കടുങ്ങല്ലൂർ: ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ എടയാർ വ്യവസായ മേഖലയിലെ ചെറുകിട കമ്പനികളിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ ഉൽപന്നങ്ങൾ നശിച്ചു. എടയാർ ബിനാനി ജങ്ഷനിൽ പ്രവർത്തിക്കുന്ന ഭാരത് പോളിമേഴ്സ്, സ്പെക്ട്രം കെമിക്കൽ എന്നീ കമ്പനികളിലാണ് വെള്ളം കയറി നാശനഷ്ടമുണ്ടായത്.
ഭാരത് പോളിമേഴ്സിൽ മാത്രം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതാണ് വ്യവസായ ശാലകളിലേക്ക് വെള്ളം കയറാൻ കാരണമെന്ന് ചെറുകിട വ്യവസായ അസോസിയേഷൻ പറഞ്ഞു. ഉയർന്ന പ്രദേശത്തുനിന്ന് ഒഴുകി വരുന്ന വെള്ളം കാനയില്ലാത്തതിനാൽ കമ്പനികളിലേക്ക് ഇരച്ചുകയറുകയാണ്.
കാന നിർമിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് അധികൃതർക്ക് നിരവധി പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. റോഡുപണിക്കായി ഇറക്കിയ മെറ്റൽ വഴികളിൽ കൂടിക്കിടക്കുന്നതും വെള്ളം കയറുന്നതിന് കാരണമായി.
മഴ ശക്തമായി തുടരുകയാണെങ്കിൽ കമ്പനികളുടെ പ്രവർത്തനം നിർത്തേണ്ടി വരുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കമ്പനികൾക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ തയാറാകണമെന്നതാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.