ആലുവ: മാർക്കറ്റിൽ മലിനജലവും മാലിന്യവും കെട്ടിക്കിടക്കുന്നു. മഴവെള്ളംകൂടി ആയതോടെ വലിയ മാലിന്യക്കുളം രൂപപ്പെട്ട അവസ്ഥയാണ്. ചീഞ്ഞ പച്ചക്കറി അടക്കം മാലിന്യം ആധുനിക മാർക്കറ്റ് പദ്ധതി പ്രദേശത്ത് കുന്നുകൂടി കിടക്കുകയാണ്. മാലിന്യ പ്രശ്നങ്ങൾക്കിടയിൽ ഡെങ്കിപ്പനി അടക്കം രോഗങ്ങൾകൂടി വ്യാപകമായതോടെ മാർക്കറ്റും സമീപങ്ങളും പകർച്ചവ്യാധി ഭീതിയിലാണ്.
വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും മാലിന്യ പ്രശ്നവും രോഗവും ദുരിതമായിട്ടുണ്ട്. നഗരസഭയുടെ ആധുനിക മാർക്കറ്റ് നിർമാണത്തിനുള്ള പദ്ധതി പ്രദേശത്താണ് മാലിന്യം നിറഞ്ഞത്. മാർക്കറ്റിലെ മാലിന്യത്തിന് പുറമെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുവരെ മാലിന്യം കൊണ്ടിടുന്നുണ്ട്. മാർക്കറ്റിൽ നിന്നുള്ള മാലിന്യനീക്കം നാളുകളായി നിലച്ചമട്ടാണ്. മഴ ശക്തമായതോടെ കൊതുക് ശല്യവും രൂക്ഷമാണ്.
മാലിന്യം നിറഞ്ഞ പ്രദേശത്തോട് ചേർന്നാണ് മത്സ്യ മൊത്തക്കച്ചവടം നടക്കുന്നത്. മീൻ വാങ്ങാനെത്തുന്ന ചെറുകിട വ്യാപാരികൾക്കും മൊത്തക്കച്ചവടക്കാർക്കും മാലിന്യപ്രശ്നം ദുരിതമായിട്ടുണ്ട്. തൊട്ടടുത്ത മാർക്കറ്റ് മസ്ജിദിൽ പ്രാർഥനക്കെത്തുന്നവർക്കും ദുർഗന്ധവും കൊതുകുശല്യവും ബുദ്ധിമുട്ടാവുകയാണ്.
വർഷങ്ങൾക്ക് മുമ്പ് ആധുനിക മാർക്കറ്റ് കെട്ടിടം നിർമിക്കാൻ ഇവിടെയുണ്ടായിരുന്ന പഴയ പ്രധാന കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. എന്നാൽ, പുതിയ കെട്ടിട നിർമാണം ആരംഭിക്കാനായില്ല. ഇതോടെ ഈഭാഗം മാർക്കറ്റിലെയും മറ്റും മാലിന്യം തള്ളാനുള്ള സ്ഥലമായി മാറി. മാർക്കറ്റിൽ മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നതായി വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.