ആലുവ: അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതി അസ്ഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയപ്പോൾ റൂറൽ ജില്ല പൊലീസിന് സംതൃപ്തിയുടെ നിമിഷം. ജൂലൈ 28നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ബിഹാറി സ്വദേശിയായ അസ്ഫാഖ് ആലം പെൺകുട്ടിയെ മാർക്കറ്റിലെത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഊർജിത അന്വേഷണത്തിൽ രാത്രിതന്നെ പ്രതിയെ പിടികൂടി.
ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ ദ്രുതഗതിയിൽ അന്വേഷണം നടത്തി 33 ദിവസം കൊണ്ട് 645 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. സാഹചര്യ തെളിവുകളുടെയും സയൻറിഫിക്, സൈബർ ഫോറൻസിക് തെളിവുകളുടെയും ഡോക്ടർമാരുടെ റിപ്പോർട്ടിന്റെയും മെഡിക്കൽ രേഖകളുടെയും അടിസ്ഥാനത്തിൽ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചത്. ഇതിലെ 43 സാക്ഷികളെ വിസ്തരിച്ചു. 95ൽപരം രേഖകൾ, ചെരിപ്പ്, വസ്ത്രം ഉൾെപ്പടെ 10 മെറ്റീരിയൽ ഒബ്ജക്ട്സും നിർണായക ഡോക്യുമെൻറുകളും കുറ്റപത്രത്തിലുണ്ടായിരുന്നു. പ്രത്യേക അന്വേഷണസംഘം ബിഹാറിലും ഡൽഹിയിലും പശ്ചിമ ബംഗാളിലും പോയി പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതും കുറ്റപത്രത്തിലുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന വിധത്തിലാണ് കുറ്റപത്രം അന്വേഷണസംഘം തയാറാക്കിയത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, കുട്ടിക്ക് മദ്യം നൽകൽ തുടങ്ങി 16 വിവിധ കുറ്റങ്ങളാണ് ഇതിലുണ്ടായിരുന്നത്.
ഇത് മുഴുവൻ കോടതി അംഗീകരിച്ചു. പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് കണ്ട സാക്ഷികൾ, സി.സി.ടി.വി ദൃശ്യങ്ങൾ, കുട്ടിയുടെ വസ്ത്രത്തിൽനിന്നും ശരീരത്തിൽനിന്നും ലഭിച്ച പ്രതിയുടെ ഡി.എൻ.എ, സംഭവസ്ഥലത്തുനിന്ന് ലഭിച്ച വസ്ത്രം എന്നിവ നിർണായക തെളിവുകളായി. എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി എ.പ്രസാദ്, ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ് എന്നിവരുൾപ്പെട്ട മുപ്പതോളം ഉദ്യോഗസ്ഥരാണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. മോഹൻരാജാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ. സംഭവം ഓർമപ്പെടുത്തിയുള്ള കൗണ്ടിങ് ബോർഡും ജില്ല പൊലീസ് ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്.
ആലുവ: അഞ്ചുവയസ്സുകാരിയുടെ ക്രൂരമായി പീഡിപ്പിച്ച് കൊന്ന പ്രതിക്ക് തൂക്കുകയർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആലുവ. പ്രതി അസ്ഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിൽ ആലുവ നിവാസികൾ സംതൃപ്തരാണ്. ശനിയാഴ്ച ശിക്ഷ പ്രഖ്യാപിക്കാത്തതിൽ പലരും നിരാശരായി. ജനങ്ങളുടെ രോഷം ഇന്നും മാറിയിട്ടില്ല. കുട്ടിയെ കാണാതായതുമുതൽ നാട് ഒന്നടങ്കം കണ്ടെത്താൻ രംഗത്തുണ്ടായിരുന്നു. അവരുടെ പ്രാർഥനകൾ വിഫലമാക്കി മൃതദേഹം കണ്ടെത്തിയതുമുതൽ ജനങ്ങളുടെ രോഷവും ഉയർന്നിരുന്നു.
കുട്ടിയുടെ മൃതദേഹം ആലുവ മാർക്കറ്റിൽ കണ്ടെത്തിയെന്ന വാർത്ത അറിഞ്ഞതോടെ ജനം ഒഴുകുകയായിരുന്നു. പൊലീസ് വലയങ്ങൾ ഭേദിച്ചും ജനങ്ങൾ മാർക്കറ്റിലും സമീപത്തെ അക്വഡക്ട് പാലത്തിലും തമ്പടിച്ചിരുന്നു. പ്രതിയോടുള്ള രോഷം അവർ പുറത്തുകാട്ടി. അവനെപ്പോലുള്ളവർ ജീവിക്കാൻ പാടില്ല, അതിനാൽ അവനെ ഞങ്ങൾക്ക് വിട്ടുതരണമെന്നാണ് പലരും പറഞ്ഞത്. അസ്ഫാഖിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോളാണ് നാട്ടുകാരുടെ നിയന്ത്രണം വിട്ടുപോയത്.
ജനരോഷം ശക്തമായതോടെ പൊലീസും കുഴഞ്ഞു. പ്രതിക്കുനേരെ ആക്രമണമുണ്ടാകുമെന്ന ആശങ്ക അവർക്കുമുണ്ടായി. തുടർന്ന് തെളിവെടുപ്പ് പൂർണമായി നടത്താനാകാതെ പ്രതിയെ പൊലീസ് തിരികെ കൊണ്ടുപോകുകയായിരുന്നു. ആലുവ മാർക്കറ്റിലെ മാലിന്യ കൂമ്പാരത്തിനടുത്ത് മൃതദേഹം കണ്ടെത്തിയ ദിവസംതന്നെ ഇവിടെ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പിന് ശ്രമിച്ചിരുന്നു.
എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. ശ്രീനിവാസൻ, റൂറൽ എസ്.പി വിവേക് കുമാർ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. ഇത്തരം പ്രതികൾ ജയിലുകളിൽ സുഖിക്കുകയാണെന്ന ആരോപണം ഉന്നയിച്ച് പലരും പൊലീസിനെയും കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. പഴുതടച്ച അന്വേഷണം മൂലം പ്രതിക്കെതിരെ ചാർത്തിയ കുറ്റങ്ങളെല്ലാം കോടതി ശരിവെക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ അന്വേഷണ സംഘത്തിന്റെ ആത്മാർഥതയെ നാട്ടുകാർ അഭിനന്ദിക്കുന്നുണ്ട്.
ആലുവ: ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകക്കേസ് അന്വേഷിച്ച സംഘം: ജില്ല പൊലീസ് മേധാവി വിവേക് കുമാർ, ഡിവൈ.എസ്.പി എ. പ്രസാദ്, ഇൻസ്പെക്ടർമാരായ എം.എം. മഞ്ജുദാസ്, ബേസിൽ തോമസ്, എസ്.ഐമാരായ എസ്.എസ്. ശ്രീലാൽ, പി.ടി. ലിജിമോൾ, എം. അനീഷ്, ടി.വിപിൻ, എസ്. ശിവപ്രസാദ്, പ്രസാദ്, സന്തോഷ്, ജി.എസ്. അരുൺ ,രാജീവ്, ബഷീർ, നൗഷാദ് , ഇബ്രാഹീംകുട്ടി എ.എസ്.ഐമാരായ എൻ.കെ. ബിജു ,എം.എ. ബിജു ,ബോബി കുര്യാക്കോസ്, വി.ആർ. സുരേഷ്, എസ്.സി.പി.ഒമാരായ റോണി അഗസ്റ്റിൻ, പി.ജെ. സ്വപ്ന, സിന്ധു ,ഷിജ ജോർജ് ,കെ.ബി. സജീവ്, നൗഫൽ, സി.പി.ഒമാരായ അഫ്സൽ ,മാഹിൻ ഷാ അബൂബക്കർ ,കെ.എം. മനോജ്, മുഹമ്മദ് അമീർ, കെ.ആർ. രാഹുൽ.
ആലുവ: അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലചെയ്ത പ്രതി കുറ്റക്കാരനാണെന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അൻവർ സാദത്ത് എം.എൽ.എ പ്രസ്താവനയിൽ പറഞ്ഞു.
കേസ് അന്വേഷണം 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച റൂറൽ എസ്.പി വിവേക് കുമാറിനെയും മറ്റു പൊലീസ് ഉദ്യോഗസ്ഥരെയും കോടതിയിൽ ഈ കേസ് അർഹിക്കുന്ന പ്രാധാന്യത്തോടെ വാദിച്ച് പ്രതി കുറ്റക്കാരനാണെന്ന് തെളിയിച്ച സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻ രാജിനെയും എം.എൽ.എ അനുമോദിച്ചു. പ്രതിയായ അസ്ഫാഖ് ആലത്തിന് പരമാവധി ശിക്ഷയായ വധശിക്ഷതന്നെ ലഭിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും എം.എൽ.എ പറഞ്ഞു. വിധി വന്നയുടൻ മാതാപിതാക്കളെ എം.എൽ.എ സന്ദർശിച്ചു. ചൂർണിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, തായിക്കാട്ടുകര സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ. ജമാൽ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മുഹമ്മദ് ഷെഫീക്, അംഗം ലൈല അബ്ദുൽ ഖാദർ, പൊതുപ്രവർത്തകൻ നസീർ ചൂർണിക്കര എന്നിവരും എം.എൽ.എയുടെ കൂടെയുണ്ടായി.
ആലുവ: അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലമിന് വധശിക്ഷ കിട്ടണമെന്ന പ്രാർഥനയോടെ ആലുവ ക്ലീൻ സിറ്റി കാമ്പയിൻ. എറണാകുളം പോക്സോ കോടതിയുടെ ഉത്തരവ് വരുന്നതിനാൽ ശനിയാഴ്ച കൂട്ടായ്മയിലെ അംഗങ്ങൾ കോടതിയിൽ പോയിരുന്നു. സമാനതകൾ ഇല്ലാത്ത, അപൂർവങ്ങളിൽ അപൂർവമായ കേസിൽ കൊലയാളിയെ കുറ്റക്കാരനെന്ന് കോടതി വിധിച്ചതിൽ സംഘം ആഹ്ലാദം പ്രകടിപ്പിച്ചു. കേസ് നല്ലരീതിയിൽ വാദിച്ച പബ്ലിക് പ്രോസിക്യൂട്ടറെ നേരിൽ കണ്ട് അഭിനന്ദിച്ചു. കുട്ടിയുടെ കൊലപാതകത്തെ തുടർന്ന് കുറ്റവാളികളെ ആലുവയിൽനിന്ന് തുരത്താൻ രൂപവത്കരിച്ചതാണ് ആലുവയിലെ ഒരുകൂട്ടം മാതാപിതാക്കളുടെ ഈ കൂട്ടായ്മ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.