ആലുവ: ജനസേവ ശിശുഭവൻറെ സംരക്ഷണയില്‍ വളര്‍ന്ന് നഴ്‌സായ രൂപമോളും വിവാഹിതയാകുന്നു. ചേര്‍ത്തല കുന്നംകുഴിവീട്ടില്‍ അനില്‍കുമാര്‍- രുഗ്മിണി ദമ്പതികളുടെ ഇളയമകന്‍ അജിത്ത് ആണ് വരന്‍. ലേക്‌ഷോര്‍ ആശുപത്രി ജീവനക്കാരനാണ്. സെപ്‌തംബര്‍ ഒന്നിന് ചേര്‍ത്തല മൂര്‍ത്തികള്‍ ക്ഷേത്രത്തില്‍വച്ചാണ് താലികെട്ട്.
ജനസേവ ശിശുഭവനില്‍നിന്ന് പഠിച്ചിറങ്ങി നഴ്‌സിങ് രംഗത്തേയ്ക്ക് പ്രവേശിച്ച രണ്ടാമത്തെയാളാണ് രൂപ. രണ്ടുവര്‍ഷമായി ലേക്‌ഷോര്‍ ആശുപത്രിയില്‍ സ്‌റ്റാഫ് നേഴ്‌സാണ്. ജനസേവ ശിശുഭവന്‍ സ്‌ഥാപകന്‍ ജോസ് മാവേലിയുടെയും പ്രസിഡൻറ് അഡ്വ. ചാര്‍ളിപോളിൻറെയും മറ്റും സാന്നിദ്ധ്യത്തില്‍ ശിശുഭവനില്‍വച്ചാണ് അജിത്ത് രൂപയ്ക്ക് പുടവ നൽകി വിവാഹവാഗ്ദാന ചടങ്ങ് നടത്തിയത്.
2008ലാണ് ബംഗളൂരു സ്വദേശിയായ രൂപയെയും സഹോദരിമാരായ ധനലക്ഷ്മിയെയും ദിവ്യയെയും സംരക്ഷണത്തിനായി ജനസേവ ശിശുഭവന്‍ ഏറ്റെടുത്തത്. അടിസ്‌ഥാന വിദ്യാഭ്യാസംപോലും ഇല്ലാതിരുന്ന കുട്ടികള്‍ക്ക് ജനസേവയില്‍നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്.
രൂപ പിന്നീട് കരുമാലൂര്‍ ലിറ്റില്‍ തെരേസാസ് സ്‌കൂളിലും ആലുവ ഹോളിഗോസ്‌റ്റ് എച്ച്.എസ്.എസിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആതുര ശുശ്രൂഷാമേഖലയിലേക്ക് തിരിയണമെന്ന രൂപയുടെ വലിയ ആഗ്രഹമുള്‍ക്കൊണ്ട ജനസേവ, 2015ല്‍ എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ് ഹോസ്പിറ്റലിലെ നേഴ്‌സിങ് സ്‌കൂളില്‍ പ്രവേശിപ്പിച്ചു. പഠനം പൂര്‍ത്തിയാക്കിയ രൂപയെ ആദ്യം ഡല്‍ഹി മേദാന്ത മെഡിസിറ്റിയിലും പിന്നീട് ലേക്‌ഷോര്‍ ആശുപത്രിയിലും ജോലിനേടാനും ജനസേവ സഹായിച്ചു.
ജോസ് മാവേലിയുടെ നേതൃത്വത്തില്‍ 1998 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ജനസേവയ്ക്ക് നിരവധി കുട്ടികളെ തെരുവിലെ ക്രൂരയാതനകളില്‍നിന്ന് രക്ഷിച്ച് സമൂഹത്തിൻറെ മുഖ്യധാരയിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സംരക്ഷിക്കപ്പെട്ട നിരവധി യുവതീ-യുവാക്കള്‍ ഇന്ന് ബാങ്കുകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, തുണിക്കടകള്‍, നാട്ടിലും വിദേശത്തുമുള്ള വ്യവസായ സ്‌ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലായി ജോലിചെയ്ത് സന്തോഷകരമായി ജീവിക്കുന്നു. കുടുംബജീവിതത്തിലേക്ക് ജനസേവ കൈപിടിച്ചുയര്‍ത്തുന്ന പതിനഞ്ചാമത്തെ പെണ്‍കുട്ടിയാണ് രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.