ആലുവ: അധികൃതരുടെ അനാസ്ഥ വ്യാപക കൃഷിനാശത്തിന് ഇടയാക്കി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ തുമ്പിച്ചാൽ, വട്ടച്ചാൽ പാടശേഖരങ്ങൾ മുങ്ങിയതിനെ തുടർന്നാണ് കൃഷിനാശമുണ്ടായത്. അധികൃതർ അനാസ്ഥ കാണിച്ചതാണ് വിശാലമായ പാടശേഖരങ്ങളിൽ വലിയ തോതിൽ വെള്ളക്കെട്ടുണ്ടാകാൻ ഇടയാക്കിയതെന്ന് കർഷകരും നാട്ടുകാരും ആരോപിക്കുന്നു.
തുമ്പിച്ചാൽ വട്ടച്ചാൽ പാടശേഖരങ്ങളിലെ വലിയ തോതിലുള്ള നെൽകൃഷിയാണ് വെള്ളത്തിലായത്. നിരവധി കർഷകരാണ് ഈ പാടശേഖരങ്ങളിൽ കൃഷി ചെയ്തിരുന്നത്. പലരും ഞാറ് നട്ടിട്ട് അധിക നാൾ ആയിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാം നശിച്ച അവസ്ഥയിലാണ്. നിലക്കാതെ മഴ പെയ്യുകയും വെള്ളക്കെട്ട് തുടരുകയും ചെയ്തതാണ് കൃഷി നാശത്തിനിടയാക്കിയത്.
മുൻ കാലങ്ങളിൽ മഴ പെയ്താൽ ഈ പാടശേഖരങ്ങൾ പെട്ടെന്ന് മുങ്ങാറുണ്ടായിരുന്നില്ല. പെരിയാർ നിറഞ്ഞാൽ മാത്രമേ, തോടുകളിലൂടെ പെരിയാറിൽ നിന്ന് വെള്ളം വന്ന് വലിയ രീതിയിൽ ഈ പാടശേഖരങ്ങൾ മുങ്ങാറുണ്ടായിരുന്നുള്ളു. തുമ്പിച്ചാലിൽ നിന്നും വാരിക്കാട്ട് കുടി, ഇരുമ്പായി, പൊങ്ങംവേലി തുടങ്ങിയിടങ്ങളിൽ കൂടി പെരിയാറിലേക്ക് പോകുന്ന തുമ്പിച്ചാൽ - ചാലയ്ക്കൽ തോട് നശിച്ചു കിടക്കുകയാണ്. ഇത് നന്നാക്കാത്തതിനാൽ പെയ്ത്ത് വെള്ളം ഒഴുകിപ്പോകാതെ പാടത്ത് തന്നെ കെട്ടികിടക്കുകയായിരുന്നു. ഇതാണ് തുമ്പിച്ചാൽ, വട്ടച്ചാൽ പാടശേഖരങ്ങൾ വെള്ളത്തിലാകുന്നതിന് ഇടയാക്കിയതെന്ന് കർഷകർ പറയുന്നു.
തുമ്പിച്ചാലിൽ നിന്നും ചാലയ്ക്കൽ വരെയുള്ള തോടിൻറെ പല ഭാഗങ്ങളിലും മണ്ണും, കെട്ടും,ഇടിഞ്ഞ് തോട്ടിലേക്ക് വീണിരിക്കുകയാണ്. ഇതുമൂലം വെള്ളം ശരിയായി ഒഴുകി പോകുന്നതിന് തടസമുണ്ട്. ഇതു കൊണ്ടാണ് പാടശേഖരങ്ങളിൽ പെട്ടെന്ന് വെള്ളം കയറുന്നതെന്ന് കർഷകർ പറയുന്നത്. എല്ലാ വർഷവും തൊഴിലുറപ്പ് തൊഴിലാളികളകൊണ്ട് ഈ തോട്ടിലെ പുല്ലും കാടും വെട്ടി നന്നാക്കാറുണ്ട്. എന്നാൽ, നല്ല താഴ്ചയുള്ള തോടിൽ മണ്ണും, കല്ലും മാറ്റിയള്ള ഒരു പ്രവൃത്തിയും ഇതുവരെ നടത്തിയിട്ടില്ല. ഈ തോട്ടിലെ തടസ്സങ്ങൾ നീക്കിയാൽ മാത്രമേ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിക്കുകയുള്ളു. വെള്ളക്കെട്ട് മൂലം സമീപത്തെ കർഷകരുടെ ഏക്കർ കണക്കിന് വാഴയും, കപ്പയുമാണ് കഴിഞ്ഞ കുറെ വർഷങ്ങളായി നശിച്ച് കൊണ്ടിരിക്കുന്നത്.
ഈ തോട് നന്നാക്കണമെന്നാവശ്യപ്പെട്ട് കീഴ്മാട് പഞ്ചായത്ത്, വാഴക്കുളം ബ്ലോക്ക്, ജില്ല പഞ്ചായത്ത്, എം.പി, എം.എൽ.എ എന്നിവർക്ക് പരാതി നൽകിയിരുന്നതായി കർഷകരായ രവീന്ദ്രൻ , സുരേന്ദ്രൻ എന്നിവർ പറഞ്ഞു. തോട് നന്നാക്കുന്നതിന് ആവശ്യമായ ഫണ്ട് ഇല്ലെന്നാണ് അധികൃതർ പറയുന്നത്. ഒരാഴ്ച മുമ്പ് ഈ വിഷയവുമായി ബന്ധപ്പെട്ട് പാടശേഖരങ്ങൾ സ്ഥിതി ചെയ്യുന്ന കീഴ്മാട് പഞ്ചായത്തിലെ ആറ്, ഏഴ് വാർഡ് മെമ്പർമാർ പങ്കെടുത്ത കർഷകരുടെ ഒരു യോഗം വിളിച്ചിരുന്നു. ഇതിൽ, ഈ വിഷയം പരിഹരിക്കുന്നതിന് ശ്രമം നടത്തുമെന്നാണ് ഇരു വാർഡിലെയും മെമ്പർമാർ പറഞ്ഞത്.
ഏക്കറ് കണക്കിനുള്ള തുമ്പിച്ചാൽ - വട്ടച്ചാൽ പാടശേഖരത്തിൽ കൃഷി ഇറക്കാൻ സൂര്യ സ്വയം സഹായ സംഘത്തിൻറെ നേതൃത്വത്തിൽ നിരവധി യുവാക്കൾ തയ്യാറായി വന്നിട്ടുണ്ട്. എന്നാൽ, പെട്ടെന്ന് വെള്ളം കയറുന്നതു മൂലം കൃഷി ഇറക്കാൻ അമാന്തിച്ച് നിൽക്കുകയണ് യുവാക്കളുടെ സ്വയം സഹായ സംഘം. തോട് നന്നാക്കിയാൽ തുമ്പിച്ചാൽ, വട്ടച്ചാൽ പാടശേഖരങ്ങളിൽ കൃഷി ആരംഭിക്കുമെന്നാണ് യുവ കർഷകർ പറയുന്നത്. മിക്കയിടങ്ങളിലും നെൽകൃഷി നശിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൃഷി ഇറക്കാൻ യുവാക്കൾ അടക്കം നിരവധി കർഷകർ മുന്നോട്ട് വരുന്ന സാഹചര്യത്തിൽ കൃഷിക്കാവശ്യമായ തോട് നവീകരണം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാവണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.