തുരുത്ത് നടപ്പാലത്തിൽ റെയിൽവേ അധികൃതർ സ്‌ഥാപിച്ച പുതിയ ബോർഡ്

റെയിൽവേ നടപ്പാലം സംരക്ഷണം; 'മാധ്യമ'ത്തിന് നന്ദിയർപ്പിച്ച് തുരുത്ത്

ആലുവ: തുരുത്ത് റെയിൽവേ നടപ്പാലം സംരക്ഷിക്കാൻ തീരുമാനമായതിൽ ഗ്രാമവാസികൾ ആഹ്ളാദത്തിൽ. നടപ്പാലം ഗ്രാമവാസികളെ സംബന്ധിച്ച് കേവലമൊരു സഞ്ചാരമാർഗമല്ല. അതിലുപരി അതൊരു വികാരമാണ്. ജീവൻ പണയംവച്ച് ഗ്രാമീണർ നേടിയെടുത്ത അവകാശമായിരുന്നു ഈ സഞ്ചാരമാർഗം. പെരിയാറിനാലും കൈവഴികളാലും ചുറ്റപ്പെട്ട തുരുത്തിൽ നിന്ന് പുറംലോകത്തേക്ക് പോകാൻ കടത്തുമാത്രമായിരുന്നു നാട്ടുകാരുടെ ഏക ആശ്രയം.

ഒരുകാലത്ത് യാത്രാ-ചരക്ക് വഞ്ചിയേയും, കെട്ടു വള്ളങ്ങളേയും ആശ്രയിച്ചിരുന്ന തുരുത്തുകാര്‍ക്ക് ആലുവ നഗരത്തിലേക്കുള്ള മറ്റൊരു യാത്രാ മാര്‍ഗമായിരുന്നു റെയില്‍വേ പാലം. റെയില്‍വേ പാലത്തിലെ ട്രാക്കിനിടയിലുള്ള ഒന്നരയടി മാത്രം വീതിയുള്ള തകര ഷീറ്റിലൂടെ ജീവൻ പണയംവെച്ചാണ് നാട്ടുകാർ ആലുവയിലേക്ക് നടന്നിരുന്നത്. കുതിച്ചു പാഞ്ഞെത്തിയ തീവണ്ടിയ്ക്ക് മുന്നില്‍ തുരുത്ത്‌ വാസികളിൽ പലർക്കും സ്വന്തം ജീവന്‍ ബലികഴിക്കേണ്ടി വന്നു. ഇതിന് പരിഹാരം റെയിൽവേ പാലത്തിന് സമാന്തരമായി ഒരു നടപ്പാലം മാത്രമാണെന്ന ആശയത്താലാണ് ഗ്രാമീണർ ഒന്നടങ്കം സമരരംഗത്തിറങ്ങിയതും പാലം നേടിയെടുത്തതും. അതിനാൽ തന്നെ പാലം അടച്ചിടാനുള്ള റെയിൽവേ അധികൃതരുടെ തീരുമാനം ഗ്രാമീണരെ ആശങ്കയിലാക്കിയിരുന്നു. 

തുരുത്തിന്‍റെ ആകുലതകൾ 'മാധ്യമ'മാണ് പുറംലോകത്ത് കൂടുതൽ ചർച്ചക്ക് വഴിയൊരുക്കിയത്. തുടർച്ചയായി പ്രസിദ്ധീകരിച്ച വാർത്തകളെ തുടർന്നാണ് ജനപ്രതിനിധികൾ പ്രശ്നത്തിൽ ഇടപെട്ടതും വിവിധ സംഘടനകൾ പ്രതിഷേധ സമരങ്ങളുമായി രംഗത്തിറങ്ങിയതും. ഇതിന്‍റെ ഭാഗമായി ബെന്നി ബഹനാൻ എം.പി റെയിൽവേ അധികൃതരുമായി ചർച്ച നടത്തിയാണ് പ്രശ്ന പരിഹാരമുണ്ടാക്കിയത്. തങ്ങളുടെ പ്രധാന സഞ്ചാര മാർഗമായ പാലം സംരക്ഷിക്കുന്നതിന് നിർണായക പങ്കുവഹിച്ച 'മാധ്യമ'ത്തിന് നന്ദി പറയുകയാണ് തുരുത്ത് ഗ്രാമം. 

