിന്‍റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മണ്ണിനടിയിലാണ് മുട്ടയിടുന്നതെന്നതിനാൽ അവ നശിപ്പിക്കാനും പറ്റുന്നില്ല.

നഗരസഭയിലും നോ രക്ഷ!

നഗരസഭ ഓഫിസ് വളപ്പിലടക്കം ഒച്ചുകൾ വ്യാപകമായിട്ടുണ്ട്. മഴപെയ്യുന്ന ദിവസങ്ങളിൽ നാട്ടുകാർക്ക് സന്ധ്യകഴിഞ്ഞ് പുറത്തിറങ്ങാൻ കഴിയാതായിട്ടുണ്ട്. തോട്ടക്കാട്ടുകരയിൽ ആഫ്രിക്കൻ ഒച്ചിൻറെ ശല്യം രൂക്ഷമായിട്ടും നഗരസഭയുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഇല്ലെന്ന് ആക്ഷേപമുണ്ട്. വീടിൻറെ ജനൽ വഴിയും എയർഹോളിലൂടെയും അകത്തേക്ക് കയറുന്ന അവസ്‌ഥയാണ് ഇപ്പോഴുള്ളത്.

മുൻ ഭരണസമിതി ഒച്ചിനെ നശിപ്പിക്കാൻ എല്ലാ വീടുകളിലും ഉപ്പ് വിതരണം ചെയ്യുമായിരുന്നു. ഈ കൗൺസിൽ അധികാരത്തിൽ വന്ന്​ ഒമ്പതു മാസം തികഞ്ഞിട്ടും ഒന്നുംചെയ്​തില്ലെന്ന് മുൻ കൗൺസിലർ ശ്യാം പദ്മനാഭൻ ആരോപിക്കുന്നു. ഡെങ്കിപ്പനി പല വാർഡുകളിലും റിപ്പോർട്ട് ചെയ്തിട്ടും നഗരസഭ അനങ്ങാപ്പാറ നയം തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അപകടകാരികൾ; ഗുരുതര രോഗവാഹകർ

ഗുരുതര രോഗങ്ങൾക്ക് ഇടയാക്കുന്ന ആഫ്രിക്കൻ ഒച്ചുകളെ നിസാരമായി തള്ളിക്കളയരുതെന്നാണ്​ വിദഗ്ധരുടെ മുന്നറിയിപ്പ്​. മാരകമായ മെനിഞ്ചൈറ്റിസ് രോഗം പടരാനും ഈ ഒച്ച് കാരണമാകും. കടുത്ത തലവേദനയാണ് പ്രധാന രോഗലക്ഷണം. തുടർന്ന് രോഗി കോമ അവസ്ഥയിൽ വരെ എത്താം. മരണവും സംഭവിക്കാം.

അതുകൊണ്ട് ഇവയെ കൈകാര്യം ചെയ്യുന്നവർ വളരെ സൂക്ഷിക്കേണ്ടതുണ്ട്. വെറുതെ കാലുകൊണ്ട് തട്ടുകയോ കയ്യിലെടുക്കുകയോ ചെയ്യരുത്. കയ്യുറ ഉപയോഗിക്കണം. സ്പർശിച്ചാൽ സോപ്പുകൊണ്ട് കൈ കഴുകി വൃത്തിയാക്കുകയും വേണം.

ഒരു വർഷം 1200 മുട്ടകളിടുന്ന ഈ ഒച്ച് 500ൽ പരം സസ്യങ്ങളെ ആഹാരമാക്കുന്നതിനാൽ കൃഷിക്ക് വലിയ ഭീഷണിയാണ്. ബഹാമാസ് പോലുള്ള രാജ്യങ്ങളിലെ പേടിസ്വപ്നമാണ് ഇവ. പപ്പായ, ഏത്തപ്പഴത്തൊലി തുടങ്ങിയവയാണ് ഒച്ചുകളുടെ പ്രിയ ഭക്ഷണം. അതുകൊണ്ടുതന്നെ ഇവയൊന്നും അലക്ഷ്യമായി വലിച്ചെറിയരുത്.

വെറുതെ മണ്ണിൽ കിടക്കുന്ന ചീഞ്ഞളിഞ്ഞ ഇലകൾ പോലും തിന്നു ജീവിക്കാൻ കഴിയുമെന്നതിനാൽ ഇവക്ക് വളരാൻ ഇവിടത്തെ സാഹചര്യം അനുകൂലമാണ്.

ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാൻ

ചീഞ്ഞുതുടങ്ങിയ പഴത്തൊലി, പപ്പായ എന്നിവ കൂട്ടിവച്ചാൽ ഒച്ചുകൾ ആകർഷിക്കപ്പെടും. പിന്നീട് ഉപ്പും തുരിശും ഉപയോഗിച്ച് ഇവയെ നശിപ്പിക്കാം. ബ്ലീച്ചിങ്​ പൗഡർ, ഉപ്പ് എന്നിവ ചേർത്ത മിശ്രിതവും ഉപയോഗിക്കാം.

ശ്രദ്ധി​േക്കണ്ട കാര്യങ്ങൾ:

  • ഒച്ചുകളെ തൊടരുത്.
  • ഒച്ചിന്‍റെ ദ്രവം ശരീരത്തിലാവാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • കാർഷിക വിളകൾ അടക്കമുള്ള സാധനങ്ങളിൽ ഒച്ചില്ല എന്ന് ഉറപ്പാക്കുക.
  • പച്ചക്കറികള്‍ കഴുകി മാത്രം ഉപയോഗിക്കുക.
  • ഒച്ച് വളരുന്ന സാഹചര്യങ്ങൾ പൂർണമായി ഒഴിവാക്കുക. (ഉദാ: മണ്ണിൽ കിടക്കുന്ന ചാക്കിന്റെ അടിഭാഗം, തടി, വിറക് കൂന, ഓവുചാലുകൾ, മാലിന്യ കൂമ്പാരം.. etc)
  • മുറ്റവും പരിസരവും വൃത്തിയാക്കുക.
  • മണ്ണ് 1-2 ഇഞ്ച് ആഴത്തിൽ ഇളക്കി ബ്ലീച്ചിങ്​ പൗഡർ, ഉപ്പ് എന്നിവ ചേർത്ത മിശ്രിതം വിതറുക
  • രാത്രിയിൽ മിശ്രിതം വിതറുന്നത് കൂടുതൽ ഗുണം ചെയ്യും.
  • മുട്ട വിരിയാതിരിക്കാൻ തുടർച്ചയായി 3, 4 ദിവസം മിശ്രിതം പ്രയോഗിക്കുക. നാടൻ ഒച്ചുകൾ പൂർണമായും നശിക്കും. പുകയില കഷായവും പ്രയോഗിക്കാം.
Tags:    
News Summary - African Snail in Aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.