ആലുവ: ഒരിക്കൽകൂടി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം കടന്നുവരുമ്പോൾ അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമകളിലാണ് യു.സി കോളജ്. ചരിത്രത്തിലെ മറക്കാനാകാത്ത ദിനമായി മാറിയ ഗാന്ധിജിയുടെ കോളജ് സന്ദർശനത്തിന്റെ സ്നേഹസ്മരണകൾ ഇന്നും ഇവിടെ നിറഞ്ഞുനിൽക്കുന്നുണ്ട്.
1925 മാർച്ച് 18നാണ് മഹാത്മാഗാന്ധി യു.സി കോളജിലെത്തിയത്. സന്ദർശന ഓർമക്കായി മാവ് നടുകയും ചെയ്തിരുന്നു. ഇന്നും ഈ മാവ് കോളജ് മുറ്റത്ത് തലയുയർത്തി നിൽക്കുന്നു. ബ്രിട്ടീഷുകാർക്കെതിരെ രാജ്യത്തെമ്പാടും ദേശീയ പ്രക്ഷോഭമുയരുന്ന സമയത്തായിരുന്നു സന്ദർശനം. വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച് കേരളത്തിലെത്തിയപ്പോൾ വിദ്യാർഥികളുടെ അഭ്യർഥനമാനിച്ചാണ് ഗാന്ധിജി കോളജിലെത്തിയത്.
മഹാത്മഗാന്ധി യു.സി കോളജിൽ നടത്തിയ പ്രസംഗം കെ. രാമചന്ദ്രൻ നായർ പരിഭാഷപ്പെടുത്തിയത് ഇങ്ങനെ;
‘ഈ കോളജ് സന്ദർശിക്കാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പട്ടണങ്ങളിലെ ബഹളങ്ങളിൽനിന്നും, ആൾത്തിരക്കിൽനിന്നും വിദൂരമായ ഈ ഒഴിഞ്ഞ കോണിൽ ഈ കലാശാല സ്ഥാപിക്കുന്നതിന് ഭാരവാഹികളെ പ്രേരിപ്പിച്ച മനോവൃത്തിയെ ഞാൻ അഭിനന്ദിക്കുന്നു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ സന്ദർശനം ഈ കോളജിലെ വിദ്യാർഥികൾക്ക് കവിതയിലുള്ള താൽപര്യം വർധിപ്പിച്ചുകാണുമെന്നാണ് വിചാരിക്കുന്നത്. ജീവിതത്തിലെ കവിതയിരിക്കുന്നത് അധ്വാനത്തിലാണ്’. തുടർന്ന് കോളജിലെ സന്ദർശന ഡയറിയിൽ ‘ഡിലൈറ്റ് വിത്ത് ഐഡിയൽ സിറ്റുവേഷൻ’ എന്ന് രേഖപ്പെടുത്തി വിദ്യാർഥികൾക്ക് പ്രചോദനമേകാനും അദ്ദേഹത്തിന് സാധിച്ചു. ഇത് വിദ്യാർഥികളെ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചിരുന്നു.
സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് വളക്കൂറുള്ള മണ്ണായിരുന്നു യു.സി കോളജ്. മഹാത്മാഗാന്ധിയുടെ കോളജ് സന്ദർശനമാണ് ഇതിന് കൂടുതൽ പ്രചോദനമായത്. 1921 ജൂൺ എട്ടിനാണ് കോളജ് സ്ഥാപിച്ചത്. ഇതിനായി 17 ഏക്കർ ഭൂമിയും തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഹജൂർ കച്ചേരിയും രാജാവ് സംഭാവനയായി നൽകുകയായിരുന്നു. സ്വാതന്ത്ര്യ സമര കാലത്ത് തിരുവിതാംകൂറില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങൾക്കും കോളജ് വേദിയായിട്ടുണ്ട്. നിരവധി സമരങ്ങളില്‍ കോളജ് വിദ്യാര്‍ഥികള്‍ പങ്കാളികളായി.
വിദ്യാര്‍ഥികളെ നിയന്ത്രിക്കണമെന്നും അല്ലെങ്കില്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്നും സി.പി. രാമസ്വാമി അയ്യര്‍ കോളജ് അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍, വിദ്യാര്‍ഥികളെ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കറിയാമെന്നായിരുന്നു അന്നത്തെ അധ്യാപകരുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.