പാലത്തിന്‍റെ അറ്റകുറ്റപ്പണികൾ കൂടി ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഇല്ലാത്ത രീതിയിൽ നിർവഹിക്കുവാൻ ആവശ്യമായ നടപടികളെടുക്കാൻ റെയിൽവേ തയ്യാറാകണമെന്ന് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് 11ാം വാർഡ് അംഗം നിഷ ടീച്ചർ ആവശ്യപ്പെട്ടു. 'മാധ്യമം' പത്രത്തിൽ വന്ന നടപ്പാലത്തിന്‍റെ നിർമാണത്തിന് ഹേതുവായ സമരചരിത്ര വിവരണമടക്കുള്ള വാർത്തകൾ പാലം സംരക്ഷിക്കപ്പെട്ടതിൽ  ശ്രദ്ധേയമായ പങ്കാണ് വഹിച്ചതെന്നും അവർ പറഞ്ഞു.

എം.പിയുടെ ഇടപെടലിലൂടെ പാലം സംരക്ഷിക്കപ്പെട്ടതിൽ തുരുത്ത് നിവാസികൾ ആഹ്ളാദത്തിലാണെന്ന് 12ാം വാർഡ് അംഗം നഹാസ് കളപ്പുരയിൽ പറഞ്ഞു. പ്രതിസന്ധിയുടെ തുടക്കം മുതൽ വാർത്തകൾ നൽകി പരിഹാരത്തിന് വഴിയൊരുക്കുന്നതിൽ പങ്കുവഹിച്ച 'മാധ്യമം' പത്രത്തിന് തുരുത്ത് നിവാസികളുടെ നന്ദി അറിയിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

പാലം സംരക്ഷിക്കപ്പെടുന്നതിന് വഴിയൊരുക്കുന്നതിൽ 'മാധ്യമ'ത്തിന്‍റെ ഇടപെടൽ ശ്രദ്ധേയമായിരുന്നെന്ന് 1980ലെ പാലം സമര നായകൻ മുഹമ്മദ് ഈട്ടുങ്ങൽ അഭിപ്രായപ്പെട്ടു. എം.പിയടക്കുള്ള ജനപ്രതിനിധികൾ പ്രശ്നത്തിൽ ഇടപെടുന്നതിൽ വാർത്തകൾ മുഖ്യ പങ്കുവഹിച്ചതായും ഇതിന് നന്ദി പറയുന്നതായും കോൺഗ്രസ് ചെങ്ങമനാട് മണ്ഡലം പ്രസിഡൻറ് ഷരീഫ് ഹാജി അഭിപ്രായപ്പെട്ടു.  

തുരുത്ത് റെയിൽവേ നടപ്പാലം പുനർ നിർമിക്കുവാനുള്ള റെയിൽവേയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡൻറ് കരീം കല്ലുങ്കൽ അഭിപ്രായപ്പെട്ടു.  ജനപ്രതിനിധികളെയും വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ സാമൂഹിക സംഘടനകളെയും വിഷയത്തിൽ രംഗത്തിറക്കാനും പ്രശ്ന പരിഹാരത്തിലേക്കെത്തിക്കാനും 'മാധ്യമം' നൽകിയ വാർത്തകൾക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയില്‍ ആദ്യമായി ജനകീയ സമരത്തിലൂടെ നേടിയെടുത്ത ആലുവ- തുരുത്ത് റെയില്‍വേ നടപ്പാലം സംരക്ഷിക്കുന്നതിൽ 'മാധ്യമം' വലിയ പങ്കുവഹിച്ചതായി എസ്.ഡി.പി.ഐ ആലുവ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് എന്‍.കെ. നൗഷാദ്  അറിയിച്ചു. നടപ്പാലം സംരക്ഷിക്കുന്നതിനായി പ്രയത്നിച്ച ബെന്നി ബഹനാൻ എം.പിയെ മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് എം.കെ.എ.ലത്തീഫ്, ജില്ല പ്രവർത്തക സമിതി അംഗം സെയ്ദ് കുഞ്ഞ് പുറയാർ എന്നിവർ അഭിനന്ദിച്ചു. പാലം വിഷയം ജനശ്രദ്ധയിലേക്ക് കൊണ്ടുവന്ന മാധ്യമത്തിന് ഇരുവരും നന്ദി അറിയിച്ചു.

തുരുത്ത് റയിൽവെ നടപ്പാലം പഴമയോടെ പുതുക്കി സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആഗ്രഹം ഉൾക്കൊണ്ടു കൊണ്ടുള്ള 'മാധ്യമം' ദിനപത്രത്തിന്‍റെ നിരന്തരമായ റിപ്പോർട്ടുകൾ വളരെ പ്രയോജനകരമായതായി പി.ഡി.പി  ആലുവ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ആലുവ അറഫ ബിൽഡിങ്ങിൽ കൂടിയ മണ്ഡലം കമ്മറ്റി യോഗം മണ്ഡലം പ്രസിഡൻറ് ജമാൽ ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. 

Tags:    
News Summary - aluva thuruth railway foot overbridge people thanked madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.