ആലുവ: സീപോർട്ട് - എയർപോർട്ട് റോഡ് നിർമ്മാണത്തിനുള്ള തുക അനുവദിക്കുന്നതിന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ കിഫ്ബിക്ക് കത്തു നൽകി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം, നിർമ്മാണ ചിലവുകൾ എന്നിവക്കാവശ്യമായ പണം ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ എല്ലാമാസവും നടന്നുവരുന്ന അവലോകന യോഗത്തിലെ തീരുമാന പ്രകാരമാണ് കത്ത് നൽകിയത്.
സ്ഥലം ഏറ്റെടുക്കുന്നതിനും വീടുകളും കടകളുമടങ്ങുന്ന കെട്ടിടങ്ങളും പൊളിച്ചുമാറ്റുന്നതിന് നൽകേണ്ട നഷ്ടപരിഹാര തുക നിശ്ചയിച്ച് റവന്യൂ വകുപ്പ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് കത്തു നൽകണമെന്നും കോർപറേഷൻ നഷ്ടപരിഹാര തുകയും നിർമ്മാണചിലവും അടക്കമുള്ള തുകക്കായി കിഫ്ബിക്ക് കത്ത് നൽകണമെന്നും ജനുവരി 23 ന് കൂടിയ അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു.
റോഡിനായി 76 ഏക്കർ 10 സെൻറാണ് ഏറ്റെടുക്കേണ്ടത്. ഏറ്റെടുക്കേണ്ട ഭൂമിയിൽ 28 വീടുകളും ആറ് വ്യാപാര സ്ഥാപനങ്ങളുമടക്കം മൊത്തം 34 കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റേണ്ടത്. നഷ്ടപരിഹാരമായി 619. 15 കോടിയാണ് ആവശ്യമായത്. റോഡിന്റെ നിർമ്മാണത്തിനായി 102.88 കോടിയും വേണം. അങ്ങനെ പദ്ധതി നിർവഹണത്തിനായി മൊത്തം 722 .04 കോടിയാണ് ആവശ്യം.
ജനുവരി 23 ലെ യോഗതീരുമാനമനുസരിച്ച് 76 ഏക്കർ 10 സെൻറ് ഏറ്റെടുക്കുന്നതിനും 34 കെട്ടിടങ്ങൾ പൊളിക്കുന്നതിനുമാവശ്യമായ നഷ്ടപരിഹാര തുക നിശ്ചയിച്ച് റോഡ്സ് ആൻറ് ബ്രിഡ്ജസ് കോർപറേഷന് റവന്യൂ വകുപ്പ് കത്തു നൽകിയിട്ടുണ്ട്. ഇതുപ്രകാരമാണ് കിഫ്ബിക്ക് കത്ത് നൽകിയതെന്ന് എം.എൽ.എ പറഞ്ഞു.
കിഫ്ബിയിൽ നിന്നു തുക അനുവദിച്ചു കഴിഞ്ഞാൽ 19 (1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്ന നടപടികളെടുക്കും. 19 (1 ) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ റവന്യൂ വകുപ്പ് ( എൽ.എ ) ഓരോ സ്ഥലമുടമകളിൽ നിന്നും ഏറ്റെടുക്കേണ്ട ഭൂമിയുടെ മഹസ്സർ തയാറാക്കി അതിന്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ വിലനിശ്ചയിക്കുന്ന ഡ്രാഫ്റ്റ് വാല്യൂ സ്റ്റേറ്റ്മെൻറ് ഉണ്ടാക്കി കലക്ടറുടെ അംഗീകാരത്തിനായി നൽകും.
കലക്ടർ ഇതംഗീകരിച്ചാൽ എല്ലാ സ്ഥലമുടമകൾക്കും തങ്ങളുടെ രേഖകൾ ഹാജരാക്കുന്നതിന് 30 ദിവസത്തെ നോട്ടീസ് നൽകും. ഇങ്ങനെ ഹാജരാക്കുന്ന സ്ഥലത്തിന്റെ രേഖകൾ പരിശോധിച്ച് നഷ്ടപരിഹാരം നൽകേണ്ട തുകയുടെ ഡ്രാഫ്റ്റ് അവാർഡ് നിശ്ചയിച്ച് കലക്ടർക്ക് സമർപ്പിക്കും.
കലക്ടർ ഡ്രാഫ്റ്റ് അവാർഡ് പരിശോധിച്ച് അംഗീകാരം നൽകി കഴിഞ്ഞാൽ, നഷ്ടപരിഹാരതുക സ്ഥലമുടമകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.