ആലുവ: നിർമാണം തുടങ്ങിയിട്ട് വർഷം കുറച്ചായി, എന്ന് തീരുമെന്ന് ആർക്കും ഒരുനിശ്ചയവുമില്ല. ആലുവയിലെ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന്റെ നിർമാണമാണ് ഇഴഞ്ഞുനീങ്ങുന്നത്. ജില്ലയിലെതന്നെ പ്രധാന ബസ്സ്റ്റാൻഡിന്റെ നിർമാണമാണ് നാലുവർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്തത്. അധികൃതരുടെ അനാസ്ഥയും രാഷ്ട്രീയ പകപോക്കലുകളുമാണ് നവീകരണ പ്രവർത്തനങ്ങൾ വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം.
അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അഞ്ചുകോടി രൂപ ചെലവഴിച്ചായിരുന്നു നിർമാണം ആരംഭിച്ചത്. 2019 ജൂൺ എട്ടിന് നിലവിലെ കെട്ടിടം പൊളിച്ചു. 2020 ജനുവരി 28ന് അന്നത്തെ ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ ശിലാസ്ഥാപനം നിർവഹിച്ചു. കുറച്ചുകാലം സ്വകാര്യ ബസ്സ്റ്റാൻഡിൽ ബദൽ സൗകര്യമൊരുക്കിയെങ്കിലും കാലക്രമേണ നിലച്ചു. കെ.എസ്.ആർ.ടി.സി - പി.ഡബ്ല്യു.ഡി തർക്കങ്ങളെ തുടർന്ന് രൂപരേഖ പലവട്ടം മാറിമറിഞ്ഞു. അവസാന രൂപരേഖ പ്രകാരമുള്ള കെട്ടിട നിർമാണം പൂർത്തിയായിട്ട് രണ്ട് വർഷത്തിലേറെയായി. പിന്നീട് മാലിന്യസംസ്കരണത്തിനും സ്റ്റാൻഡിലെ പാർക്കിങ് ഏരിയ നവീകരണത്തിനും 2.5 കോടി രൂപ കൂടി അനുവദിച്ചെങ്കിലും ഇതുവരെ പൂർത്തിയാക്കിയില്ല. ഇതേ തുടർന്ന് കരാറുകാരൻ ഉപേക്ഷിച്ചുപോയി. ഉടൻ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രിയടക്കം പറഞ്ഞതല്ലാതെ നടപടികളൊന്നുമുണ്ടായില്ല. ഭരണപക്ഷ പാർട്ടിയിലെ ചിലർക്ക് എം.എൽ.എയോടുള്ള വിരോധമാണ് സ്റ്റാൻഡ് നവീകരണം വൈകുന്നതിന് ഇടയാക്കുന്നതെന്നും ആരോപണമുണ്ട്.
വെയിലും മഴയും കൊണ്ടാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. മഴ ശക്തമായാൽ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് കയറി നിൽക്കാൻ ഇടമില്ല. ടാറിങ് പൂർത്തിയാകാത്ത, കുണ്ടും കുഴിയും നിറഞ്ഞ സ്റ്റാൻഡിൽ ബസുകൾ വന്നുപോകുമ്പോൾ യാത്രക്കാരുടെ മേൽ ചളിയും തെറിക്കും. യാത്രക്കാർക്കും ജീവനക്കാർക്കും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും ഇടമില്ല.
ആലുവ: നിലവിൽ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് നവീകരണത്തിന്റെ മെല്ലെപ്പോക്കിന് കാരണം സ്റ്റാൻഡിന് മുൻവശത്ത് കെ.എസ്.ആർ.ടി.സി ‘യാത്ര ഫ്യൂവൽസ്’ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണെന്ന് അറിയുന്നു. പമ്പ് തുടങ്ങുന്ന കാര്യത്തിൽ അൻവർ സാദത്ത് എം.എൽ.എയും കെ.എസ്.ആർ.ടി.സി എം.ഡിയും വ്യത്യസ്ത നിലപാടിലാണ്. റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നതിനാൽ പമ്പ് പാടില്ലെന്നാണ് എം.എൽ.എയുടെ നിലപാട്. കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ പമ്പ് തുറക്കണമെന്ന വാദത്തിൽനിന്ന് പിന്നോട്ട് പോകാൻ എം.ഡി തയാറാകുന്നുമില്ല.
ഇക്കാര്യത്തിൽ അഭിപ്രായഭിന്നത പരിഹരിക്കാത്തതിനാലാണ് സ്റ്റാൻഡ് നിർമാണത്തിൽ കെ.എസ്.ആർ.ടി.സി മെല്ലപ്പോക്ക് സമീപനം സ്വീകരിക്കുന്നതെന്നാണ് അറിയുന്നത്. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലും എം.എൽ.എയും എം.ഡിയും വിട്ടുവീഴ്ചക്ക് തയാറാകാതിരുന്നതോടെ സ്ഥലത്തിന്റെ രൂപരേഖ തയാറാക്കാൻ മന്ത്രി നിർദേശിച്ചു. മൂന്ന് മാസം മുമ്പ് വീണ്ടും യോഗം വിളിച്ചെങ്കിലും അവസാനനിമിഷം മാറ്റുകയായിരുന്നു.
ആലുവ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ ‘യാത്ര ഫ്യൂവൽസ്’ തുടങ്ങിയാൽ റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതക്കുരുക്ക് ഇരട്ടിയാകും. നിലവിൽ ഈ ഭാഗത്ത് കുരുക്ക് രൂക്ഷമാണ്. സ്റ്റാൻഡിൽ ആവശ്യത്തിലേറെ സ്ഥലമുണ്ടെങ്കിലും റോഡിന് അഭിമുഖമായി വീതി കുറവാണ്. ഇവിടെ പമ്പ് അനുവദിച്ചാൽ ബസുകൾക്ക് സ്റ്റാൻഡിലേക്ക് പ്രവേശിക്കാനും ഇറങ്ങാനും ബുദ്ധിമുട്ടാകും. ഇതുമൂലം തുടരെത്തുടരെ ബസുകൾ വരുമ്പോൾ റോഡിൽ കിടക്കണ്ടിവരും. പമ്പിലേക്ക് വരുന്ന വാഹനങ്ങളുടെ നിര തിരക്കേറിയ റെയിൽവേ റോഡിനെ ഗതാഗതക്കുരുക്കിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.