ആലുവ: വായനയിലൂടെ വളരാൻ കാഴ്ചയുടെ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് അശ്വനി എൻ. കിണി. ഇരുൾമൂടിയ ജീവിത പ്രതിസന്ധികളെ മറികടന്ന് വിരലുകൊണ്ട് വായിച്ച് വിജയം നേടുകയാണ് ഈ 12 കാരി. മലയാളത്തിലെ പ്രമുഖ സാഹിത്യങ്ങൾക്ക് പുറമെ ലോക സാഹിത്യങ്ങളും അകക്കണ്ണാൽ വായിച്ചുകഴിഞ്ഞു. വിരലുകൊണ്ട് വായനയുടെ ലോകത്തെയും ലോകത്തിെൻറ സ്പന്ദനങ്ങളെയും അശ്വനി കീഴടക്കുന്നു.
ബ്രെയിൽ ലിപി ഗ്രന്ഥങ്ങളും പുസ്തകങ്ങളുടെ ഓഡിയോ പകർപ്പുകളുമാണ് ഈ 12 കാരിയുടെ കൂട്ടുകാർ. വായനയിലുള്ള താൽപര്യം അശ്വനിയെ ഇതിനകം പ്രശസ്തയാക്കിയിട്ടുണ്ട്.
കാഴ്ച പരിമിതരായവരുടെ കണ്ണു പോലെ വർത്തിക്കുന്ന ബ്രെയിൽ ലിപി ആവിഷ്കരിച്ച ലൂയി ബ്രെയിലിെൻറ ജന്മദിനത്തിൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ബ്രെയിൽ വായന മത്സരത്തിൽ യു.പി വിഭാഗം ജേതാവായത് ആലുവ സ്കൂൾ ഫോർ ദി ബ്ലൈൻഡിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ അശ്വനി എൻ കിണിയായിരുന്നു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് സമ്മാനതുകയായ 10,000 രൂപയും പ്രശസ്തിപത്രവും സ്വീകരിച്ചിരുന്നു.
കോവിഡ് മൂലമുള്ള ലോക്ഡൗൺ കാലത്ത് കൂടുതൽ വായിക്കാൻ സമയം ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം സ്കൂൾ പൂർണമായും അടച്ചപ്പോൾ സ്കൂൾ ലൈബ്രറിയിലെ ബ്രെയിൽ പുസ്തകങ്ങൾ ശേഖരിച്ച് വീട്ടിലിരുന്ന് നിരന്തരം വായിക്കുമായിരുന്നു. ബ്രെയിൽ ലിപിയിലുള്ള പുസ്തകങ്ങളുടെ ലഭ്യതക്കുറവ് മറികടന്നത് ഓഡിയോ രൂപത്തിലുള്ള പുസ്തകങ്ങളിലൂടെയാണ്.
ഓഡിയോ രൂപത്തിൽ ലഭ്യമായ മാക്സിം ഗോർക്കിയുടെ വിഖ്യാത നോവൽ അമ്മ, ആൻ ഫ്രാങ്കിെൻറ ഡയറിക്കുറിപ്പുകൾ, ടോട്ടോച്ചാൻ, ബഷീർ കൃതികൾ തുടങ്ങി 50 ഓളം പുസ്തകങ്ങൾ അശ്വനി ശ്രവിച്ചു. ചില പുസ്തകാസ്വാദന കുറിപ്പുകളുടെ അവതരണം സ്കൂൾ യൂടൂബ് ചാനലിൽ ലഭ്യമാണ്.
മട്ടാഞ്ചേരി സ്വദേശികളായ നാരായണ കിണിയുടെയും ഹേമലതയുടെയും രണ്ട് മക്കളിൽ ഇളയവളാണ് അശ്വനി. നിലവിൽ ഭിന്നശേഷിക്കാരായ കുട്ടികൾ സ്ക്രൈബ് സംവിധാനത്തിലാണ് പൊതു പരീക്ഷകൾ എഴുതുന്നത്.
എന്നാൽ, പത്താം ക്ലാസ് പരീക്ഷ സ്വന്തമായി കമ്പ്യൂട്ടർ ഉപയോഗിച്ച് എഴുതാനും സിവിൽ സർവിസ് പരീക്ഷക്ക് തയാറെടുക്കാനുമുള്ള ശ്രമത്തിലാണ്. ശാസ്ത്ര വിഷയങ്ങളോടൊപ്പം പരീക്ഷണങ്ങൾ ചെയ്യാനുള്ള ലബോറട്ടറി സൗകര്യങ്ങളും ഹൈസ്കൂൾ തലം മുതൽ കാഴ്ച പരിമിതർക്ക് സുഗമമായി ഉപയോഗിക്കുവാനുള്ള സാഹചര്യം ഉറപ്പു വരുത്തണമെന്നാണ് അശ്വനിക്ക് അധികാരികളോട് പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.