ആലുവ: രോഗികൾക്ക് തണലായി ആലുവ ജില്ല ആശുപത്രിയിലെ കോവിഡ് ചികിത്സ കേന്ദ്രം. അത്യാസന്ന നിലയിലായവരെ വരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ ഇവിടത്തെ ചികിത്സക്കായി.
ഏപ്രിൽ 15നാണ് ആരംഭിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ മെഡിക്കൽ വിദ്യാർഥികൾക്ക് പഠന സൗകര്യമൊരുക്കുന്നതിെൻറ ഭാഗമായി അവിടെനിന്ന് ജില്ല ഭരണകൂടം അത്യാഹിത രോഗികളെ ഇവിടേക്ക് മാറ്റി പ്രത്യേക കേന്ദ്രം ഒരുക്കുകയായിരുന്നു. പുരുഷ, വനിത വാർഡുകളാണ് കോവിഡ് കേന്ദ്രമാക്കി മാറ്റിയത്. ഒരു ഐ.സി.യു പോലുമില്ലാതിരുന്ന ആശുപത്രിയിൽ 46 വെൻറിലേറ്റർ യൂനിറ്റുകൾ തയാറാക്കി. രണ്ട് കോടിയോളം രൂപ കോവിഡ് ബ്ലോക്കിെൻറ സിവിൽ ഇലക്ട്രിക്കൽ ജോലികൾക്കും ഉപകരണങ്ങൾക്കുമായി ചെലവഴിച്ചു. 100 ഐ.സി.യു ബെഡ് സൗകര്യമുണ്ട്. കോവിഡ് രോഗികൾക്കായുള്ള മേജർ, മൈനർ ഓപറേഷൻ തിയറ്ററുകളും ലേബർ റൂമും ഒന്നാം നിലയിൽ പ്രവർത്തിക്കുന്നു.
വിവിധ ഭാഗങ്ങളിൽനിന്ന് സഹായമൊഴുകി
ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഫണ്ടുകൾ, സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സഹായ ഹസ്തം എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽനിന്നും സഹായം എത്തുന്നുണ്ട്. അൻവർ സാദത്ത് എം.എൽ.എ ഒരു കോടി രൂപ അനുവദിച്ചിരുന്നു. 50 ലക്ഷം രൂപയുടെ ജീവൻ രക്ഷ ഉപകരണങ്ങൾ ജില്ല പഞ്ചായത്ത് നൽകി. ജനറേറ്ററിന് 20 ലക്ഷവും നൽകി. റോട്ടറി ക്ലബും വെൻറിലേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നൽകി. പത്ത് ലക്ഷം രൂപയുടെ ട്രാൻസ്ഫോർമർ ചികിത്സ കേന്ദ്രത്തിനായി സ്ഥാപിച്ചു. മൂന്നര കോടി രൂപയുടെ ഉപകരണങ്ങളാണ് ഫെഡറൽ ബാങ്ക് നൽകിയത്. കോവിഡിെൻറ അതിതീവ്ര വ്യാപന സമയത്ത് സർക്കാർ മേഖലയിൽ ഐ.സി.യു സംവിധാനങ്ങൾ ഒരുക്കാൻ ഫെഡറൽ ബാങ്ക് സഹായം തുണയായിരുന്നു.
രോഗ മുക്തിനേടിയത് 1508 പേർ
അത്യാസന്ന നിലയിലുള്ള കോവിഡ് രോഗികൾക്കാണ് ഇവിടെ ചികിത്സ. ഇത്തരത്തിൽ എത്തിയ 1508 പേർ രോഗമുക്തരായി. 6615 എക്സ്റേ, 154 സി.ടി സ്കാൻ, 750 എക്കോ കാർഡിയോഗ്രാം എന്നിവ നടത്തി. ലാബിൽ മാത്രം 35 ലക്ഷം രൂപയുടെ സാമഗ്രികളാണ് ഓരോ മാസവും ആവശ്യമായിവരുന്നത്. എന്നാൽ, ഇവിടെ എല്ലാം സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ ഗുരുതരാവസ്ഥയിലുള്ളവർ വരെ ചെലവ് താങ്ങാൻ കഴിയാതെ ഇവിടെയെത്തി തുടർ ചികിത്സ നടത്തുന്നുണ്ട്.
ചികിത്സ കേന്ദ്രത്തിൽ പിറന്നത് 108 കുഞ്ഞുങ്ങൾ
ആഗസ്റ്റ് നാലിനാണ് ഇവിടെ കോവിഡ് ബാധിച്ച ഗർഭിണികൾക്ക് ചികിത്സ ആരംഭിച്ചത്. ഇതുവരെ 222 ഗർഭിണികളാണ് ചികിത്സ തേടിയത്. ഇതിൽ 29 പേരുടെ സുഖപ്രസവം ഇവിടെ നടന്നു. സിസേറിയനിലൂടെ 79 പേർ ജന്മം നൽകി. ഓരോ വാർഡിലും ഓക്സിജൻ സൗകര്യത്തോടെ മൾട്ടി പാരാമോണിറ്ററോടു കൂടിയ ബെഡുകളാണുള്ളത്. രണ്ട് കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ഈ ബ്ലോക്കിൽ മാത്രമായുണ്ട്.
1120 ഡയാലിസിസുകൾ
ജില്ലയിൽ കോവിഡ് രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് സർക്കാർ മേഖലയിൽ മെഡിക്കൽ കോളജിലും ആലുവയിലും മാത്രമാണ് സൗകര്യമുള്ളത്. അഞ്ച് യൂനിറ്റുകളാണ് ആലുവയിലുള്ളത്. 1120 ഡയാലിസിസുകൾ ഇതുവരെ ചെയ്തു. ചില രോഗികൾക്ക് മോണോക്ലോണൽ ആൻറി ബോഡി ചികിത്സയും വേണ്ടിവരാറുണ്ട്. ഇതിന് സ്വകാര്യ മേഖലയിൽ 60,000 രൂപയാണ് ചെലവ്. ഇത്തരത്തിൽ 156 പേർക്ക് ചികിത്സ സൗജന്യമായി നടത്തിയിട്ടുണ്ട്.
തുടക്കത്തിൽ 384 ജീവനക്കാർ
കോവിഡ് ചികിത്സ കേന്ദ്രത്തിൽ തുടക്കത്തിൽ 384 താൽക്കാലിക ജീവനക്കാരാണ് ഉണ്ടായിരുന്നത്. അവർക്ക് മാത്രം മാസം 45 ലക്ഷം രൂപ ശമ്പളം നൽകിയിരുന്നു. പിന്നീട് തിരക്ക് കുറഞ്ഞപ്പോൾ ജീവനക്കാരുടെ എണ്ണം 180 ആയി കുറച്ചു. നിലവിൽ 15 ലക്ഷം രൂപയാണ് ഇവർക്ക് ശമ്പള ഇനത്തിൽ പ്രതിമാസ ചെലവ്. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്ന കുമാരിയും നോഡൽ ഓഫിസർ ഡോ. സിറിൽ ജി. ചെറിയാനുമാണ് ചികിത്സ കേന്ദ്രത്തിന് ചുക്കാൻ പിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.